വിമാന സമയത്തിലെ മാറ്റം മാതാവിന്റെ മയ്യിത്ത് കാണാന്‍ ലൈലയ്ക്ക് അവസരം ലഭിച്ചു
നെടുമ്പാശ്ശേരി: മാതാവിന്റെ വേര്‍പാടിന്റെ വേദന നെഞ്ചിലൊതുക്കി വിതുമ്പുന്ന മനസുമായി ഹജ്ജ്കര്‍മം നിര്‍വഹിക്കുന്നതിനായി ലൈല ഇന്നലെ നെടുമ്പാശ്ശേരിയില്‍ നിന്നും യാത്രയായി. അവിചാരിതമായി വിമാന സമയത്തില്‍ മാറ്റം വന്നതിനാലാണ് ലൈലയ്ക്ക് മാതാവിന്റെ മൃതശരീരം അവസാനമായി കാണാന്‍ ഭാഗ്യമുണ്ടായത്. ചെങ്ങമനാട് പാലപ്രശ്ശേരി പറേലില്‍ വീട്ടില്‍ പരേതനായ കൊച്ചിന്റെ ഭാര്യ നബീസയാണ് ഇന്നലെ മരണമടഞ്ഞത്. ഇവരുടെ മൂത്ത മകള്‍ ലൈല ഭര്‍ത്താവിനോടൊപ്പമാണ് ഇന്നലെ രാത്രി എട്ടിന് പുറപ്പെട്ട വിമാനത്തില്‍ ജിദ്ദയിലേക്ക് യാത്രയായത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഷെഡ്യൂള്‍ ചെയ്തിരുന്ന സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഇവര്‍ യാത്രയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. യാത്രയ്ക്ക് തയാറായി വ്യാഴാഴ്ച്ച വൈകീട്ടോടെ ഇരുവരും നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ എത്തിയിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബാഗേജ് ചെക്കിങും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച്ച രാത്രിയോടെ ഇവര്‍ യാത്രയാകേണ്ട വിമാനസമയത്തില്‍ മാറ്റം വന്നതായി അറിയിപ്പ് ലഭിച്ചു.
വിമാനസമയം രാത്രി എട്ട് എന്ന് പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇന്നലെ രാവിലെ 9.30 ഓടെയാണ് ലൈലയുടെ മാതാവ് മരണപ്പെട്ട വിവരം ഹജ്ജ് ക്യാംപില്‍ അറിയിക്കുന്നത്. യാത്രയ്ക്ക് തയാറായി റിപ്പോര്‍ട്ട് ചെയ്താല്‍ പിന്നീട് ക്യാംപില്‍ നിന്നും പുറത്തുപോകാന്‍ സാധാരണ നിലയില്‍ തീര്‍ഥാടകര്‍ക്ക് അനുമതിയില്ല. ഹജ്ജ് കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെ ലൈലയ്ക്ക് മാതാവിന്റെ മൃതദേഹം കാണാന്‍ അനുമതി ലഭിക്കുകയായിരുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷക്കാരുടെ അപേക്ഷയിലുള്ള കാറ്റഗറിയിലാണ് ഇവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."