അഞ്ചു സംസ്ഥാനങ്ങളിലെയും ഫലം ഏറ്റവും നിര്‍ണായകം കോണ്‍ഗ്രസിന്; കാരണം ഇതാണ്
ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള 'സെമി ഫൈനല്‍' മത്സരമായി വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് ഏറ്റവുമധികം നിര്‍ണായകം കോണ്‍ഗ്രസിന്. പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനായി രൂപീകരിച്ച 'ഇന്‍ഡ്യ' മുന്നണി സംവിധാനം നിലവില്‍വന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. അഞ്ചു സംസ്ഥാനത്തും സ്വാധീനമുള്ള ഏക കക്ഷിയും കോണ്‍ഗ്രസായതിനാല്‍, ഇന്‍ഡ്യ മുന്നണിയുടെ ശക്തിതെളിയിക്കുന്ന തെരഞ്ഞെടുപ്പ് എന്ന് പറയാനാകില്ല.
അഞ്ചില്‍ മൂന്നിടത്തും, അതായത് മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുകയാണ്. ഈ മൂന്നിടത്തും ബി.എസ്.പി പോലുള്ള കക്ഷികള്‍ മത്സരരംഗത്തുണ്ടെങ്കിലും സ്വാധീന ഘടകങ്ങളല്ല. തെരഞ്ഞെടുപ്പുകളില്‍ എത്ര സീറ്റുകള്‍ നേടുന്നു എന്നതിന് അനുസരിക്കിരിക്കും കോണ്‍ഗ്രസിനോടുള്ള ഇന്‍ഡ്യ മുന്നണിയിലെ മറ്റു കക്ഷികളുടെ നിലപാട്. മൂന്നിടത്തും വിജയിക്കുകയാണെങ്കില്‍ ബി.ജെ.പി വിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ ആര്‍ക്കും ചോദ്യംചെയ്യാനാകില്ല. കാരണം ബി.ജെ.പിയോട് ഏറ്റുമുട്ടി അവരെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് മൂന്നു സംസ്ഥാനങ്ങളിലും അധികാരത്തിലേറിയത്. എന്നാല്‍, മൂന്ന് സംസ്ഥാനങ്ങളും നഷ്ടമാകുകയും മിസോറമിലും തെലങ്കാനയിലും നിലവിലെ സര്‍ക്കാര്‍ തുടരുകയും ചെയ്താല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാകും. അവരെ മറ്റ് കക്ഷികള്‍ പരിഗണിക്കുന്നത് കുറയും. അവരുടെ വിലപേശല്‍ ശക്തി ദുര്‍ബലമാകുകയും ചെയ്യും. സീറ്റ് വിഭജനം പോലുള്ള ചര്‍ച്ചകളിലേക്ക് ഇന്‍ഡ്യ മുന്നണി പോകുന്നതിനിടെ, തങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും കഴിയില്ല.
ജാതി സെന്‍സസ് നടത്താനുള്ള നീക്കവുമായി മുന്നോട്ടുപോകാനുള്ള കോണ്‍ഗ്രസ് നീക്കം രാജ്യത്തെ പ്രബലവോട്ടര്‍മാരായ പിന്നാക്ക വിഭാഗം ഏതു വിധത്തില്‍ എടുക്കുന്നു എന്നതും അഞ്ചിടത്തെ ഫലം വ്യക്തമാക്കും. കാരണം മധ്യപ്രദേശിലും രാജസ്ഥാനിലും 50 ശതമാനത്തിന് മുകളില്‍ പിന്നാക്ക വിഭാഗമാണ്. ഛത്തിസ്ഗഡില്‍ 44 ശതമാനവും തെലങ്കാനയില്‍ 60 ശതമാനവും പിന്നാക്ക വിഭാഗക്കാരാണ്.
22 കോടി ആളുകള്‍ ആണ് ഈ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യ. അതാകട്ടെ ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിലധികം വരും. അഞ്ച് സംസ്ഥാനങ്ങളിലുമായി 83 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതിനാല്‍ എല്ലാ നിലയ്ക്കും പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ മത്സരം തന്നെയാണ് ഇപ്പോള്‍ നടക്കാന്‍ പോകുന്ന വനിയമസഭാ തെരഞ്ഞെടുപ്പുകള്‍.
Congress is preparing for state polls semi-final ahead of final against BJP next year
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."