മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ; ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം
മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ; ഷോട്ട് പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങിന് സ്വര്‍ണം
ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് തൂര്‍ ആണ് ഇന്ത്യന്‍ മെഡല്‍പട്ടികയിലേക്ക് ഒരു സ്വര്‍ണംകൂടി സമ്മാനിച്ചത്. നേരത്തെ അത്‌ലറ്റിക്‌സില്‍ പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാശ് സാബ്ലെ റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും തജീന്ദര്‍പാല്‍ തൂറിനായിരുന്നു ഷോട്ട്പുട്ട് സ്വര്‍ണം. പര്‍ദുമാന്‍ സിങ് ബ്രാര്‍, ജോഗിന്ദര്‍ സിങ്, ബഹാദുര്‍ സിങ് ചൗഹാന്‍ എന്നിവര്‍ക്കുശേഷം ഏഷ്യന്‍ ഗെയിംസ് മെഡല്‍ നിലനിര്‍ത്തുന്ന നാലാമത്തെ ഇന്ത്യന്‍ ഷോട്ട്പുട്ടറായിരിക്കുകയാണു താരം.
ആദ്യത്തെ ഏറില്‍ 20 മീറ്റര്‍ കടന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. രണ്ടാമത്തെ ശ്രമം വിഫലമായി. മൂന്നാമത്തെ ശ്രമത്തില്‍ 19.51 മീറ്റര്‍ കുറിച്ചു. ഒടുവില്‍ നാലാമത്തെ ഏറില്‍ 20.06 മീറ്റര്‍ കുറിച്ചാണ് സ്വര്‍ണമണിഞ്ഞത്.
എട്ട് മിനിറ്റും 19 സെക്കന്‍ഡും എടുത്താണ് നേരത്തെ അവിനാശ് സ്റ്റീപ്പിള്‍ചേസ് ഫിനിഷ് ചെയ്തത്. ഏഷ്യന്‍ ഗെയിംസില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് വിഭാഗത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് താരം. മറ്റു താരങ്ങളെ ബഹുദൂരം പിന്നിലാക്കി 25 മീറ്ററോളം വ്യത്യാസത്തിലാണ് അവിനാശ് സ്വര്‍ണ മെഡല്‍ നേട്ടത്തിലേക്ക് ഓടിക്കയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."