ലക്ഷ്യമിടുന്നത് രാഷ്ട്രപതി ഭരണം
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്ചെയ്തതിന് പിന്നാലെയുള്ള ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ ഭരണ സാഹചര്യം നിരീക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍. രാജിവയ്ക്കില്ലെന്ന് എ.എ.പി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെട്ടെന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണോ എന്നതുള്‍പ്പെടെയുള്ള സാഹചര്യമാണ് കേന്ദ്രം പരിശോധിക്കുന്നത്.
എന്നാല്‍ കേസില്‍ ഇതുവരെ കോടതി നടപടികളിലേക്ക് കടക്കാതിരിക്കുകയും കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുകയും ചെയ്തിട്ടില്ലാത്തതിനാല്‍ രാജിവയ്ക്കാതെ ജയിലിലിരുന്ന് ഭരിക്കാനാകുമെന്നാണ് എ.എ.പിക്ക് ലഭിച്ച നിയമോപദേശം. എന്നാല്‍ ജയിലിലിരുന്നുള്ള ഭരണം, സാധാരണ ഭരണനടപടിക്രമങ്ങളിലേത് പോലെ സ്വാഭാവികമായിരിക്കില്ലെന്നും വിവിധ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്നും അപ്പോള്‍ ഇടപെടാമെന്നുമാണ് കേന്ദ്രം ആലോചിക്കുന്നത്. തിടുക്കത്തില്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാക്കുകയാണെങ്കില്‍ മുമ്പ് ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത് പോലെ കോടതിയില്‍നിന്ന് തിരിച്ചടി നേരിടുമോയെന്ന ഭയവും കേന്ദ്രത്തിനുണ്ട്.
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നതുവരെ രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് എ.എ.പി. അറസ്റ്റിലായ ഡി.എം.കെ മന്ത്രിയോട് രാജിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടില്ലാത്തത് അടക്കമുള്ള സാഹചര്യവും പാര്‍ട്ടി പരിഗണിച്ചു. ജയിലിലിരുന്ന് ഭരിക്കാമെന്ന് തിഹാര്‍ ജയിലധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
നിയമതടസമില്ലെങ്കിലും ചില ഭരണനിര്‍വഹണ വെല്ലുവിളികള്‍ ഉണ്ടായേക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകനും അഡീഷനല്‍ സോളിസിറ്റര്‍ ജറലുമായ വികാസ് സിങ് പറഞ്ഞു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതും തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങിയതും.
കെജ്രിവാള്‍
ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം നിരസിച്ച കോടതി കേസ് ബുധനാഴ്ച കേള്‍ക്കാമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."