ഡൽഹിയിൽ ബലാത്സംഗം ചെയ്ത് കൊന്നു കത്തിച്ച ഒമ്പതു വയസ്സുകാരിയുടെ ശരീരഭാഗങ്ങൾ സംസ്‌ക്കരിച്ചു
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പഴയ നംഗൽ പ്രദേശത്ത് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഒമ്പതുവയസ്സകാരിയായ ദലിത് പെൺകുട്ടിയുടെ ബാക്കിയുള്ള ശരീര ഭാഗങ്ങൾ മാതാപിതാക്കൾ ബുധനാഴ്ച സംസ്‌കരിച്ചതായി പൊലിസ്. കുട്ടിയുടെ ആന്തരാവയവങ്ങളുടെ ചില ഭാഗങ്ങളും കാൽ പാദങ്ങളും മാത്രമാണ് ലഭിച്ചിരുന്നത്. ബാക്കി ശരീരഭാഗങ്ങൾ കത്തി നശിച്ചിരുന്നു.
ദീൻ ദയാൽ ഉപാധ്യായ് ആശുപത്രിയിൽനിന്ന് പെൺകുട്ടിയുടെ ശരീര ഭാഗങ്ങൾ മാതാപിതാക്കളാണ് ഏറ്റുവാങ്ങിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളുടെ പഴയ നങ്കൽ ശ്മശാനത്തിൽ സംസ്‌കരിച്ചതായി പൊലിസ് ഡെപ്യൂട്ടി കമീഷണർ ഇങ്കിത് സിങ് പറഞ്ഞു.
ചടങ്ങുകൾ നടക്കുമ്പോൾ ശ്മശാനത്തിന് പുറത്ത് 25ലധികം പേർ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. ശ്മശാനത്തിലേക്ക് പ്രവേശിക്കാനും ശ്രമിച്ചു. എന്നാൽ മാതാപിതാക്കൾ വിസമ്മതിച്ചതോടെ പൊലിസ് പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ കുടുംബവും ബന്ധുക്കളും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധിച്ചു.
ആഗസ്റ്റ് ഒന്നിനാണ് ശ്മശാനത്തിൽ വെള്ളമെടുക്കാൻ പോയ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുരോഹിതൻ ഉൾപ്പെടെയുള്ള പ്രതികൾ കുട്ടിയുടെ മൃതദേഹം ബലമായി സംസ്‌കരിക്കുകയുമായിരുന്നു. പെൺകുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും അതിനാൽ പൊലിസിൽ വിവരം അറിയിക്കേണ്ടയെന്നും മാതാപിതാക്കളെ തെറ്റിദ്ധരിപ്പിച്ചു. പൊലിസ് ഇടപെട്ടാൽ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും പ്രശ്‌നം ഗുരുതരമാകുമെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
മുംബൈ പൊലിസ് ക്രൈം ബ്രാഞ്ചിനാണ് കേസ് അന്വേഷണം. പിടിയിലായ നാലു പ്രതികളും ഇപ്പോൾ പൊലിസ് കസ്റ്റഡിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."