ഓണപ്പരീക്ഷയായിട്ടും പുസ്തകങ്ങളെത്തിക്കാത്തത് പിടിപ്പുകേട്: ചെന്നിത്തല
തിരുവനന്തപുരം: ഓണപ്പരീക്ഷയായിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേടുകൊണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിതരണം ചെയ്തിട്ടില്ല. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതുകൂടാതെയാണ് അറുപത്തിനാലായിരത്തോളം പുസ്തങ്ങള്‍ ഇനി അച്ചടിക്കാനുള്ളത്. ഇവ അച്ചടിക്കുന്നതിന് 11 ാം തീയതിയാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. എന്നിട്ടും അച്ചടി ഇനിയും തുടങ്ങിയിട്ടില്ല. നാലു ദിവസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്, എന്നാല്‍ നാലുദിവസം കഴിഞ്ഞാല്‍ പരീക്ഷ തുടങ്ങുകയാണ്. അപ്പോള്‍ പുസ്തകം ലഭിച്ചാലും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുക.
വിദ്യാഭ്യാസ വകുപ്പ് ആകെ കുത്തഴിഞ്ഞ കിടക്കുന്നതിന്റെ ലക്ഷണമാണിതൊക്കെ. ഗുരുതരമായ അവസ്ഥ ഉണ്ടായിട്ടും മന്ത്രിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.
വിദ്യാഭ്യാസവകുപ്പില്‍ എന്തുനടക്കുന്നുവെന്ന് മന്ത്രിക്കുപോലും അറിയില്ല എന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."