ഇനി എല്ലാം ഏറെയെളുപ്പം; താമസക്കാർക്കായി എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ
ഇനി എല്ലാം ഏറെയെളുപ്പം; താമസക്കാർക്കായി എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ
ദുബൈ: പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി എ.ഐ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ച് ദുബൈ. വിവിധ മേഖലകളിലുടനീളമുള്ള സേവനങ്ങളും നഗരത്തെക്കുറിച്ചുള്ള വിവരങ്ങളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സഹായിക്കുന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം. ദുബൈ എ.ഐ എന്നറിയപ്പെടുന്ന പ്ലേറ്റ് ഫോം ആണ് അവതരിപ്പിച്ചത്.
ദുബൈ അസംബ്ലി ഫോർ ജനറേറ്റീവ് എഐയിൽ ഡിജിറ്റൽ ദുബൈയും ദുബൈ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (ഡിസിഎഐ) ആരംഭിച്ച ഈ പ്ലാറ്റ്‌ഫോം എല്ലാ മേഖലകളിലെയും ഉപയോക്താക്കൾക്ക് വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് കൃത്യമായ വിവരങ്ങളും സേവനങ്ങളും നൽകുന്നു. പൗരന്മാർ, താമസക്കാർ, സന്ദർശകർ, ബിസിനസ്സ് ഉടമകൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും ആളുകൾക്കും സഹായകരമായിട്ടുള്ളതാകും ഈ സേവനം.
ആരോഗ്യം, സ്കൂളുകൾ, സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, ഗതാഗതം, സ്പോർട്സ്, കാലാവസ്ഥ, പരിസ്ഥിതി, വിനോദസഞ്ചാരം, വ്യോമയാനം, ബിസിനസ്സ്, റിയൽ എസ്റ്റേറ്റ്, നഗര വിവരങ്ങൾ തുടങ്ങിയ വിവിധ വിവരങ്ങൾ ദുബൈ എ.ഐ നൽകും.
ഉപയോക്താക്കൾക്കുള്ള ഒരു വ്യക്തിഗത ഡിജിറ്റൽ അസിസ്റ്റന്റായി ദുബൈ എ.ഐ പ്രവർത്തിക്കും. ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം നൽകാൻ ജനറേറ്റീവ് എ.ഐ ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സർക്കാർ, സ്വകാര്യ-മേഖലാ സ്ഥാപനങ്ങളിലൂടെ തത്സമയവും സംവേദനാത്മകവും വ്യക്തിഗതവുമായ ഡാറ്റ ദുബൈ എ.ഐ വാഗ്ദാനം ചെയ്യുന്നു.
എവിടെനിന്നും എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവങ്ങൾ നൽകുന്നതിനുള്ള ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ദുബൈ എ.ഐ പ്ലാറ്റ്‌ഫോമെന്ന് ഡിജിറ്റൽ ദുബൈ ഗവൺമെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സി.ഇ.ഒ മതർ അൽ ഹെമേരി പറഞ്ഞു. ദുബൈ എമിറേറ്റിലെ ജീവിതത്തിന്റെ എല്ലാ മേഖലകളും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ഡിജിറ്റൽ ദുബൈ ഗവൺമെന്റ് എസ്റ്റാബ്ലിഷ്‌മെന്റിലെ ഡിജിറ്റൽ ആപ്ലിക്കേഷൻസ് ആന്റ് പ്ലാറ്റ്‌ഫോം വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ മോസ സുവൈദാൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."