ഡിജിറ്റൽ സർവേ 3,200 താൽക്കാലിക ജീവനക്കാരുടെ നിയമനം അന്തിമഘട്ടത്തിൽ
ഇ.പി മുഹമ്മദ്
കോഴിക്കോട് • സംസ്ഥാനത്തെ ഭൂരേഖകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി നവംബർ ഒന്നിന് തുടങ്ങുന്ന സർവേയ്ക്കുവേണ്ടി ആദ്യഘട്ടം നിയമിക്കുന്നത് 3200 താൽക്കാലിക ജീവനക്കാരെ. 1500 സർവേയർമാരെയും 1700 ഹെൽപർമാരെയുമാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നാലുവർഷത്തേക്ക് നിയമിക്കുന്നത്.
സർവേയർമാരുടെ എഴുത്തുപരീക്ഷ എല്ലാ ജില്ലകളിലും പൂർത്തിയായി. ഇവരുടെ അഭിമുഖം ഉടൻ നടക്കും. എല്ലാ ജില്ലകളിലുമായി 3590 പേരാണ് പരീക്ഷ എഴുതിയത്. ഇതേ തസ്തികയ്ക്ക് നിലവിലുള്ള ശമ്പളം ലഭിക്കും. സർവേ നടക്കുന്ന മേഖലകളിൽ താമസത്തിന് ക്യാംപ് ഹൗസും ഉണ്ടാവും.
താൽക്കാലിക ഹെൽപർമാരെ നിയമിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 3200 ഹെൽപ്പർമാരെയാണ് വേണ്ടത്. ആദ്യഘട്ടത്തിൽ 1700 പേരെയാണ് നിയമിക്കുക.
ഡിജിറ്റൽ സർവേ നടത്തുന്നതിന് ആവശ്യമായ സർവേയർമാർ നിലവിൽ ഇല്ല. സർവേയർമാരുടെ 1788 തസ്തികകൾ ഉണ്ടെങ്കിലും കുറേ പേർ സർവിസിൽനിന്ന് വിരമിച്ചതോടെ 1650 പേരായി ചുരുങ്ങി. ഇത്രയും സർവേയർമാരെവച്ച് ഡിജിറ്റൽ സർവേ പൂർത്തീകരിക്കാൻ വർഷങ്ങളെടുക്കും. അതിനാലാണ് താൽക്കാലിക ജീവനക്കാരെ നിയോഗിക്കുന്നത്. സർവേയർമാരുടെ പി.എസ്.സി റാങ്ക് ലിസ്റ്റും നിലവിലില്ല.
സർവേ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ നിലവിൽ ഹെൽപർ തസ്തിയില്ല. തൽക്കാലത്തേക്ക് ഈ തസ്തിക സൃഷ്ടിച്ചിരിക്കുകയാണ്. ചെയിൻമാൻമാരെയാണ് സർവേയ്ക്ക് സഹായിക്കാൻ ഉപയോഗിച്ചിരുന്നത്.
കോർസ് നെറ്റ് വർക്ക്, ഡ്രോൺ ഉൾപ്പെടെയുള്ള ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് സർവേ നടത്തുന്നത്. റവന്യൂ, സർവേ, രജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിലെ ഭൂരേഖാ സേവനങ്ങളുടെ ഏകീകരണം ഡിജിറ്റൽ സർവേയിലൂടെ സാധ്യമാകുമെന്നാണ് സർക്കാർ പറയുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, നിർമിതികളുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര രേഖയും തയാറാക്കും.
ആദ്യഘട്ടത്തിൽ 200 വില്ലേജുകളിലായി 3.33 ലക്ഷം ഹെക്ടർ ഭൂമിയാണ് (ഏകദേശം 8.25 ലക്ഷം ഏക്കർ) ഡിജിറ്റലായി സർവേ നടത്തുക. എട്ടുമാസം കൊണ്ട് പൂർത്തിയാക്കേണ്ട ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലാണ് കൂടുതൽ ഭൂമിയുള്ളത്. 13 വില്ലേജുകളിലായി 61,438 ഹെക്ടറാണ് ഇവിടെ അളക്കുക.
ഏറ്റവും കൂടുതൽ വിസ്തൃതിയുള്ള വില്ലേജും ഇടുക്കിയിലാണ്. കെ.ഡി.എച്ച് വില്ലേജിൽ മാത്രം 27,029 ഹെക്ടർ അളക്കണം. കണ്ണൂരിലെ 10,730 ഹെക്ടർ ഉള്ള ആറളം വില്ലേജാണ് വിസ്തൃതിയിൽ രണ്ടാമത്. ആദ്യഘട്ടത്തിൽ ഏറ്റവും കുറവ് വിസ്തൃതിയുള്ള വില്ലേജ് കാസർകോട് ജില്ലയിലെ ഉജ്വാറുൽവാർ ആണ്. ഇവിടെ 170 ഹെക്ടർ ഭൂമിയാണുള്ളത്.
ഒരു വില്ലേജിൽ നാലോ അഞ്ചോ സംഘങ്ങളെയാണ് നിയോഗിക്കുക.ഡിജിറ്റൽ സർവേയ്ക്ക് മുന്നോടിയായി ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ നടന്നുവരികയാണ്. ഓരോപ്രദേശത്തും ഡിജിറ്റൽ സർവേ നടത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഇതിലൂടെ ഒരുക്കും.
858 കോടി രൂപയാണ് ഡിജിറ്റൽ സർവേക്കുള്ള മൊത്തം ചെലവ്. ഇതിൽ 438.46 കോടി രൂപ സർവേ വകുപ്പിന് അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റൽ സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരം ടാഗോർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."