മഹാപാഠങ്ങളുടെ കാലത്തെ ഓണം
കെ.വി മോഹന്‍ കുമാര്‍
ഓണപ്പൂക്കളം വലിപ്പച്ചെറുപ്പമില്ലാത്ത ഒത്തൊരുമയുടെ പ്രതീകമാണ്. പൂക്കളത്തില്‍ ഉള്‍പ്പെടാത്ത പൂക്കളില്ല. ഇല്ലാത്ത നിറങ്ങളില്ല. പൂക്കളുടെ മുഖ്യധാരയിലില്ലാത്ത തുമ്പപ്പൂവിനും പൂക്കളത്തില്‍ ഇടമുണ്ട്. നാട്ടിലെ പാടത്തും ചിറ വരമ്പത്തും ആരും ഗൗനിക്കാതെ പൂത്തുനില്‍ക്കുന്ന കാശിത്തുമ്പയാണു ഓണപ്പൂ. ഓണപ്പൂക്കളത്തിലെ മുഖ്യന്‍. തമിഴകത്തെ തോവാളപ്പൂക്കള്‍ വരും മുന്‍പേ നാട്ടു പൂക്കളുടെ കൂട്ടായ്മയായിരുന്നു ഓണപ്പൂക്കളം. പൂക്കള്‍ക്കിടയില്‍ പച്ചയില്ലെങ്കിലെന്ത്? പണ്ടൊക്കെ ശതാവരി ദലങ്ങളാണ് ആ കുറവ് നികത്തിയിരുന്നത്. ഇപ്പോള്‍ പച്ചയ്ക്കുമുണ്ട് നിരവധി വകഭേദങ്ങള്‍. അങ്ങനെ നാനാതരം പൂക്കളും എല്ലാനിറങ്ങളും ചേര്‍ന്നൊരുക്കുന്ന 'സിംഫണി'യാണു ഓണപ്പൂക്കളം. എല്ലാ പൂക്കളും പൂവിതളുകളും അണിനിരക്കുമ്പോഴാണ് പൂക്കളങ്ങള്‍ക്ക് ശോഭയേറുക. മാനവരെല്ലാരും ഒന്നുപോലെ ജീവിക്കുന്ന ആ സ്വപ്നകാലത്തിന്റെ നേര്‍ സാക്ഷ്യമല്ലേയത്? മനുഷ്യ സമൂഹത്തിനുള്ള മഹത്തായ പാഠം!
ഈ അതിജീവന കാലവും മഹാപാഠങ്ങളുടെ കാലമാണ്. ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് മനുഷ്യനെ ഓര്‍മപ്പെടുത്താനാവാം കൊറോണയെന്ന മഹാമാരി കടന്നുവന്നത്. നിസ്സാരനായ അണു എത്രപെട്ടെന്നാണു മനുഷ്യവംശത്തെ കാല്‍ക്കീഴിലാക്കിയത്. ജീവിതാവേഗത്തില്‍ കൊടുമ്പിരി കൊണ്ടിരുന്ന ലോകത്തെ നിശ്ചലമാക്കി. കൊറോണയുടെ വരവിനു മുന്‍പ് എന്തായിരുന്നു നമ്മുടെ ജീവിതത്തിരക്ക്. തിരക്കേറിയ നഗര ജീവിതങ്ങളില്‍ ആര്‍ക്കും ആരെക്കുറിച്ചും ചിന്തിക്കാന്‍ പോലും നേരമില്ലായിരുന്നു. ഒരേ വീട്ടിലുള്ളവര്‍ പോലും പരസ്പരം കാണുന്നതും സംസാരിക്കുന്നതും അപൂര്‍വമായിരുന്ന അവസ്ഥയില്‍ പോലും നാം എത്തിയിരുന്നു. എവിടെപ്പോയി ആ തിരക്കുകള്‍? ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തിരുത്തിക്കുറിക്കേണ്ട കാലമാണിത്. എല്ലാം വെട്ടിപ്പിടിക്കുകയും സ്വാര്‍ഥതാത്പര്യത്തോടെ ആര്‍ജിക്കുകയുമല്ല ജീവിതം. സമത്വസുന്ദരമായൊരു സാമൂഹിക ജീവിതമാണ് നാം സ്വപ്നം കാണേണ്ടത്. ഓരോ ഓണക്കാലവും ഓര്‍മപ്പെടുത്തുന്നതും അതാണ്. പരസ്പരമുള്ള കരുതല്‍. സാഹോദര്യം. നാമെല്ലാം ഒന്നാണെന്ന ചിന്ത. ഈ പരസ്പര ധാരണയായിരുന്നു മാവേലിനാടിന്റെ മഹത്വം.
മഹാബലി കേരളക്കര വാണിരുന്ന ചക്രവര്‍ത്തിയായിരുന്നോ അല്ലയോ എന്നത് തര്‍ക്കവിഷയമാണ്. പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന് മഴുവെറിഞ്ഞ് കേരളക്കരയെ സൃഷ്ടിച്ചു എന്നാണല്ലോ ഐതിഹ്യം? പരശുരാമന്‍ മഹാവിഷ്ണുവിന്റെ അഞ്ചാം അവതാരമാണെന്നാണ് സങ്കല്‍പം. എന്നാല്‍ കേരളം വാണിരുന്ന മഹാബലിയെന്ന നീതിമാനായ ചക്രവര്‍ത്തിയെ മൂന്ന് ചുവട് മണ്ണിനുവേണ്ടി മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതായി ഐതിഹ്യം പറയുന്നു. വാമനനോ, നാലാമത്തെ അവതാരവും! അപ്പോള്‍ സ്വാഭാവികമായി ഇതിഹാസ കഥയില്‍ മൂപ്പിളമ തര്‍ക്കം വരുന്നു. വാമനനോ പരശുരാമനോ മൂത്തത്? വാമനനാണു മൂത്തതെങ്കില്‍ പരശുരാമനു മുന്നേ കേരളക്കര എങ്ങനെയുണ്ടായി. കഥയില്‍ ചോദ്യമില്ലെന്ന് പറയാറുള്ളതു പോലെ ഐതിഹ്യത്തിലും ചോദ്യമില്ലെന്ന് പറയേണ്ടി വരും.
നാലഞ്ച് വര്‍ഷം മുന്‍പ് മലയാളിയായ ആനന്ദ് നീലകണ്ഠന്റെ 'അസുര ദ ടെയില്‍ ഓഫ് വാന്‍ഗ്വിഷ്ഡ് ' എന്ന നോവല്‍ വായിക്കാനിടയായി. മഹാബലി ഇന്ത്യയുടെ മധ്യഭാഗത്തെ ഏതോ പുരാതന സാമ്രാജ്യത്തിന്റെ സാമ്രാട്ട് ആയിരുന്നുവെന്നാണു അതിലെ സൂചന. ഭാവനയില്‍ വിടര്‍ന്ന രചനയാണെങ്കില്‍ പോലും യുക്തിയുടെ തലത്തില്‍ ചേര്‍ത്തുവയ്ക്കാവുന്ന ഒട്ടേറെ നിഗമനങ്ങള്‍ അതിലുണ്ടായിരുന്നു. ദേവന്മാരാല്‍ പുറത്താക്കപ്പെട്ട അസുര സാമ്രാട്ടായാണു ആനന്ദ് നീലകണ്ഠന്‍ മഹാബലിയെ ചിത്രീകരിക്കുന്നത്. രാവണന്റെ പൂര്‍വപിതാമഹന്റെ സ്ഥാനമാണു നോവലില്‍ മഹാബലിക്ക്. നിഷ്‌കാസിതനായ മഹാബലി പാതാളത്തിലേക്ക് പോയി എന്നാണല്ലോ ഐതിഹ്യം? എവിടെയായിരുന്നു പാതാളം? പാതാളം സ്വാഭാവികമായും ഭൂമിക്ക് താഴെയും ദേവലോകം ഭൂമിയുടെ മുകളിലും ആയിരിക്കുമല്ലോ? ഇതിഹാസങ്ങള്‍ എഴുതിയിരുന്ന കാലത്ത് ഭൂമിയുടെ മുകളില്‍ ദേവലോകവും താഴെ പാതാളവും സങ്കല്‍പ്പിക്കാന്‍ കാരണമുണ്ട്. ഭൂമിശാസ്ത്രപരമായി ഭാരത്തിന്റെ തെക്കോട്ടുള്ള ചരിവ് പരിശോധിച്ചാല്‍ ഈ സങ്കല്‍പം വ്യക്തമാകും. വടക്ക് ഉന്നത ശീര്‍ഷനായ ഹിമാലയ പരവതനിര. തെക്കോട്ട് പോകുന്തോറും നിരപ്പാര്‍ന്ന പീഠഭൂമിയും സമതല പ്രദേശങ്ങളും. തെക്കേയറ്റത്തും കിഴക്കും പടിഞ്ഞാറും വിശാലമായ സമുദ്രം. ദേവന്മാര്‍ എന്ന് കരുതപ്പെടുന്ന ആര്യന്മാര്‍ ഹിമാലയത്തിന്റെ വടക്ക് പടിഞ്ഞാറന്‍ സാനുക്കള്‍ വഴിയാണു ഭാരതത്തിലേക്ക് കടന്നുവന്നത്. സമ്പന്നമായ ദ്രാവിഡ രാജ്യങ്ങളെ കീഴടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി അവലംബിച്ചത് ബുദ്ധിപൂര്‍വം മെനഞ്ഞെടുത്ത യുദ്ധതന്ത്രം. സംഖ്യാബലം കുറവുള്ള ആര്യന്മാര്‍ക്ക്(സുരന്മാര്‍) നേരിടേണ്ടിയിരുന്നത് സംഖ്യാബലത്തിലും കരുത്തിലും തങ്ങളേക്കാള്‍ മുന്നിലായിരുന്ന ദേശവാസികളായ ദ്രാവിഡന്മാരെ. (അസുരന്മാര്‍)അതിനു വ്യോമ യുദ്ധമാണു എളുപ്പമെന്ന് അവര്‍ മനസിലാക്കി. ഹിമാലയ പര്‍വത നിരകളുടെ മേലേ നിലയുറപ്പിച്ച അമ്പെയ്ത്തില്‍ അതി വിദഗ്ധരായ ആര്യന്മാര്‍ ദ്രാവിഡരുടെ നേര്‍ക്ക് വിഷം പുരട്ടിയ അമ്പുകളെയ്ത് നിഷ്പ്രയാസം അവരെ കൊന്നൊടുക്കി. താഴെ സമതല ഭൂമികളിലും മലഞ്ചരിവുകളിലും കൃഷി ചെയ്തും പശുക്കളെ മേയിച്ചും ജീവിച്ചിരുന്ന ദ്രാവിഡ സമൂഹം ഒട്ടും കരുതാതിരിക്കെയാണു മുകളില്‍ നിന്ന് ആക്രമണം ഉണ്ടായത്. മലമുകളില്‍ നിന്ന് അമ്പ് വര്‍ഷിക്കുന്ന ശത്രുക്കളുടെ നേര്‍ക്ക് താഴെ നിന്ന് അമ്പെയ്ത് പ്രതിരോധിക്കുക ഒട്ടും എളുപ്പമല്ലല്ലോ. അങ്ങനെ ദ്രാവിഡ സമൂഹം ചിതറി. അവര്‍ കൂട്ടത്തോടെ തെക്കോട്ട് പലായനം ചെയ്തു. തെക്ക് കൊടും കാടുകളായിരുന്നു. അഗാധമായ ഗര്‍ത്തങ്ങളും താഴ്‌വാരങ്ങളും. അങ്ങനെ കേരളമുള്‍പ്പെടുന്ന തെക്കന്‍ പ്രദേശങ്ങളില്‍ വ്യാപിച്ച ദ്രാവിഡ സമൂഹത്തിന്റെ നായകസ്ഥാനം വഹിച്ച സാമ്രാട്ട് ആയിരുന്നിരിക്കാം മഹാബലി. സമത്വ സുന്ദരമായൊരു ദേശം ഇവിടെ അദ്ദേഹം കെട്ടിപ്പടുത്തിട്ടുണ്ടാവാം. പില്‍ക്കാലത്ത് തെക്കോട്ട് വന്ന ആര്യന്മാര്‍ ആയുധബലത്താലോ കുതന്ത്രങ്ങള്‍ വഴിയോ ആ പ്രദേശവും കാല്‍ക്കീഴിലാക്കിക്കാണും. അതായിരിക്കാം നീതിമാനായ ചക്രവര്‍ത്തിയെ ചവിട്ടിത്താഴ്ത്തിയ കഥ. ആ നല്ല നാളുകളുടെ ഓര്‍മപ്പെടുത്തലാവാം ഓണം.
മാവേലി നാട് വാണിരുന്ന കാലം ലോകത്ത് സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് സങ്കല്‍പങ്ങള്‍ രൂപം കൊള്ളുന്നതിനു മുന്നേ യാഥാര്‍ഥ്യമായിരുന്ന ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്. മനുഷ്യരെല്ലാം ഏറ്റക്കുറച്ചില്‍ ഇല്ലാതെ, തുല്യനീതിയോടെ, തുല്യ അവസരങ്ങള്‍ അനുഭവിച്ച് ജീവിക്കുന്ന സമൂഹ മാതൃക ഒരുക്കുക എന്നതാണല്ലോ മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ കാതല്‍. അങ്ങനെയൊരു കാലഘട്ടം നമ്മുടെ മലയാളക്കരയില്‍ ഉണ്ടായിരുന്നു എന്നത്, അതൊരു സങ്കല്‍പമായിരുന്നുവെങ്കില്‍ പോലും നമ്മുടെ മനസിനെ ത്രസിപ്പിക്കുന്നൊരു ഭൂതകാലക്കാഴ്ചയാണ്. ലോകത്തിന്റെ ഇന്നത്തെ പോക്ക് കാണുമ്പോള്‍ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും തുല്യനീതി ലഭിക്കുന്ന സമത്വ സുന്ദരമായൊരു കാലം വരുമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയുന്നില്ല. അസമത്വങ്ങള്‍ കൂടിക്കൂടി വരികയാണ്. സങ്കുചിത കാഴ്ചപ്പാടുകളും. മതത്തിന്റെയും ജാതിയുടെയും പേരില്‍ മുദ്രകുത്തപ്പെട്ട് മനുഷ്യര്‍ വിഭജിക്കപ്പെടുന്നു. രാഷ്ട്രത്തിന്റെ പൊതുസ്വത്തിന്റെ സിംഹഭാഗവും കൈയടക്കി വച്ചിരിക്കുന്നത് ഏതാനും ശതകോടീശ്വരന്മാരാണെന്ന യാഥാര്‍ഥ്യവും നാം അറിയാതിരുന്നു കൂടാ. കോര്‍പറേറ്റുകള്‍ നാള്‍ക്ക് നാള്‍ ശക്തി പ്രാപിക്കുകയും സാധാരണക്കാരായ ജനങ്ങളുടെ പോലും ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്നത് അദൃശ്യമായ അധികാരത്തിന്റെ ഉറവിടങ്ങളാണെന്ന അവസ്ഥ പ്രബലമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും നിത്യേന വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുകളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ഇന്ത്യയിലാണു നാമിന്ന് ജീവിക്കുന്നത്. 'മനുഷ്യന്‍ എത്ര മഹത്തായ പദം' എന്ന മാര്‍ക്‌സിയന്‍ കാഴ്ചപ്പാട് പോലും അര്‍ഥരഹിതമായി മാറുന്ന ദാരുണമായ മനുഷ്യാവസ്ഥ. ഏറ്റവും വിലയിടിഞ്ഞത് മനുഷ്യനും മനുഷ്യത്വത്തിനുമാണ്. എങ്കിലും വെറുതേ നമുക്ക് പ്രത്യാശിക്കാം, എവിടെയോ ഒരു രജത രേഖ! നമ്മുടെ ഭാവനാപൂര്‍ണമായ പ്രത്യാശയാവാമത്. സമത്വ സുന്ദരമായ ഒരു കാലത്തിന്റെ അയവിറക്കലുകളിലൂടെ പ്രത്യാശാഭരിതമായ സ്വപ്നങ്ങളിലേക്ക് വെറുതേ ഉറ്റുനോക്കാന്‍ ഒരു ഓണക്കാലം കൂടി. സുപ്രഭാതത്തിന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് എന്റെ ഓണാശംസകള്‍!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."