വാവാട് ഉസ്താദ്; നഷ്ടപ്പെട്ടത് നീറുന്ന മനസുകൾക്ക് ആത്മീയ പ്രഭയിലൂടെ സാന്ത്വനം നൽകിയ പണ്ഡിത ശ്രേഷ്ഠരെ
റിയാദ്: നീറുന്ന മനസുകൾക്ക് ആത്മീയ പ്രഭയിലൂടെ സാന്ത്വനം നൽകിയ പണ്ഡിത ശ്രേഷ്ഠരെയാണ് വാവാട് കുഞ്ഞിക്കോയ ഉസ്താതിന്റെ നിര്യാണത്തോടെ നഷ്ടമായതെന്നും പതിനായിരങ്ങൾ കാതോർക്കുന്ന പ്രാർത്ഥന സദസ്സുകളിൽ ആത്മീയ സായൂജ്യം നൽകുന്ന സൂഫീവാര്യനായിരുന്ന സമസ്ത കേന്ദ്ര മുശാവറ അംഗം കൂടിയായ ഉസ്താദിന്റെ വിടവ് മുസ്‌ലിം കൈരളിക്കും സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി നൽകിയ സന്ദേശത്തിൽ പറഞ്ഞു. ഇതോടൊപ്പം, കഴിഞ്ഞ ദിവസം മരണപ്പെട്ട ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ വൈസ് പ്രസിഡന്റ് ടി മൊയ്‌തീൻ മുസ്‌ലിയാരുടെ വിയോഗവും കനത്ത നഷ്ടമായിരുന്നുവെന്നും ദീനീ പ്രവർത്തന രംഗത്ത് നിസ്വാർത്ഥ സേവകനും പ്രവർത്തകനായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്നും എസ് ഐ സി ദേശീയ കമ്മിറ്റി പറഞ്ഞു.
ആത്മീയ സദസ്സുകളിലെ നിറ സാനിധ്യവും ആദർശ വിശുദ്ധിയുടെ ആത്മ വെളിച്ചം ആവാഹിച്ചിരുന്ന മഹാനുമായിരുന്നു വാവാട് ഉസ്താദ്. ആത്മ ശാന്തിയുടെ തൂവൽ സ്പർശം പോലെ തിളങ്ങിയ ഉസ്താദ് പതിനായിരങ്ങൾക്കാണ് ആത്മീയ ചൈതന്യം പകർന്നു നൽകിയത്. സൂഫീവര്യരും പണ്ഡിതരും സാദാതീങ്ങളും അണിനിരക്കുന്ന സമസ്തയുടെ വേദികളിൽ പ്രാർത്ഥനക്ക് ഏവരും ഉറ്റു നോക്കിയിരുന്നത് ശൈഖുനയുടെ തിരു സാന്നിധ്യമായിരുന്നു. സമസ്ത തൊണ്ണൂറാം വാർഷിക മഹാ സമ്മേളനം അടക്കം ലക്ഷങ്ങൾ പങ്കെടുത്ത സദസുകളിലും വാവാട് ഉസ്താദിന്റെ സാനിധ്യവും പ്രാർത്ഥനയും ഏവരുടെയും മനസ് കുളിർപ്പിക്കുന്നതായിരുന്നു
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാർ, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്‌ലിയാർ, അണ്ടോണ അബ്ദുല്ല മുസ്‌ലിയാർ, നാരകശ്ശേരി അബൂബക്കര്‍ മുസ്‌ലിയാർ തുടങ്ങിയവര്‍ പ്രധാന ഉസ്താദുമാരും പി.എം.എസ്.എ പുക്കോയ തങ്ങള്‍, ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ, ഇ.കെ ഉമറുല്‍ ഖാദിരി, കണ്ണിയാല മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്. ഏറെ നാളായി അസുഖ ബാധിതനായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസി കൂടിയായിരുന്ന അദ്ദേഹം കേരളത്തിനകത്തും പുറത്തും ആത്മീയ വേദികളിലെ നിറസാന്നിധ്യമായിരുന്നു.
ഇരുവരുടെയും വിയോഗത്തിൽ നിലവിലെ സാഹചര്യത്തിൽ അനുയോജ്യമായ രൂപത്തിൽ പ്രാർത്ഥനാ സദസ്സുകൾ, ഖത്മുൽ ഖുർആൻ, മയ്യത്ത് നിസ്കാരം, അനുശോചന സദസ്സുകൾ എന്നിവ സംഘടിപ്പിക്കണമെന്നും സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി മേലാറ്റൂർ, ജനറൽ സിക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സിക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."