ഐടി ചട്ടം ഭേദഗതിചെയ്തു; പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ ഇനി മുതല്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ സര്‍ക്കാര്‍ നിയമിക്കുന്ന പരാതി പരിഹാര സെല്ലിനെ സമീപിക്കാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ എല്ലാ കമ്പനികള്‍ക്കും ഇന്ത്യയിലെ നിയമം ബാധകമാണെന്നും ഭേദഗതിയില്‍ പറയുന്നു.
ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. വിദഗ്ധരും കമ്പനികളടക്കമുള്ളവരുടെയും വിവിധ തലങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ചട്ടം ഭേദഗതി ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയായിരിക്കും സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇനി പരിശോധിക്കുക.
മൂന്ന് മാസത്തിനുള്ളില്‍ സമിതി നിലവില്‍ വരും. ചെയര്‍പേഴ്‌സനടക്കം ഈ സമിതിയില്‍ മൂന്ന് സ്ഥിരാംഗങ്ങളായിരിക്കും ഉണ്ടാകുക. വിദഗ്ധരുടെ സഹായവും സമിതി തേടും. നിലവില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ സ്വന്തം നിലയ്ക്ക് പരാതി പരിഹാര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. കമ്പനികള്‍ പരാതികള്‍ 24 മണിക്കൂറിനുള്ള അംഗീകരിക്കണം. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തില്‍ കമ്പനികള്‍ പരിഹാരം കാണണമെന്നും ഭേദഗതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."