എൻ.സി.പിയിൽ ഭിന്നത രൂക്ഷം; അധ്യക്ഷനെതിരേ പടയൊരുക്കം
ദിൽഷാദ് മുഹമ്മദ്
കൊച്ചി • നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി)യുടെ അകത്തളങ്ങളിലെ മുറുമുറുപ്പുകളും അമർഷങ്ങളും പുറത്തേക്കു പടരുന്നതോടെ പാർട്ടിയിൽ ഭിന്നത രൂക്ഷമാകുന്നു. സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ എൻ.സി.പിയുടെ കീഴ്‌വഴക്കങ്ങളെ പോലും മാറ്റിയെഴുതുന്ന രീതിയിലാണെന്നാരോപിച്ച് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.
മുൻ ദേശീയ സെക്രട്ടറി ആയിരുന്ന എൻ.എ മുഹമ്മദ്കുട്ടിയാണ് പി.സി ചാക്കോക്കെതിരേ പരസ്യ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മുഹമ്മദ്കുട്ടിയെ പിന്തുണച്ച് ചില സംസ്ഥാന, ജില്ലാ ഭാരവാഹികളും പിന്നണിയിലുണ്ട്.
പി.സി ചാക്കോയുടെ ഏകാധിപത്യമാണ് പാർട്ടിയിലെന്നും എതിർപ്പു പ്രകടിപ്പിക്കുന്നവരെ ഒഴിവാക്കുകയോ സ്ഥാനമാനങ്ങൾ ഇല്ലാതാക്കുകയോ ചെയ്യുകയോ ആണെന്നാണ് വിമതപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം.
പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പി.സി ചാക്കോയും മുൻ ദേശീയ സെക്രട്ടറിയായ മുഹമ്മദ്കുട്ടിയുമാണ് മത്തരരംഗത്തുണ്ടായിരുന്നത്. എന്നാൽ രഹസ്യബാലറ്റ് എന്ന കീഴ്‌വഴക്കം പോലും ലംഘിച്ച് കൈപൊക്കിയാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചത്. ഇത് പാർട്ടിക്കകത്ത് വിമർശനങ്ങൾക്കും എതിർപ്പിനും കളമൊരുക്കി. കീഴ്‌വഴക്കങ്ങൾ ലംഘിച്ചെന്നാരോപിച്ച് വോട്ടെടുപ്പിൽനിന്ന് മുഹമ്മദ്കുട്ടി ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിന്റെ തുടർനടപടി എന്നോണം മുൻകൂട്ടി നോട്ടിസ് നൽകാതെ മുഹമ്മദ്കുട്ടിയെ പുറത്താക്കിയാണ് പി.സി ചാക്കോ പ്രതികരിച്ചത്. എറണാകുളം അഡിഷണൽ മുൻസിഫ് കോടതിയിൽ ഇതിനെതിരെ മുഹമ്മദ് കുട്ടി ഫയൽ ചെയ്ത കേസിൽ അധ്യക്ഷന്റെ നീക്കത്തിന് സ്‌റ്റേ വാങ്ങി.
സംസ്ഥാന അധ്യക്ഷനെതിരെ രഹസ്യമായി പലയിടങ്ങളിലും യോഗം ചേർന്ന്് വിമതർ പദ്ധതികൾ തയാറാക്കുന്നുണ്ട്. തനിക്ക് താൽക്കലികമായി അനുകൂലവിധി ലഭിച്ചതോടെ മുഹമ്മദ്കുട്ടി പാർട്ടിക്കകത്ത് നിന്നു ശക്തിയോടെ പോരാടുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."