ഗവ.ആശുപത്രികള്‍ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യരംഗത്ത് സമഗ്രമാറ്റത്തിന് ആരോഗ്യവകുപ്പിനുകീഴില്‍ പുതിയ പദ്ധതി തയാറാവുന്നു. കുടുംബ ഡോക്ടര്‍ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളും കുടുംബാരോഗ്യ പദ്ധതിയിലൂടെ അടിസ്ഥാന വികസനവും രോഗികള്‍ക്കാവശ്യമായ സഹായങ്ങളും ഉറപ്പുവരുത്തുന്നതാണ് പുതിയ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും കേന്ദ്രീകരിച്ചാണ് പദ്ധതി തയാറാവുന്നത്. ആദ്യഘട്ടം എന്ന നിലയ്ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക്, മെഡിക്കല്‍ കോളജ് ആശുപത്രികളിലും നടപ്പാക്കും. സാംക്രമിക രോഗങ്ങള്‍ തടയുക, അപകടത്തില്‍പ്പെടുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുക, ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുക, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
കുടുംബ ശ്രീ, സന്നദ്ധ സംഘടനകള്‍, വിദ്യാലയങ്ങള്‍ എന്നീവ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. അടുത്ത നിയമസഭാ സമ്മേളനത്തോടെ പദ്ധതിയുടെ പൂര്‍ണരൂപമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സുപ്രഭാതത്തോട് പറഞ്ഞു. നിലവില്‍ ചെറിയ ചികിത്സയ്ക്കും മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്ന നിലവിലെ വ്യവസ്ഥയ്ക്ക് ഇതിലൂടെ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുന്നതോടെ കുടുംബ ഡോക്ടര്‍ വഴി ചികിത്സാചെലവ് കുറയ്ക്കാന്‍ കഴിയും. ഇതിനായി ആരോഗ്യകാര്‍ഡ് ഉള്‍പ്പെടെ തയാറാക്കി രോഗവിവരങ്ങള്‍ ശേഖരിക്കും.
പദ്ധതിയുടെ നടത്തിപ്പിനായുള്ള ആദ്യഘട്ടയോഗം കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ത്രിതല പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി വിജയിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."