പതിയെ തുടങ്ങുന്ന ചാലക്കുടിപ്പെരുക്കം - യു.ഡി.എഫ് കോട്ട ചാടിക്കടക്കാന്‍ സി. രവീന്ദ്രനാഥിനാകുമോ
കൊച്ചി: വേനല്‍ക്കാലത്തെ ചാലക്കുടി, പെരിയാര്‍ പുഴകള്‍ പോലെ ശാന്തമായി ഒഴുകുകയാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രംഗവും. പ്രളയകാലത്തെ പോലെ രൗദ്രഭാവത്തിലേക്ക് മാറണമെങ്കില്‍ മുന്നണികള്‍ വീറുംവാശിയുമായി കളം നിറയണം. ഇവിടെ തെരഞ്ഞെടുപ്പു പ്രചാരണം അതിന്റെ താളം കണ്ടെത്തി വരുന്നതേയുള്ളൂ.
രണ്ടാം വിജയം തേടിയിറങ്ങുന്ന യു.ഡി.എഫിന്റെ ബെന്നി ബഹനാന് വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫിന്റെ സൗമ്യനായ പോരാളി മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആണ് രംഗത്തുള്ളത്. വോട്ടുയര്‍ത്താന്‍ കെ.എ ഉണ്ണികൃഷ്ണനിലൂടെ എന്‍.ഡി.എ ലക്ഷ്യമിടുന്നു. മുന്നണികളുടെ വോട്ടുചോര്‍ത്തുന്ന ഘടകമായി ട്വന്റി ട്വന്റിയുടെ അഡ്വ.ചാര്‍ളി പോളും രംഗത്തുണ്ട്.
തൃശൂര്‍ ജില്ലയുടെ മൂന്നും എറണാകുളം ജില്ലയുടെ നാലും നിയമസഭാ മണ്ഡലമടങ്ങുന്നതാണ് ചാലക്കുടി ലോക്സഭാ മണ്ഡലം. ഇവയില്‍ ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളെ യു.ഡി.എഫും കയ്പമംഗലം, കൊടുങ്ങല്ലൂര്‍, കുന്നത്തുനാട് മണ്ഡലങ്ങളെ എല്‍.ഡി.എഫുമാണ് പ്രതിനിധീകരിക്കുന്നത്.
മുകുന്ദപുരം ലോക്സഭാ മണ്ഡലം പുനര്‍നിര്‍ണയത്തിലൂടെ 2009ലാണ് ചാലക്കുടിയായി മാറിയത്. മുകുന്ദപുരം മണ്ഡലമായിരിക്കെ കോണ്‍ഗ്രസിന്റെ മുടിചൂടാ മന്നന്‍മാരായ പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. കരുണാകരന്‍ എന്നിവരെ വിജയിപ്പിച്ചപ്പോള്‍ നാരായണന്‍കുട്ടി മേനോന്‍, ലോനപ്പന്‍ നമ്പാടന്‍, ഇ. ബാലാനന്ദന്‍ എന്നീ ഇടതുപക്ഷക്കാരെയും പാര്‍ലമെന്റിലെത്തിച്ചു.
ചാലക്കുടിയില്‍ ഇത് നാലാമങ്കമാണ്. കെ.പി ധനപാലന്‍, ബെന്നി ബെഹനാന്‍ എന്നിവരിലൂടെ യു.ഡി.എഫും നടന്‍ ഇന്നസെന്റിലൂടെ എല്‍.ഡി.എഫും മണ്ഡലത്തെ പ്രതിനിധീകരിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ഈഴവ, മുസ്ലിം സമുദായങ്ങള്‍ക്കും ശക്തമായ സ്വാധീനമുണ്ട്. 2019ല്‍ തൃക്കാക്കര എം.എല്‍.എയായിരിക്കെയാണ് ബെന്നി ബഹനാന്‍ ചാലക്കുടി തിരിച്ചുപിടിക്കാന്‍ എത്തുന്നത്. സിറ്റിങ് എം.പിയായ സിനിമാ താരം ഇന്നസെന്റിനെ 1,22,274 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബെന്നി ബഹനാന്‍ തറപറ്റിച്ചത്.
ഇക്കുറി ഭൂരിഭാഗം മണ്ഡലങ്ങളിലും സിറ്റിങ് എം.പിമാരെ കോണ്‍ഗ്രസ് നിയോഗിച്ചുവെങ്കിലും ചാലക്കുടിയില്‍ കോണ്‍ഗ്രസിന് ബെന്നിയല്ലാതൊരു ബദല്‍ ഇല്ലായിരുന്നുവെന്നതാണ് സത്യം. സ്ഥാനാര്‍ഥിയെ ആദ്യം തന്നെ പ്രഖ്യാപിച്ചുവെങ്കിലും മണ്ഡലത്തില്‍ സി. രവീന്ദ്രനാഥല്ലാതെ മറ്റൊരു സ്ഥാനാര്‍ഥി എല്‍.ഡി.എഫിന് മുന്നിലില്ലായിരുന്നു.
ആദ്യ പിണറായി സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന രവീന്ദ്രനാഥ് തെരഞ്ഞെടുപ്പു രംഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കെ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സ്ഥാനാര്‍ഥിയാകുന്നത്. മനസില്ലാ മനസോടെ ഗോദയിലിറങ്ങിയെങ്കിലും പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ കൈപിടിച്ച് രവീന്ദ്രനാഥ് സജീവമാകുന്നുണ്ട്. എറണാകുളം ജില്ലയിലെ പ്രദേശങ്ങളിലുള്ള വ്യക്തി ബന്ധങ്ങളും രവീന്ദ്രന്‍ മാഷെന്ന് വിളിപ്പേരുള്ള അദ്ദേഹത്തിനുണ്ട്.
കെ.എ ഉണ്ണികൃഷ്ണന്‍ 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ആയിരുന്നു. എസ്.എന്‍.ഡി.പി യോഗം ചാലക്കുടി യൂനിയന്‍ സെക്രട്ടറി, കേന്ദ്ര റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു വരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് , പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ എന്‍.ഡി.എയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ട്വന്റിട്വന്റി തെരഞ്ഞെടുപ്പിനിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."