അന്നമുണ്ടായിട്ടും ഇന്ത്യ പട്ടിണിയിൽ
ഡോ. എൻ.പി അബ്ദുൽ അസീസ്
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യ, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വലിയ സാമ്പത്തിക വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ആളോഹരി വരുമാനം നാലിരട്ടിയിലധികമാണ് ഈ കാലയളവിൽ വർധിച്ചത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പത്ത് സമ്പദ്‌വ്യവസ്ഥകളിലൊന്നായ നമ്മുടെ രാജ്യം സമീപ വർഷങ്ങളിൽ ധാന്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ഉയർന്ന അളവിലുള്ള ദാരിദ്ര്യവും പട്ടിണിയും ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരകുറവും ഇന്നും നമ്മുടെ രാജ്യത്ത് അതിരൂക്ഷമായി നിലനിൽക്കുന്നു. വിശപ്പിനെ നേരിടാനുള്ള പുരോഗതിയിൽ വലിയതോതിൽ തിരിച്ചടിയേറ്റുവെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിട്ടുള്ളത്.
ആഗോള വിശപ്പ് സൂചിക 2022 (ഗ്ലോബൽ ഹങ്കർ ഇൻഡക്‌സ്- ജി.എച്ച്.ഐ) പ്രകാരം ഇന്ത്യ 107ാം സ്ഥാനത്തേക്ക് (121 രാജ്യങ്ങളിൽ) പിന്തള്ളപ്പെട്ടു. അയൽരാജ്യങ്ങളായ പാകിസ്താൻ (99), ബംഗ്ലാദേശ് (84), നേപ്പാൾ (81), ശ്രീലങ്ക (64), ചൈന (ആദ്യ പതിനേഴിൽ) എന്നിവയ്ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. സൂചികയിൽ ഇന്ത്യയേക്കാൾ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ദക്ഷിണേഷ്യയിലെ ഏകരാജ്യം അഫ്ഗാനിസ്ഥാൻ (109) മാത്രമാണ്. എന്നാൽ കഴിഞ്ഞവർഷം ഇന്ത്യ 116 രാജ്യങ്ങൾക്കിടയിൽ 101ാം സ്ഥാനത്താണുണ്ടായിരുന്നത്. വിശപ്പ് അതിഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ രാജ്യങ്ങൾക്കിടയിൽ ഇപ്പോൾ ഇന്ത്യയും ഉൾപ്പെടുന്നു. സൂചികയനുസരിച്ച്, വെറും 14 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യയേക്കാൾ മോശമായിട്ടുള്ളത്. എന്നാൽ 'ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള' 'സ്ഥിരമായ ശ്രമത്തിന്റെ' ഭാഗമായാണ് റിപ്പോർട്ടിനെ ഔദ്യോഗികമായി സർക്കാർ വിശേഷിപ്പിച്ചത്.
ദാരിദ്ര്യവും പട്ടിണിയും സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള ദൗത്യത്തിന് നമ്മുടെ നിലവിലെ ഭക്ഷണ സമ്പ്രദായങ്ങൾ എത്രത്തോളം അപര്യാപ്തമാണെന്ന് ഈ കണക്കുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഇപ്പോൾ നടക്കുന്ന ആഗോള ഭക്ഷ്യപ്രതിസന്ധി, ഉക്രൈനിലെ യുദ്ധം, കൊവിഡ്, മറ്റു സാമ്പത്തിക നയങ്ങൾ എന്നിവയാണ് ദാരിദ്ര്യത്തെയും പട്ടിണി പ്രതിസന്ധിയെയും ഇത്രയധികം രൂക്ഷമാക്കിയത്. കൊവിഡ് ഒരു ആരോഗ്യപ്രതിസന്ധി മാത്രമായിരുന്നില്ല, ഉപജീവന പ്രതിസന്ധിയും കൂടിയായിരുന്നു. പകർച്ചവ്യാധി ആഗോള ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിക്കുന്നതിലേക്ക് നയിച്ചു. വിതരണശൃംഖല തടസ്സപ്പെട്ടു. ഇത് നിലവിലുള്ള അസമത്വങ്ങൾ വർധിപ്പിക്കുകയും ദശലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക സ്തംഭനത്തിനും ഉപജീവന നഷ്ടത്തിനും കാരണമാവുകയും ചെയ്തു.
തികച്ചും വൈരുധ്യങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യയുടെ 23 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഇന്ത്യ, എന്നാൽ ലോകത്തിലെ 221 ശതകോടീശ്വരന്മാരുടെ ആസ്ഥാനവുമാണ് (IIFL Wealth Hurun India Rich List 2022). രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനവും പത്തുശതമാനം വരുന്ന ധനികരുടെ കൈയിലാണുള്ളത്. അതേസമയം ലോകത്തിലെ പോഷകാഹാരക്കുറവുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ ജനസംഖ്യയും ഇതേ മണ്ണിലാണുള്ളത് (FAO 2015). സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം പിന്നിട്ടിട്ടും ഇന്ത്യ പട്ടിണിയിൽ നിന്നും ദാരിദ്രത്തിൽ നിന്നും മുക്തമായിട്ടില്ലെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ വ്യാപകവും മോശമായതുമായ ഭക്ഷ്യ അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കാജനകമായ കണക്കുകളാണ് മറ്റു പല റിപ്പോർട്ടുകളും പുറത്തുവിടുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള പോഷകാഹാരക്കുറവുള്ളവരുടെ നാലിലൊന്നും ഇന്ത്യയിലാണുള്ളത്. വലിയൊരു വിഭാഗം ആളുകൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല. സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ ഇൻ ദ വേൾഡ് (SOFI) അവതരിപ്പിച്ച ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2019-21 കാലയളവിൽ ഇന്ത്യയിൽ ഏകദേശം 56 കോടി ആളുകൾ(ജനസംഖ്യയുടെ 40.6%), മിതമായതോ കഠിനമോ ആയ ഭക്ഷ്യഅരക്ഷിതാവസ്ഥ അനുഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ ലോകത്തിലെ കടുത്ത ഭക്ഷ്യസുരക്ഷയില്ലാത്ത ജനസംഖ്യയുടെ 37 ശതമാനവും ഇന്ത്യയിലാണുള്ളത്. വർധിച്ചുവരുന്ന ഭക്ഷ്യ അരക്ഷിതാവസ്ഥ ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യത്തിൽ വിനാശകരമായ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. പോഷകാഹാരക്കുറവുള്ള അമ്മമാർ, വളർച്ച മുരടിച്ച അല്ലെങ്കിൽ ഭാരക്കുറവുള്ള കുട്ടികൾക്ക് ജന്മം നൽകാനുള്ള സാധ്യത കൂടുതലാണ്.
ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ഭക്ഷ്യോൽപാദകരാജ്യമായ ഇന്ത്യ, പാൽ, പയറുവർഗങ്ങൾ, വാഴപ്പഴം എന്നിവയുടെ ഏറ്റവും വലിയ ഉൽപാദകരും ഗോതമ്പ്, അരി, പച്ചക്കറികൾ എന്നിവയുടെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉൽപാദകരുമാണ്. മത്സ്യം, കോഴി തുടങ്ങിയ കന്നുകാലി ഉൽപന്നങ്ങളുടെ മുൻനിര ഉൽപാദകരുമാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ സമൃദ്ധമായ ഭക്ഷണം നമ്മുടെ രാജ്യത്തുണ്ടാക്കുന്നുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് സ്വന്തം ജനങ്ങൾക്കുപോലും പോഷണവും ഭക്ഷണവും വിതരണം ചെയ്യാൻ സാധിക്കാതെ പോകുന്നത്?
ഇന്ത്യയുടെ ഉയർന്നതോതിൽ പാഴാക്കിക്കളയുന്ന ഭക്ഷണവും മറ്റു ഭക്ഷ്യനഷ്ടങ്ങളുമാണ് ഇതിനൊരു പ്രധാന കാരണം. വിളവെടുപ്പു മുതൽ ചില്ലറ വ്യാപാരിയിൽ എത്തുന്നതുവരെ നഷ്ടപ്പെടുന്ന വിളകളെ ഭക്ഷ്യ നഷ്ടമെന്നും ഉപഭോഗയവസരത്തിൽ നഷ്ടപ്പെടുത്തുന്നതിനെ ഭക്ഷണം പാഴാക്കലുമെന്നും വിളിക്കുന്നു. ഭക്ഷണം പ്ലേറ്റിൽ എത്തുന്നതിനുമുമ്പ്, അത് കർഷകനിൽ നിന്ന് മൊത്തക്കച്ചവടക്കാരിലേക്കും ചില്ലറ വ്യാപാരികളിലേക്കും ചിലപ്പോൾ പ്രോസസ്സർമാരിലേക്കും സഞ്ചരിക്കുന്നു. ഓരോ ഘട്ടത്തിലും വിള ഉൽപാദനത്തിന്റെ ഒരു അനുപാതം നഷ്ടപ്പെടുന്നു. ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്.എ.ഒ) ഏകദേശക്കണക്കനുസരിച്ച് ജീർണിച്ച ഭക്ഷണവും കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല സംവിധാനവും കാരണം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം 40 ശതമാനം ഓരോ വർഷവും നഷ്ടപ്പെടുന്നു. ഭക്ഷണം ഉപഭോക്താവിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ നഷ്ടം സംഭവിക്കുന്നു എന്നതാണ് വിരോധാഭാസം.
ഓരോ വർഷവും മനുഷ്യ ഉപഭോഗത്തിനായി ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നും നഷ്ടപ്പെടുകയോ പാഴാകുകയോ ചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുന്നു. നാൽപതുശതമാനം പഴങ്ങളും പച്ചക്കറികളും മുപ്പതുശതമാനം ധാന്യങ്ങകളും കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല കാരണം നഷ്ടപ്പെടുകയും ഉപഭോക്തൃ വിപണികളിൽ എത്താതിരിക്കുകയും ചെയ്യുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിൽ മിക്ക നഷ്ടങ്ങളും ലോജിസ്റ്റിക്കൽ, സ്റ്റോറേജ് തലങ്ങളിലാണ് സംഭവിക്കുന്നത്. കർഷകർ, മണ്ടി, ചില്ലറ വ്യാപാരി തലങ്ങളിൽ ശാസ്ത്രീയ സംഭരണികളുടെ അഭാവം, ദൂരെയുള്ള മണ്ടികൾ, കാര്യക്ഷമമല്ലാത്ത സ്റ്റോറേജ് ടെക്‌നിക്കുകൾ എല്ലാം നഷ്ടത്തിലേക്ക് നയിക്കുന്നു. മികച്ച വിളവുണ്ടാകുന്ന കാലത്ത് (പ്രത്യേകിച്ച് ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി) വില കുറയുകയും ഉൽപ്പന്നത്തിന്റെ 20 മുതൽ 30 ശതമാനം വരെ പാഴായി പോകുകയും ചെയ്യുന്നു. ചില സമയങ്ങളിൽ, ഭക്ഷണസാധനങ്ങൾ മാർക്കറ്റിലേക്ക് എത്തിച്ചു കൊടുക്കാനുള്ള ചെലവ് പോലും വീണ്ടെടുക്കാൻ കഴിയാതെ, കർഷകർ വിള നശിപ്പിക്കാൻ നിർബന്ധിതരാകുന്നു. അധിക ഉൽപ്പാദനം, പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കൽ, കുറഞ്ഞ ആയുസ്സ് അല്ലെങ്കിൽ ലേബലിങ് പിശകുകൾ എന്നിവ കാരണം ചില ഭക്ഷണങ്ങൾ വ്യാപാര സ്ഥാപനങ്ങളുടെ അലമാരകളിലും ഗോഡൗണുകളിലും പാഴാക്കപ്പെടുന്നു.
ഡൽഹി ആസ്ഥാനമായുള്ള ഒരു ആക്ടിവിസ്റ്റിന്റെ വിവരാവകാശ ഫയലിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) നൽകിയ മറുപടിയിൽ, 2014 മുതൽ 2020 വരെയുള്ള ആറു വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള വിവിധ എഫ്.സി.ഐ ഗോഡൗണുകളിലായി മൊത്തം 40,546 ടൺ ഭക്ഷ്യധാന്യങ്ങൾ നശിച്ചതായാണ് കാണിക്കുന്നത്. 2020 ഏപ്രിൽ-മെയ് മാസ ലോക്ക്ഡൗൺ കാലയളവിൽ കുടിയേറ്റക്കാരും മറ്റും പട്ടിണി മൂലം മരണപ്പെട്ട സമയത്തും എഫ്.സി.ഐ ഗോഡൗണുകളിൽ 1,550 ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ വെറും രണ്ടുമാസം കൊണ്ടുമാത്രം നശിച്ചതായി കണക്കുകൾ വെളിപ്പെടുത്തുന്നു. വിതരണ ശൃംഖലയിൽ നിന്ന് സമയബന്ധിതമായി പിൻവലിക്കുകയും സമാഹരിക്കുകയും ചെയ്യുന്ന ഭക്ഷണപദാർഥങ്ങൾ ഉചിതമായ രീതിയിൽ താങ്ങാവുന്ന വിലയിൽ ആവശ്യക്കാരിലേക്ക് തിരിച്ചുവിടുകയും ചെയ്താൽ തന്നെ അത്തരം ഭക്ഷണം ലാഭിക്കാൻ സാധിക്കും.
ആഗോള ജനസംഖ്യയെ പോഷിപ്പിക്കുന്നതിന് ആവശ്യമായ ഭക്ഷണം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ഇപ്പോഴും 811 ദശലക്ഷം ആളുകൾ പ്രതിദിനം പട്ടിണി കിടക്കുന്നുണ്ടെന്ന് യു.എൻ റിപ്പോർട്ടിൽ പറയുന്നു. ഒരു കണക്കനുസരിച്ച്, ഇന്ത്യയിലെ വ്യക്തി ശരാശരി പ്രതിദിനം 137 ഗ്രാം ഭക്ഷണമാണ് പാഴാക്കുന്നത്. അതായത് ആഴ്ചയിൽ 0.96 കിലോ അല്ലെങ്കിൽ പ്രതിവർഷം 50 കിലോഗ്രാമിന് തുല്യമാണിത്. ഇന്ത്യയിൽ ആകെ ശരാശരി 40 ശതമാനവും ഭക്ഷണം പാഴാക്കപ്പെടുന്നു. ഇത് പ്രതിവർഷം 92,000 കോടി രൂപയ്ക്ക് തുല്യമാണ്. അതുകൊണ്ടുതന്നെ ഭക്ഷണം പാഴാക്കാതിരിക്കുകയും പാഴാക്കുന്നത് തടയുകയും ചെയ്യേണ്ടത് നമ്മുടെ അനിവാര്യതയാണ്. ഈ രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ പരമാധികാര കടമയാണ്. അതുപോലെ, നമ്മുടെ ധാർമിക ഉത്തരവാദിത്വവും കൂടിയാണ്. പട്ടിണിക്കെതിരായ ഈ പോരാട്ടത്തിൽ, സംസ്ഥാന സർക്കാരുകൾ അവസരത്തിനൊത്ത് ഉയരുകയും ഗ്രാമീണ ജനതയുടെയും കുടിയേറ്റ തൊഴിലാളികളുടെയും വെല്ലുവിളികൾ ലഘൂകരിക്കുന്നതിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യേണ്ടതുണ്ട്.
(അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റി സാമ്പത്തിക വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."