അഫ്ഗാനിലെ സൈനിക പിന്മാറ്റം: തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നു, നടപടിയില്‍ കുറ്റബോധമില്ല; ഒടുവില്‍ മൗനം വെടിഞ്ഞ് ബൈഡന്
വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിലെ വെടിവെപ്പിനും സൈനിക പിന്മാറ്റത്തിനുമെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴും ന്യായീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനില്‍ നിന്നും യു.എസ്സേനയെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ബൈഡന് വ്യക്തമാക്കി. സേനയെ പിന്‍വലിച്ചതില്‍ കുറ്റബോധമില്ലെന്നും ബൈഡന് പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ സഹായവും അഫ്ഗാന് നല്‍കിയെന്നും യു.എസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നു. 20 വര്‍ഷത്തിനു ശേഷം സൈന്യത്തെ പിന്‍വലിക്കാന്‍ ഇതിലും അനുകൂലമായ മറ്റൊരു സമയമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്' അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പൗരന്മാരേയും അര്‍ഹരായ അഫ്ഗാനികളേയും പുറത്തെത്തിക്കുന്നത് വരെ യു.എസ് സൈന്യം അഫ്ഗാനില്‍ തുടരും. ഈ നീക്കത്തിന് താലിബാന് എന്തെങ്കിലും തടസം സൃഷ്ടിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന മുന്നറിയിപ്പും ബൈഡന് നല്കി. 5000ത്തോളം സൈനികരെ കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷക്കായി യു.എസ് നിയോഗിച്ചിട്ടുണ്ട്. അര്‍ഹരായ അഫ്ഗാന് പൗരന്മാര്ക്ക് പ്രത്യേക വിസ അനുവദിക്കുമെന്നും ബൈഡന് പറഞ്ഞു.
അഫ്ഗാനിലെ സ്ഥിതിഗതികള്‍ അമേരിക്കന്‍ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. അഫ്ഗാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. എന്നാല്‍, അഫ്ഗാന്റെ ഭാവിക്കായി അവിടത്തെ രാഷ്ട്രീയനേതാക്കള്‍ക്ക് ഒന്നിച്ച് നില്ക്കാന് സാധിച്ചില്ലെന്നും ബൈഡന് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."