ഹജ്ജ് ക്യാംപില്‍ തിരക്കേറിയ ആറാം ദിനം
നെടുമ്പാശ്ശേരി: തീര്‍ഥാടകരുടെ തിരക്ക് ഏറെയുണ്ടായിരുന്ന ദിനം കൂടിയായിരുന്നു ഹജ്ജ് ക്യാംപിന്റെ ആറാം ദിനം. യാത്രാവിമാനങ്ങളുടെ സമയക്രമീകരണം വെള്ളിയാഴ്ചയായ ഇന്നലെ തീര്‍ഥാടകരെ യാത്രായാക്കാന്‍ എത്തിയവര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമായി മാറി. ഉച്ചയ്ക്ക് ഒന്നിന് ഷെഡ്യൂള്‍ ചെയ്തിരുന്ന സഊദി എയര്‍ലൈന്‍സിന്റെ വിമാനം വൈകീട്ട് 4.15 ലേക്ക് മാറ്റിയതോടെ തീര്‍ഥാടകര്‍ക്കും യാത്രയാക്കാന്‍ എത്തിയവര്‍ക്കും ജുമുഅ നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതായി. ഇന്നലെ രണ്ട് വിമാനങ്ങളിലായി പുറപ്പെടുന്ന 800 തീര്‍ഥാടകര്‍ക്ക് പുറമേ ഇന്ന് പുറപ്പെടാനുള്ള ആയിരം തീര്‍ഥാടകരും അവരെ യാത്രയാക്കാന്‍ എത്തിയവരും കൂടി ക്യാംപിലേക്ക് എത്തിയതോടെ ഇതുവരെയുള്ള ദിവസങ്ങളേക്കാള്‍ തിരക്കേറിയ ദിനമായി ഇന്നലെ മാറി.
ഇന്നലെ ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനത്തില്‍ മാറ്റം ഉണ്ടായതിനെ തുടര്‍ന്ന് 100 തീര്‍ഥാടകരെ ഇന്ന് അയക്കുന്നതിനായി ക്രമീകരണം ഏര്‍പ്പെടുത്തിയതോടെയാണ് ആയിരം തീര്‍ഥാടകര്‍ക്ക് യാത്രതിരിക്കാനുള്ള സാഹചര്യം ഉണ്ടായത്. സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 5519 വിമാനത്തില്‍ വൈകീട്ട് 4.15 ന് 450 പേരും എസ്.വി 5593 വിമാനത്തില്‍ രാത്രി എട്ടിന് 350 പേരും യാത്രയായി. 4 19 സ്തീകളും 381 പുരുഷന്മാരുമാണ് ഇന്നലെ യാത്രയായത്. ഇന്നലെ 900 പേരാണ് യാത്രകേണ്ടിയിരുന്നത്. എന്നാല്‍ ഇന്നലെ പോകേണ്ട ഒരു വിമാനം ചെറിയ വിഭാഗത്തിലുള്ളതായതോടെ ബാക്കിവന്ന 100 തീര്‍ഥാടകരെ ഇന്ന് പോകുന്നതിനായി ക്രമീകരിച്ചു. ഇതോടെ ഇന്ന് മൂന്ന് വിമാനങ്ങളിലായി ആയിരം തീര്‍ഥാടകര്‍ പുറപ്പെടും. ഇന്നത്തെ വിമാനസമയങ്ങളിലും സഊദി എയര്‍ലൈന്‍സ് മാറ്റം വരുത്തി. ഇന്നത്തെ ആദ്യവിമാനം എസ്.വി 5409 വൈകീട്ട് 4.15 ന് 250 തീര്‍ഥാടകരുമായി പുറപ്പെടും. പിന്നാലെ എസ്.വി 5513 വൈകീട്ട് 5.35 ന് 300 പേരുമായും എസ്.വി 5671 രാത്രി പത്തിന് 450 തീര്‍ഥാടകരുമായും പുറപ്പെടും. ഇന്നലെയും വിമാനസമയങ്ങളില്‍ മാറ്റംവന്നെങ്കിലും തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഹജ്ജ് കമ്മിറ്റി യാത്രാക്രമീകരണങ്ങള്‍ നടത്തി. തീര്‍ഥാകരുടെയും അവരെ യാത്രയാക്കാന്‍ എത്തിയവരുടെയും എണ്ണം വര്‍ധിച്ചുവെങ്കിലും പരമാവധി സൗകര്യങ്ങള്‍ നല്‍കികൊണ്ട് വളണ്ടിയര്‍മാരും ഉദ്യോഗസ്ഥരും കര്‍മനിരതരായി മാറി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ.ബാബു, കൊടിക്കുന്നേല്‍ സുരേഷ് എം.പി എന്നിവര്‍ ഇന്നലെ ഹജ്ജ് തീര്‍ഥാകര്‍ക്ക് ആശംസനേരാന്‍ എത്തിയിരുന്നു.
ആദ്യസംഘത്തിന്റെ യാത്രയയപ്പ് പ്രാര്‍ഥനയ്ക്ക് മുഹമ്മദ് തൗഫീക്ക് മൗലവിയും രണ്ടാമത്തെ സംഘത്തിന്റെ യാത്രയയപ്പ് യോഗത്തില്‍ സയ്യിദ് ഹാശിം തങ്ങളും നേതൃത്വം നല്‍കി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പുറപ്പെടുന്ന ലക്ഷദ്വീപ്, മാഹി കേന്ദ്രഭരണപ്രദേശങ്ങളിലെ തീര്‍ഥാടകരുടെ യാത്രക്രമീകരണങ്ങളും ഷെഡ്യൂളായി. ഇവര്‍ ക്യാംപിന്റെ അവസാനദിവസമായ സെപ്റ്റംബര്‍ അഞ്ചിനാണ് പുറപ്പെടുന്നത്. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റിയുടെ ഭാരവാഹികള്‍ ഇന്നലെ സംസ്ഥാന ഹജ്ജ് ക്യാംപിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."