ടൂറിസ്റ്റ് ബസുകൾക്കെതിരായ നടപടി ഇതരസംസ്ഥാന ബസുകളോടുന്നത് തോന്നിയപോലെ
ഫൈസൽ കോങ്ങാട്
പാലക്കാട് • സംസ്ഥാനത്ത് നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാന മോട്ടോർവാഹന വകുപ്പ് നടപ്പിലാക്കിവരുന്ന ഫോക്കസ് – 3 സ്‌പെഷ്യൽ ഡ്രൈവിൽ കടുത്ത വിവേചനം. വടക്കഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ തുടങ്ങിയ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങിയത്. എന്നാൽ കടുത്ത നിയമലംഘനങ്ങൾ നടത്തിയ ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകൾ കേരളനിരത്തുകളിൽ നിറഞ്ഞുനിൽക്കുമ്പോഴും മോട്ടോർവാഹന വകുപ്പിന്റെ നടപടികൾ കേരള ബസുകളിലൊതുങ്ങുകയാണ്. കർണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള ബസുകളാണ് നിയമനടപടികളിൽ പെടാതെ നിയമലംഘനം തുടരുന്നത്.
വടക്കഞ്ചേരി അപകടം നടന്ന സമയത്ത് നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിർദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. കേരള രജിസ്‌ട്രേഷനുള്ള ബസുകളിൽ നിയമം ലംഘിക്കുന്നവരുടെ പെർമിറ്റ് റദ്ദാക്കുമെന്ന് സംസ്ഥാന ട്രാൻപോർട്ട് കമ്മീഷണറും വ്യക്തമാക്കിയിരുന്നു.
വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരേയും കേസെടുക്കുന്നുണ്ട്. നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാറാണ് പതിവ്. എന്നാൽ, പിഴയടച്ച ശേഷം വീണ്ടും പഴയ രീതിയിൽ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാൻ ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കുന്ന നടപടിയാണുണ്ടാകുന്നത്. എന്നാൽ ഈ നടപടികളിൽ നിന്നാണ് ഇതര സംസ്ഥാന ബസുകൾ ഒഴിവാകുന്നത്.
അവരുടെ സംസ്ഥാനത്ത് നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയില്ലാത്തതാണ് കാരണം. അതേസമയം സംസ്ഥാന മോട്ടോർവാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 കേരള ടൂറിസ്റ്റ് ബസുകളാണ്. അമിതവേഗതയ്ക്ക് മാത്രം 1752 ബസുകളെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. അമിതമായി ലൈറ്റിങ് സംവിധാനം ഉപയോഗിച്ചതിന് 342 ബസുകൾക്ക് പിഴയിട്ടു.
ടൂറിസ്റ്റ് ബസുകളുടെ അനധികൃത രൂപമാറ്റം, സ്പീഡ് ഗവർണറുകളിലെ കൃത്രിമം, അമിതവേഗത, അലക്ഷ്യമായി വാഹനമോടിക്കൽ, അനധികൃത ലൈറ്റിങ് ശബ്ദസംവിധാനം, പുകയും പൂത്തിരിയും കത്തിക്കൽ തുടങ്ങി വിവിധ നിയമ ലംഘനങ്ങളാണ് ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയത്.
എന്നാൽ ഇതേരീതിയിൽ സംസ്ഥാനത്തെത്തുന്ന ഇതര സംസ്ഥാന ബസുകൾക്കെതിരേ എന്ത് നടപടിയെടുക്കുമെന്ന നിഗമനംപോലും അധികൃതർക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."