ചരിത്രം വഴിമാറുന്നു; ബ്രിട്ടനെ നയിക്കാന്‍ ഇന്ത്യന്‍ വംശജന്‍, ഋഷി സുനക് പ്രധാനമന്ത്രി
ലണ്ടന്‍: എതിരാളി പെന്നി മോര്‍ഡൗണ്ടും പിന്മാറിയതോടെ, ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ഇന്ത്യ ദീപാവലി ദിനം ആഘോഷിക്കവേയാണ് 'ദ ഗ്രേറ്റ് ബ്രിട്ടന്റെ' പ്രഥമ പൗരനാകാന്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനക് ഒരുങ്ങുന്നത്. ഇന്ത്യന്‍ വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി കൂടിയാവും അദ്ദേഹം. ഒക്ടോബര്‍ 28നാണ് ഋഷി സുനക് അധികാരമേല്‍ക്കുക.
100 എം.പിമാരുടെ പിന്തുണ നേടാനാകാതെ പോയതോടെയാണ്, മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡൗണ്ട് പിന്മാറുന്നത്. 357 കണ്‍സര്‍വേറ്റീവ് എം.പിമാരില്‍ പകുതിയിലേറെപ്പേരും ഋഷി സുനകിനെയാണ് പിന്തുണച്ചത്. ബോറിസ് ജോണ്‍സന്റെയും റിഷി സുനകിന്റെയും പേരുകളായിരുന്നു പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മത്സരത്തില്‍ നിന്നും ബോറിസ് പിന്മാറിയതോടെ റിഷി സുനക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത്.
ബോറിസ് ജോണ്‍സന്‍ രാജിവെച്ച ഒഴിവിലേക്ക് നടത്തിയ തെരഞ്ഞെടുപ്പില്‍ ലിസ് ട്രസ്, ഋഷി സുനകിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, 45 ദിവസം മാത്രം അധികാരത്തിലിരുന്ന ലിസ് ട്രസ് ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് രാജിവെച്ച് ഒഴിയുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസ് മടങ്ങിയത്.
അതേസമയം, പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതോടെ റിഷി സുനകിന് മുന്നിലും നിരവധി വെല്ലുവിളികളാണുള്ളത്. പ്രതിസന്ധി നേരിടുന്ന ബ്രീട്ടീഷ് സാമ്പത്തിക രംഗത്തെ പഴയപടിയാക്കുക എന്നതാണ് അതില്‍ പ്രധാനം. സാമ്പത്തിക പ്രശ്നത്തോടൊപ്പം റഷ്യ-ഉക്രൈന്‍ യുദ്ധം, ഇന്ധന പ്രതിസന്ധി, കുടിയേറ്റ നയം എന്നിവയാണ് പുതിയ പ്രധാനമന്തിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."