HOME
DETAILS

ഗവർണർ - സർക്കാർ പോര് തുടർക്കഥ

  
backup
October 21 2022 | 03:10 AM

governor-vs


'നമ്മുടെ രാഷ്ട്രപതിഭവനും രാജ്ഭവനുകളും ഇന്ത്യയിലെ ബക്കിംഹാം കൊട്ടാര തുല്യമായ അധികാര കേന്ദ്രങ്ങളാണോ? അല്ലെങ്കിൽ അമേരിക്കൻ പ്രസിഡന്റിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസാണോ? അല്ലെങ്കിൽ അതിനു രണ്ടിനുമിടയിലെ മറ്റൊരു സമദൂര അധികാര കേന്ദ്രങ്ങളാണോ?' - രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും അധികാരങ്ങളെ സംബന്ധിച്ചുള്ള സുപ്രിംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഷംസീർ സിങ് കേസിലെ ഭൂരിപക്ഷ വിധിയെ ശരിവച്ചുകൊണ്ട് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ ഉന്നയിച്ച നിരീക്ഷണങ്ങളാണിത്. വ്യത്യസ്ത പാർട്ടികൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിച്ച കാലങ്ങളിലെല്ലാം ഉണ്ടായിരുന്ന പോരായിരുന്നു മുഖ്യമന്ത്രി- ഗവർണർ ഭരണഘടനാപരമായ തർക്കങ്ങൾ. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാവുമ്പോൾ ഉയർന്നുവരുന്നതും ഭരണഘടനയനുസരിച്ചുള്ള ഗവർണറുടെ അധികാരങ്ങളെ സംബന്ധിച്ചു തന്നെയാണ്. മന്ത്രിമാർ ഗവർണർക്കെതിരേ നടത്തുന്ന വിമർശനങ്ങൾ പരിധി കടന്നാൽ സ്ഥാനചലനം വരെ സംഭവിക്കുമെന്ന മട്ടിലുള്ള രാജ്ഭവനിൽ നിന്ന് പുറത്തുവന്ന ചില ട്വീറ്റുകൾ സംസ്ഥാനത്ത് സജീവ ചർച്ചയായിരിക്കയാണ്.


ഭരണഘടന അനുഛേദം 164(1) അനുസരിച്ച് മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കേണ്ടതും മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് ഗവർണർ നിയമിക്കേണ്ടതും അപ്രകാരം നിയമിക്കപ്പെടുന്ന മന്ത്രിമാർ ഗവർണർക്ക് ഇഷ്ടമുള്ളേടത്തോളം കാലം ഉദ്യോഗം വഹിക്കുന്നതുമാണെന്ന വ്യവസ്ഥയെ വ്യാഖ്യാനിച്ചുകൊണ്ട് സംസ്ഥാന മന്ത്രിമാരെ പുറത്താക്കാൻ ഗവർണർക്ക് പരമാധികാരമുണ്ടെന്ന തരത്തിലുള്ള സൂചനകളാണ് രാജ്ഭവനിൽനിന്ന് പുറത്തുവരുന്ന വിവരങ്ങൾ നൽകുന്നത്. ജനങ്ങൾ തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികളിൽ ഭൂരിപക്ഷ പാർട്ടിയുടെ നേതാവിനെ മുഖ്യമന്ത്രിയായും മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മറ്റു മന്ത്രിമാരെയും ഗവർണർ അവരോധിക്കുകയും ആ മന്ത്രിസഭക്ക് സംസ്ഥാനത്തെ നിയമസഭയോട് കൂട്ടുത്തരവാദിത്വമുണ്ടായിരിക്കേണ്ടതാണെന്നും ഭരണഘടന അനുഛേദം 164(2)ൽ വ്യക്തമായി വ്യവസ്ഥ ചെയ്തിരിക്കെ മന്ത്രിമാരെ ഗവർണറുടെ ഇംഗിതമനുസരിച്ച് പുറത്താക്കാൻ സാധിക്കുമെന്ന് പറയുന്നത് തികച്ചും ഭരണഘടന അന്തസ്സത്തക്കെതിരാണെന്നതിൽ സംശയമില്ല. ഗവർണറുടെ അധികാരത്തെ സംബന്ധിക്കുന്ന അനുഛേദം 164(1), 1935ലെ ബ്രിട്ടിഷ് നിയമമായിരുന്ന ഇന്ത്യാ ഗവൺമെൻ്റ് ആക്ടിലെ 51(1)-ാം വകുപ്പിൽ നിന്ന് കടമെടുത്തതാണ്. പക്ഷേ, നമ്മുടെ ഭരണഘടനയുടെ 164-ാം വകുപ്പായി ആ കടമെടുത്ത 51(1)-ാം വകുപ്പ് എഴുതിച്ചേർത്തപ്പോൾ അതിലുണ്ടായിരുന്ന പ്രകാരം മന്ത്രിമാരെ ഗവർണറുടെ ഇഷ്ടാനുസരണം വിളിച്ചുവരുത്താനും സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുമുള്ള ഭാഗം എടുത്തുമാറ്റിയത് തന്നെ ഗവർണർക്ക് അത്തരമൊരധികാരം ആവശ്യമില്ലെന്നുള്ള ഭരണഘടനാ നിർമാതാക്കളുടെ തിരിച്ചറിവ് കൊണ്ടായിരുന്നുവെന്നത് വ്യക്തമാണ്.


'ഇഷ്ടമുള്ളിടത്തോളം സ്ഥാനത്ത് തുടരാമെന്ന'ത് ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ എഴുതിച്ചേർത്തത് സംബന്ധിച്ച വിവിധ കാലഘട്ടത്തിലുണ്ടായ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും വിധികൾ പരിശോധിച്ചാലും ഗവർണറുടെ വ്യക്തിപരമായ വിവേചനാധികാരം ഉപയോഗിച്ച് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനവകാശമുണ്ടെന്ന് പറയാൻ കഴിയില്ല. അനുഛേദം 156(1) അനുസരിച്ച് സംസ്ഥാന ഗവർണർ, രാഷ്ട്രപതിക്ക് ഇഷ്ടമുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കുന്നതാണെന്ന വ്യവസ്ഥ പോലും കേന്ദ്രത്തിലെ ഭരണമാറ്റത്തിനനുസരിച്ച് ഗവർണർമാർക്ക് സ്ഥാന ചലനമുണ്ടാക്കുന്നത് അഭികാമ്യമല്ലെന്നാണ് ബി.പി സിംഗാൾ കേസിൽ സുപ്രിംകോടതിയുടെ 2010ലെ വിധിയിൽ പ്രസ്താവിച്ചത്. 2004ൽ യു.പി, ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാരെ കാലാവധിക്കുമുമ്പ് നീക്കം ചെയ്ത രാഷ്ട്രപതിയുടെ നടപടിയെ ശരിവച്ചുകൊണ്ടുള്ള കേസിലാണ് മേൽ വിവരിച്ച നിരീക്ഷണം സുപ്രിംകോടതി നടത്തിയത്.
അതേപോലെ, യൂനിയൻ്റെയോ സംസ്ഥാനത്തിൻ്റെയോ കീഴിൽ ഏതെങ്കിലും സിവിൽ തസ്തിക വഹിക്കുന്ന ഒരാൾ രാഷ്ട്രപതിക്കോ ആ സംസ്ഥാനത്തെ ഗവർണർക്കോ ഇഷ്ടമുള്ളിടത്തോളം കാലത്തേക്ക് അതത് ഉദ്യോഗം വഹിക്കാമെന്ന് അനുച്ഛേദം 310ൽ വ്യവസ്ഥയുണ്ടെങ്കിലും അത്തരം ഉദ്യോഗസ്ഥനെ ഇഷ്ടാനുസരണം സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ കഴിയില്ല. അനുച്ഛേദം 311(2) അനുസരിച്ച് മേൽവിവരിച്ച തസ്തികകളിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനെ, അയാൾക്കെതിരേയുള്ള കുറ്റാരോപണങ്ങൾ അറിയിക്കുകയും അത് സംബന്ധിച്ച് കേൾക്കാൻ ന്യായമായ അവസരങ്ങൾ നൽകുകയും ചെയ്യുന്ന അന്വേഷണ വിചാരണയ്ക്കു ശേഷമേ പിരിച്ചുവിടുകയോ നീക്കം ചെയ്യുകയോ തരംതാഴ്ത്തുകയോ ചെയ്യാൻ പാടുള്ളൂ. ഇതിൽനിന്നുതന്നെ ഇഷ്ടമുള്ളിടത്തോളം കാലം സ്ഥാനത്തു തുടരാമെന്ന ഭരണഘടനാ തത്ത്വങ്ങളുടെ വിവിധങ്ങളായ പരിമിതികൾ ഭരണഘടനയിൽതന്നെ എഴുതിച്ചേർത്തിട്ടുണ്ടെന്നത് വ്യക്തമാണ്. സിവിൽ-പ്രതിരോധ സർവിസിലെ ഉദ്യോഗസ്ഥനെക്കാളും ഉയർന്ന പദവിയിലാണ് സംസ്ഥാന മന്ത്രിമാരുടെ സ്ഥാനമെന്നതിനാലും സംസ്ഥാനത്തെ മന്ത്രിസഭക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയോടാണ് കൂട്ടുത്തരവാദിത്വമെന്നതുകൊണ്ടും ഗവർണറെ വിമർശിക്കുന്നത് ഭരണഘടനാ മര്യാദക്ക് എതിരാണെങ്കിലും ആ ഒറ്റക്കാരണത്താൽ മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഭരണഘടന അധികാരം നൽകുന്നതായി ഒരിക്കലും കരുതാനാവില്ല.


വ്യത്യസ്ത അധികാരമുള്ള
ഗവർണർമാർ


രാജ്യത്തെ ചില ഗവർണർമാരുടെ അധികാരങ്ങൾ ഭരണഘടനാപരമായി വ്യത്യസ്തമാണ്. ഉദാഹരണമായി നാഗാലൻഡ് സംസ്ഥാനം രൂപീകരിക്കുന്നതിന് തൊട്ടുമുമ്പ് നാഗാലാൻഡ്-റ്റ്യൂൻസാങ്ങ് പ്രദേശത്തുണ്ടായ ആഭ്യന്തര കലാപങ്ങൾ ആ സംസ്ഥാനത്തെ ഗവർണർക്ക് നിയമസമാധാനം സംബന്ധിച്ചുള്ള ചുമതലകൾ നിർവഹിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഗവർണർ മന്ത്രിസഭയുമായി ആലോചിച്ച ശേഷം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിർണയശക്തി പ്രയോഗിക്കാമെന്ന് അനുഛേദം 371 എയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപ്രകാരം ഗവർണർ വിവേചനാധികാരം പ്രയോഗിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമായ വിഷയമാണോ അല്ലെയോ എന്ന പ്രശ്‌നം ഉത്ഭവിക്കുന്നുവെങ്കിൽ സ്വവിവേകം അനുസരിച്ചുള്ള നാഗാലാൻഡ് ഗവർണറുടെ തീരുമാനം അന്തിമമായിരിക്കുന്നതാണെന്നും അത് ചോദ്യം ചെയ്യാൻ പാടില്ലായെന്നും അനുഛേദം 371 എയിൽ വ്യവസ്ഥ ചെയ്തതിൽ നിന്ന് അപ്രകാരമുള്ള യാതൊരുവിധ പ്രത്യേകാധികാരവും അനുഛേദം 164(1) അനുസരിച്ച് കേരള ഗവർണർക്ക് ഭരണഘടനയനുസരിച്ച് ഇല്ലായെന്ന് വളരെ വ്യക്തമാണ്.


ഇനി കേന്ദ്രഭരണ പ്രദേശങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭയും മന്ത്രിസഭയുമുണ്ടെങ്കിൽ പോലും അത്തരം മന്ത്രിസഭയെ ആശ്രയിക്കാതെ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് ഭരണനിർവഹണം നടത്താൻ ലെഫ്റ്റനന്റ് ഗവർണർമാർക്ക് അനുഛേദം 239(1) അനുസരിച്ച് പരമാധികാരമുണ്ട്. അത്തരം അധികാരങ്ങളുടെ പരിധി കടന്നുവെന്നതാണല്ലോ ഡൽഹി, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർമാർക്കെതിരേ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകളുടെ പ്രധാന ആക്ഷേപമുണ്ടായത്.


അനുഛേദം 164(1) ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരമുപയോഗിച്ച് മന്ത്രിസഭയെ ഗവർണർ പിരിച്ചുവിട്ട ഒരേയൊരു സംഭവം പശ്ചിമ ബംഗാളിലെ അജയ് മുഖർജിയുടെ മന്ത്രിസഭയുടേതായിരുന്നു. 1967 നവംബർ ഒന്നിന് പശ്ചിമ ബംഗാളിൽ അജയ് കുമാർ മുഖർജിയുടെ നേതൃത്വത്തിലെ കൂട്ടുകക്ഷി മന്ത്രിസഭ ചുമതലയേറ്റുവെങ്കിലും മന്ത്രിസഭയിലെ ഒരു മന്ത്രിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ ചില നിയമസഭാംഗങ്ങളും കൂട്ടുമന്ത്രിസഭക്ക് ഭൂരിപക്ഷമില്ലെന്നാരോപിച്ച് ഗവർണറെ കാണുകയും മന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ 1967 നവംബറിൽ തന്നെ നിയമസഭ വിളിച്ചുചേർത്ത് ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രിയോട് ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇതു പരിഗണിക്കാതെ 1967 ഡിസംബർ അവസാനമേ നിയമസഭ വിളിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ശാഠ്യം പിടിച്ചതിനെ തുടർന്നാണ് മന്ത്രിസഭ പിരിച്ചുവിട്ടുകൊണ്ട് 1967 നവംബർ 21ന് ഗവർണർ ഉത്തരവിറക്കിയത്. ഇത് കൽക്കത്ത ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുകയും അതേദിവസം തന്നെ ഗവർണർ പുറപ്പെടുവിച്ച മറ്റൊരു വിജ്ഞാപനം വഴി ഡോ. പി.സി ഘോഷിനെ മുഖ്യമന്ത്രിയായും ഹരീന്ദ്രനാഥ് മജൂംദാർ, ഡോ. അലിമൊല്ല എന്ന രണ്ടുപേരെ മന്ത്രിമാരായി നിയമിച്ചുകൊണ്ട് ഗവർണർ വിജ്ഞാപനമിറക്കുകയുണ്ടായി. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് കൽക്കത്താ ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും കോടതി ഇടപെടാൻ തയാറായില്ല. സംഭവ കാലത്ത് പശ്ചിമ ബംഗാളിൽ കൊടുമ്പിരികൊണ്ടിരുന്ന രൂക്ഷമായ വറുതി, ക്ഷാമം, വരൾച്ച തുടങ്ങിയ ദുരന്തകാലത്തെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനും ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭ നിയമസഭ വിളിച്ചുചേർക്കുന്നതിൽ വരുത്തിയ കുറ്റകരമായ വീഴ്ചയും ഗവർണർക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെതിരേയുള്ള അനുഛേദം 361 അനുസരിച്ച പരിരക്ഷയും കണക്കിലെടുത്തായിരുന്നു ഹൈക്കോടതി കേസിൽ ഇടപെടാതിരുന്നത്. എന്നാൽ കേരള സർക്കാരും ഗവർണറും തമ്മിലുള്ള ഇപ്പോഴത്തെ പോര് ഒരിക്കലും പശ്ചിമ ബംഗാൾ കേസുമായി തുലനം ചെയ്യാൻ സാധിക്കില്ല.
അനുഛേദം 163(1) അനുസരിച്ച് ഗവർണർക്ക് സ്വവിവേചനമനുസരിച്ച് നിർവഹിക്കേണ്ട ഭരണ നിർവഹണ അധികാരങ്ങളൊഴികെ മറ്റെല്ലാ കാര്യങ്ങളും നിർവഹിക്കാൻ മുഖ്യമന്ത്രി തലവനായ ഒരു മന്ത്രിസഭയുണ്ടായിരിക്കുമെന്നതാണ് വ്യവസ്ഥ. ഇതിൽ നിന്ന് ഗവർണറുടെ വിവേചനാധികാരങ്ങൾ ഏതെന്ന് മനസിലാക്കാൻ ഭരണഘടന നിലവിൽ വന്നതിനുശേഷം ഇന്നേവരെ ഉണ്ടായിട്ടുള്ള സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും വിധികളും ഭരണഘടനാ നിർമാണ സമിതിയിലെ ചർച്ചകളും വെളിച്ചം വീശുന്നവയാണ്. ഉദാഹരണമായി അഴിമതി നടത്തിയ കുറ്റത്തിന് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരേ കുറ്റപത്രം ബോധിപ്പിക്കുമ്പോൾ നിയമനാധികാരിയെന്ന നിലയിൽ അഴിമതി തടയൽ നിയമ 19-ാം വകുപ്പനുസരിച്ച് അനുമതി നൽകേണ്ടത് ഗവർണറാണ്. പക്ഷേ, മന്ത്രിയേയോ മുഖ്യമന്ത്രിയേയോ പ്രോസിക്യൂട്ട് ചെയ്യാൻ അതേ മന്ത്രിസഭയോട് ഉപദേശം തേടാൻ ബാധ്യസ്ഥനല്ലെന്നും അതിൻ്റെ ആവശ്യമില്ലെന്നും സുപ്രിംകോടതി മധ്യപ്രദേശിൽനിന്നുള്ള കേസിൽ വിധി പ്രസ്താവിച്ചിട്ടുണ്ട്.


സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണർ സ്വവിവേചനമനുസരിച്ചുള്ള അധികാരം ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനും മന്ത്രിസഭയുടെ ഉപദേശം ആരായേണ്ട ആവശ്യമില്ല. കേരള സർവകലാശാല സെനറ്റിൽ ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങളെ പിൻവലിച്ചത് അദ്ദേഹത്തിൻ്റെ വിവേചനാധികാരത്തിൽ പെട്ടതുതന്നെയാണ്. സംസ്ഥാനത്തെ ഭരണം ഭരണഘടനയനുസരിച്ച് നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമുണ്ടായതായി ഗവർണർക്ക് ബോധ്യപ്പെട്ടാൽ ഭരണഘടന 356ാം അനുഛേദമനുസരിച്ച് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ മന്ത്രിസഭയുടെ ഉപദേശം ആവശ്യമില്ലാത്തതും ഗവർണറുടെ സ്വവിവേചനം അനുസരിച്ച് പ്രവർത്തിക്കാവുന്നതുമാണ്. മേൽവിവരിച്ച സാഹചര്യങ്ങളിലല്ലാതെ ഭരണഘടനയനുസരിച്ചുള്ള വിവേചനാധികാരം ഗവർണർക്കില്ല.
മുൻ രാഷ്ട്രപതി ആർ. വെങ്കിട്ടരാമൻ പറഞ്ഞു: 'രാഷ്ട്രപതിയുടെയും ഗവർണർമാരുടെയും അധികാരങ്ങൾ എമർജൻസി ലാമ്പ് പോലെയാണ്. ഇരുട്ടിൽ അവ നന്നായി പ്രകാശിക്കും. എന്നാൽ നട്ടുച്ചയ്ക്ക് അവ പ്രകാശിച്ചാൽ ആ പ്രകാശം അപ്രസക്തമാവും'. ഗവർണർ- സർക്കാർ പോര് ശക്തമാവുമ്പോൾ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന ഗവർണറുടെയും മന്ത്രിസഭയുടെയും അധികാരങ്ങൾ സംബന്ധിച്ചുള്ള നിഷ്പക്ഷ വിലയിരുത്തലുകൾ നന്നായിരിക്കും.

(മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കേരള ലോകായുക്ത മുൻ സ്‌പെഷൽ അറ്റോണിയുമാണ് ലേഖകൻ )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.എം.ഡബ്ല്യു കാര്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍; ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

Kerala
  •  13 days ago
No Image

ട്രെയിനില്‍ ഒറ്റക്ക് സഞ്ചരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് ബലാത്സംഗം, കൊലപാതകം; മാസത്തിനിടെ കൊന്നത് അഞ്ചു പേരെ; 30 കാരന്റെ അറസ്റ്റ് ചുരുളഴിച്ചത് നിരവധി കേസുകളുടെ

National
  •  13 days ago
No Image

സംഭല്‍ മസ്ജിദ് സര്‍വേ: തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി; ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിക്കട്ടെ

National
  •  13 days ago
No Image

കൊടകര കുഴല്‍പ്പണ കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി; 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കണം

Kerala
  •  13 days ago
No Image

മസ്ജിദുകള്‍ക്കും ദര്‍ഗകള്‍ക്കും മേല്‍ നിരന്തരമായ അവകാശ വാദങ്ങള്‍: സുപ്രിം കോടതി അടിയന്തര ഇടപെടണം- മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

National
  •  13 days ago
No Image

മകനെ കൊന്നത് തന്നെ; സി.ബി.ഐയും സ്വാധീനത്തിന് വഴങ്ങി; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

Kerala
  •  13 days ago
No Image

സരിന്‍ എ.കെ.ജി സെന്ററില്‍; ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ച് എം.വി ഗോവിനന്ദന്

Kerala
  •  13 days ago
No Image

നെതന്യാഹു പറയുന്നു, താല്‍ക്കാലികമായി വെടിനിര്‍ത്താം, യുദ്ധം അവസാനിപ്പിക്കില്ല; ഗസ്സയില്‍ സമാധാനം പുലരുമോ...

International
  •  13 days ago
No Image

പറവ ഫിലിംസില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ്; നിര്‍ണായക രേഖകള്‍ കണ്ടെത്തി, നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്യും

Kerala
  •  13 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി അന്വേഷണസംഘം

Kerala
  •  13 days ago