HOME
DETAILS
MAL
താലിബാന് സ്വരം മാറ്റുന്നോ?
backup
August 18 2021 | 04:08 AM
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കി രണ്ടുദിവസം പിന്നിടുമ്പോള്‍ കടുത്ത നിലപാടുകളില്‍ മാറ്റം വരുത്തി താലിബാന്. ആരോടും പ്രതികാരമില്ലെന്നും എല്ലാവര്ക്കും മാപ്പു നല്‍കുന്നതായും താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് ഇന്നലെ പ്രഥമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ 20 വര്‍ഷത്തിനു ശേഷം വിദേശികളില്‍ നിന്നു സ്വതന്ത്രമാക്കിയിരിക്കുന്നു. ഇസ്ലാമിക നിയമപ്രകാരം സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. മറ്റു രാജ്യങ്ങളുമായുള്ള ബന്ധം തുടരും. യു.എന്നിന് തുടര്‍ന്നും രാജ്യത്ത് മാനവിക പ്രവര്‍ത്തനങ്ങള്‍ നടത്താം. ആരും രാജ്യ വിടേണ്ടതില്ലെന്നും വക്താവ് വിശദീകരിച്ചു.പുതിയ സര്‍ക്കാരുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്കാന് സന്നദ്ധമാണെന്നുള്ള പ്രഖ്യാപനം. താലിബാനികളല്ലാത്തവരും സര്‍ക്കാരിലുണ്ടാകുമെന്നും സ്ഥിരീകരിച്ചു
.
രാഷ്ട്ര പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞുള്ള നിലപാടുകളാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രസ്താവനകളിലുള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭയചകിതരായി ബാങ്ക് ബാലന്‍സുകള്‍ പിന്‍വലിച്ച് ആളുകള്‍ നാടുവിടുന്നത് ഒഴിവാക്കാനാണോ ഇതെന്നും സംശയമുണ്ട്. ഇതാദ്യമായാണ് സര്‍ക്കാരിന്റെ സ്വഭാവം സംബന്ധിച്ച് താലിബാന് വിശദീകരിക്കുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ഉള്‍പ്പെട്ട മൂന്നംഗ സമിതിയുമായി ചര്‍ച്ച നടത്താന്‍ താലിബാന് നേതാവ് അമീര്ഖാന് മുത്തഖി കാബൂളിലെത്തി. മുമ്പ് താലിബാന് ഭരിച്ചപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു മുത്തഖി. അശ്റഫ് ഗനി രാജ്യം വിടുന്നതിനു മുമ്പേ മുത്തഖി അഫ്ഗാന് നേതാക്കളുമായി ചര്‍ച്ച ആരംഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."