'സൈനികനാണെന്ന് പറഞ്ഞപ്പോള്‍ നേരിടേണ്ടി വന്നത് ക്രൂരമായ മര്‍ദ്ദനം, ചത്തു പോയാല്‍ സല്യൂട്ട് തന്ന് ഒതുക്കുമെന്ന് പറഞ്ഞു' കിളികൊല്ലൂര്‍ മര്‍ദ്ദനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സൈനികനാണെന്ന് പറഞ്ഞപ്പോള്‍ വിഷ്ണുവിന് നേരിടേണ്ടി വന്നത് ക്രൂരമര്‍ദ്ദനമാണെന്ന് വിഘ്‌നേഷ് പറഞ്ഞു. ചത്ത് പോയാല്‍ സല്യൂട്ട് തന്ന് ഒതുക്കുമെന്നായിരുന്നു സിഐയുടെ പ്രതികരണമെന്നും വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു.
'സ്റ്റേഷനിലെ ജിഡി ചാര്‍ജുള്ള ദിലീപ് എന്ന ഉദ്യോഗസ്ഥന്‍ തലയില്‍ അടിച്ചപ്പോള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നും ഇവിടെ വരാറുള്ളതാണെന്നും പറഞ്ഞു. ഡിവൈഎഫ്‌ഐക്കാരനാണെങ്കില്‍ കൊമ്പുണ്ടോ എന്നും പിണറായി വിജയന്റെ അടുത്ത ആളാണെന്നുമൊക്കെ പരിഹസിച്ചായിരുന്നു പിന്നീട് അടി' വിഘ്‌നേഷ് പറഞ്ഞു.
'നീയൊക്കെ ചത്തുപോയാല്‍ ഒരു സല്യൂട്ട് തന്ന് ഒതുക്കുമെന്നാണ് ചേട്ടനോട് പറഞ്ഞത്. കാഞ്ചി വലിക്കാന്‍ വിരല്‍ കാണില്ല എന്ന് പറഞ്ഞ് ചൂണ്ടുവിരലില്‍ തന്നെയായിരുന്നു ലാത്തി കൊണ്ട് എസ്.ഐ അനീഷിന്റെ അടി. പൊലിസുകാരെ നിനക്കറിയില്ലെന്നും പട്ടാളക്കാര്‍ക്ക് നാട്ടില്‍ പുല്ല് വിലയാണെന്നുമായിരുന്നു പരിഹാസം'. വിഘ്‌നേഷ് പറയുന്നു.
സംഭവത്തില്‍ പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കൊല്ലം കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് എസ്എച്ച്ഒ അനീഷിനെ അടക്കം നാല് പൊലിസുകാരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ പൊലിസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
അതേസമയം സൈനികരെ അറസ്റ്റ് ചെയ്താല്‍ പൊലിസ് ആര്‍മിയെ വിവരമറിയിക്കണം എന്ന നിയമം പാലിച്ചില്ല എന്ന ആരോപണം കേസില്‍ ശക്തമാണ്. അറസ്റ്റ് ചെയ്ത സ്റ്റേഷന് അടുത്ത റെജിമെന്റില്‍ അറിയിക്കണമെന്നാണ് നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."