വില വീണ്ടും ഇടിഞ്ഞു; ദുരിതംപേറി റബര്‍കര്‍ഷകര്‍
തിരുവനന്തപുരം: റബര്‍ വില വീണ്ടും താഴേയ്ക്ക്. 131 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റബര്‍ വിപണനം നടന്നത്. രാജ്യാന്തരവിപണിയില്‍ കിലോയ്ക്ക് 13 രൂപ വരെ കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്. നേരത്തേ വിലയിടിവ് തടയാന്‍ കൊണ്ടുവന്ന റബര്‍ വില സ്ഥിരതാഫണ്ടിന്റെ പ്രവര്‍ത്തനം നിലച്ചതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
ടയര്‍ കമ്പനികളുടെ സംഘടിത നീക്കമാണ് വിലയിടിവിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വരുദിനങ്ങളില്‍ വില 125 ലും താഴെപ്പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓണക്കാലമായതിനാല്‍ കുറഞ്ഞവിലയ്ക്കും റബര്‍ വില്‍ക്കാന്‍ കര്‍ഷകര്‍ തയാറാകുമെന്നതിനാലാണ് വിലയിടിക്കാന്‍ ടയര്‍ കമ്പനികള്‍ തുനിഞ്ഞതെന്ന് കരുതപ്പെടുന്നു. റബര്‍ സ്റ്റോക്കുള്ള ചെറുകിട, വന്‍കിട വ്യാപാരികളും ഇതോടെ പ്രതിസന്ധിയിലായി.
വിലയിടിവില്‍ നിന്നും കര്‍ഷകന് ആശ്വാസം പകരാനായി യു.ഡി.എഫ് സര്‍ക്കാര്‍ റബര്‍ വിലസ്ഥിരതാഫണ്ട് പദ്ധതി കൊണ്ടുവന്നിരുന്നു. വില എത്രതന്നെ ഇടിഞ്ഞാലും കര്‍ഷകന് കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കഴിഞ്ഞവര്‍ഷം ജൂലൈ മാസത്തില്‍ ആരംഭിച്ച പദ്ധതിയ്ക്ക് 500 കോടി രൂപ മാറ്റിവയ്ക്കുകയും ചെയ്തു. അന്ന് റബര്‍വില കിലോയ്ക്ക് 100 രൂപയിലും താഴെയായിരുന്നു.
കഴിഞ്ഞ മെയ്മാസം മുതല്‍ സബ്‌സിഡിയിനത്തില്‍ കര്‍ഷകര്‍ക്ക് ഇതുവരെ നൂറ് കോടിയോളം രൂപ ലഭിക്കാനുണ്ട്. ഇടത് സര്‍ക്കാര്‍ വിലസ്ഥിരതാ പദ്ധതിയ്ക്കായി ബജറ്റില്‍ തുക നീക്കി വയ്ക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. പദ്ധതിയുടെ തുടര്‍ നടത്തിപ്പിനെക്കുറിച്ച് യാതൊരു അറിയിപ്പോ നിര്‍ദേശമോ ലഭിച്ചിട്ടില്ലെന്നാണ് റബ്ബര്‍ ബോര്‍ഡ് നിലപാട്.
റബര്‍ ബോര്‍ഡിന്റെ സഹകരണത്തോടെ റബര്‍ ഉല്‍പ്പാദക സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിക്കുന്ന രീതിയിലാണ് വിലസ്ഥിരതാഫണ്ട് രൂപപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നുമാസമായി സബ്‌സിഡി തുക കര്‍ഷകര്‍ക്ക് ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ മാറിയശേഷം ഈ പദ്ധതി തുടര്‍ന്നു കൊണ്ടുപോകണോയെന്ന കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം വന്നിട്ടില്ലെന്ന നിലപാടിലാണ് റബര്‍ബോര്‍ഡ് ഉദ്യോഗസ്ഥര്‍. നേരത്തേ സബ്‌സിഡിയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് പണം ലഭ്യമായില്ലെന്ന് മാത്രമല്ല പുതുതായി സബ്‌സിഡിക്കുള്ള അപേക്ഷകളൊന്നും സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് റബര്‍ ബോര്‍ഡ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."