ലോകത്തിന് ചൈനയെ ആവശ്യമുണ്ട്; പാര്‍ട്ടിയുടെ 'പരമാധികാരി' ആയതിനു പിന്നാലെ ഷി ജിന്‍പിങ്
ബീജിങ്: പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനും സ്വയംസമര്‍പ്പിതരാകാന്‍ ജനതയോട് അഭ്യര്‍ത്ഥിച്ച് ജനറല്‍ സെക്രട്ടറി ഷി ജിന്‍പിങ്. സിപിസി ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമില്ലാതെ ചൈനയ്ക്ക് വളരാനാകില്ലെന്നും ലോകത്തിന് ചൈനയെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
40 വര്‍ഷത്തിലേറെയായുള്ള പരിഷ്കാരങ്ങള്‍ക്കും തുറന്നുകൊടുക്കലിനും ശേഷം രണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. 'ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും ദീര്‍ഘകാല സാമൂഹിക സ്ഥിരതയും. ചൈനയെ എല്ലാ അര്‍ഥത്തിലും ആധുനിക സോഷ്യലിസ്റ്റ് രാജ്യമാക്കി മാറ്റുന്നതിനുള്ള പുതിയ യാത്രയില്‍ ഞങ്ങള്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് പാര്‍ട്ടി ആത്മാര്‍ഥമായി നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. കടമകള്‍ നിറവേറ്റുന്നതില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കും''-ഷി പറഞ്ഞു.
ചൈനീസ് പ്രസിഡന്റായ ഷി ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയാകുന്നത്. മാവോയ്ക്ക് ശേഷം തുടര്‍ച്ചയായി രണ്ടിലധികം തവണ ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യ നേതാവെന്ന ചരിത്രനേട്ടവും ഷിയ്ക്ക് സ്വന്തം. ലി ക്വിയാങ് ആണ് പുതിയ പ്രധാനമന്ത്രി.
ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയുടെ ആദ്യ സമ്പൂര്‍ണ യോഗത്തിലാണ് പൊളിറ്റ് ബ്യൂറോയെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാര്‍ടിയെ നയിക്കാനുള്ള കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. 205 പൂര്‍ണ സമയ അംഗങ്ങളും 171 അള്‍ട്ടര്‍നേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 376 അംഗ കേന്ദ്ര കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. അച്ചടക്കത്തിനായുള്ള 133 അംഗ കേന്ദ്ര കമീഷനെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."