നേഹയുടെ ചിത്രപേടകം
ഫർസാന കെ
ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്ന പേരെഴുതിയത് രണ്ടു ലക്ഷത്തിലേറെ തവണ. അതും ഉണ്ണാതെയും ഉറങ്ങാതെയും. ദിവസം 20 മണിക്കൂർ. കൈയിൽ നീരുവന്നു. വിരലിൽ ചോരവന്നു. വേദനയുടെ കൊടുമുടികൾ താണ്ടി. എന്നിട്ടൊന്നും പിൻമാറാതെ വലിയൊരാശപ്പുറത്ത് ആ പെൺകുട്ടി എഴുതിക്കൊണ്ടേയിരുന്നു. അങ്ങനെ നാലുമാസത്തിലേറെ അവളെഴുതിക്കൂട്ടിയ കടലാസു കഷ്ണങ്ങൾ ചേർത്തുവച്ചപ്പോൾ അതൊരു മനോഹരചിത്രമായി. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മനോഹരചിത്രം. അങ്ങനെ ആ ചിത്രവും കൊണ്ട് നേരെ പാലസിലെത്തി. ശൈഖിന് സമ്മാനിക്കുകയും ചെയ്തു. കിനാക്കളിലേക്ക് പറന്നുയരാൻ അധികമാരും പോകാത്തൊരു വഴിതന്നെ തേടിപ്പിടിച്ച് ആകാശംതൊട്ട ഈ പെൺകുട്ടിയുടെ പേര് നേഹ ഫാത്തിമ. കോഴിക്കോട് പയ്യോളിക്കാരി.
പെരുത്തിഷ്ടം വരകളുടെ ലോകം
കുഞ്ഞുനാൾ മുതലേ വരകളുടെ ലോകം ഒരുപാടിഷ്ടമാണ് നേഹക്ക്. ആദ്യമാദ്യം കുത്തിവരകൾ. കുഞ്ഞുവരകൾ. ഇത്തിരി വലുതായപ്പോൾ വ്യത്യസ്തതകളിലായി കമ്പം. ഇഷ്ടങ്ങൾക്ക് വീട്ടുകാർ കൂടെനിന്നു. പെൻസിൽ കാർവിങ്, ലീഫ് കാർവിങ്, വേഡ് ആർട്ട്... ഈ കുഞ്ഞുപ്രായത്തിൽ നേഹ കൈവച്ച മേഖലകൾ അനവധി. വിരലുകൾകൊണ്ട് മയാജാലം തീർത്ത് ഈ പെൺകുട്ടി സൃഷ്ടിച്ച റെക്കോർഡുകളും അനവധി.
ആദ്യമൊക്കെ സാധാരണ വരകൾ തന്നെയായിരുന്നു. കൊവിഡ് കാലത്ത് കുറേസമയം കിട്ടി. അപ്പോഴാണ് തീർത്തും വ്യത്യസ്തത എന്ന ആശയം മനസിൽ വന്നത്. ആദ്യം പെൻസിൽ കാർവിങ് ആണ് ചെയ്തത്. അതിന് ഏതുതരം പെൻസിൽ ടൂൾസ് തുടങ്ങിയതിനെ കുറിച്ചൊന്നും വലിയ ധാരണയില്ലായിരുന്നു. എന്നാലും ചെയ്തുതുടങ്ങി. അതു പൂർത്തിയാക്കുംമുമ്പേ നിർത്തേണ്ടി വന്നു.
പിന്നീട് ലീഫ് കാർവിങ്ങിലേക്ക് തിരിഞ്ഞു. ഇലകളല്ലേ... അത് നമുക്കുചുറ്റും തന്നെ കിട്ടുമല്ലോ. ലീഫ് കാർവിങ് ചെയ്തുതുടങ്ങിയപ്പോൾ പെൻസിൽ കാർവിങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു. വീണ്ടും പെൻസിൽ കാർവിങ്ങിലേക്ക്.
വാശിയിൽ നേടിയ ആദ്യ റെക്കോർഡ്
പെൻസിലിൽ അത്ഭുത ലോകം സൃഷ്ടിക്കുന്നതിനിടെയാണ് ഒരു വാർത്ത കാണുന്നത്. ഏഴോ എട്ടോ പെൻസിൽ കാർവിങ് ചെയ്ത് ഇന്ത്യ ബുക്സ് റെക്കോർഡും ഏഷ്യാ ബുക് ഓഫ് റെക്കോർഡും കിട്ടിയ കുട്ടിയെ കുറിച്ച്. ഇതോടെ റെക്കോർഡ് എന്ന മോഹം ഉള്ളിൽ കയറി. ഇതേക്കുറിച്ച് കൂടുതലറിയാൻ ആ കുട്ടിയെ ബന്ധപ്പെട്ടു. എന്നാൽ വിവരങ്ങൾ പങ്കുവയ്ക്കാൻ അവർ തയാറായിരുന്നില്ല. ഇതോടെ വാശിയായി. പിന്നെ എല്ലാം സ്വയം അന്വേഷിച്ചറിഞ്ഞു. റെക്കോർഡിന് അപേക്ഷിച്ചു. വലുതെന്തെങ്കിലും ചെയ്യണമെന്നും തീരുമാനിച്ചു. 195 രാജ്യങ്ങളുടെ പേര് പെൻസിലിൽ കൊത്തിയെടുക്കാമെന്നായി. എന്നാൽ 100 എണ്ണത്തോളം പൂർത്തിയാക്കിയ ശേഷമാണ് ഇതു മറ്റൊരാൾ ചെയ്തിട്ടുണ്ടെന്ന് നേഹ അറിയുന്നത്. അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അന്ന് ഒത്തിരി വിഷമമായി. ഒരുപാട് കഷ്ടപ്പെട്ടതാണ്. പെൻസിൽ കാർവിങ് വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട കാര്യമാണ്. സൂക്ഷിച്ചുനോക്കി കണ്ണുകളൊക്കെ വേദനിക്കും. സങ്കടത്തിൽ അന്ന് കുറേ കരഞ്ഞു. എന്നാലും പിന്മാറിയില്ല. ലക്ഷ്യവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു.
നമുക്കു മുന്നിൽ രണ്ട് ഓപ്ഷൻസാണുള്ളത്. ഒന്നുകിൽ ഒരാളുടെ റെക്കോർഡ് തകർക്കാം. അല്ലെങ്കിൽ പുതിയ റെക്കോർഡ് സൃഷ്ടിക്കാം. ഏതായാലും കഷ്ടപ്പെടുകയല്ലേ. പുതിയ റെക്കോർഡ് തന്നെ സൃഷ്ടിക്കാമെന്നുവച്ചു. തുടർന്ന് മനുഷ്യശരീരത്തിലെ വിവിധ സംവിധാനങ്ങളുടെ പേരുകൾ പെൻസിലിൽ ചെയ്തു. എന്നാൽ വിഡിയോ പകർത്തലിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ഇതിന് റെക്കോർഡ് നേടാനായില്ല. ഇതോടെ വീണ്ടും ലീഫ് കാർവിങ്ങിലേക്ക് തിരിഞ്ഞു. അങ്ങനെ ശരീരസംവിധാനങ്ങളുടെ പേരുകൾ ഇലയിൽ ചെയ്ത് നേഹ ആദ്യ റെക്കോർഡ് നേടി. ഇന്ത്യ ബുക്സ് റെക്കോർഡും ഏഷ്യാ ബുക് ഓഫ് റെക്കോർഡും. രണ്ട് റെക്കോർഡുകളും കൈയിലൊതുക്കി. പെൻസിൽ കാർവിങ്ങിൽ റെക്കോർഡ് വാങ്ങണമെന്ന വാശിയും പിന്നീട് പൂർത്തീകരിച്ചു. 12 പെൻസിലുകളിൽ ചെയ്താണ് ആ റെക്കോർഡ് സ്വന്തമാക്കിയത്.
വരച്ച വിസ്മയങ്ങളെ നേരിൽ കണ്ടു. വരകൊണ്ട് കിട്ടിയ ചില നിമിഷങ്ങൾ പങ്കുവയ്ക്കുന്നുണ്ട് നേഹ. കമൽ ഹാസൻ, മോഹൻലാൽ തുടങ്ങിയ താരങ്ങളെ നേരിൽ കണ്ടു. രണ്ടര മണിക്കൂർ കൊണ്ടാണ് ഈ അക്ഷരച്ചിത്രം നേഹ പൂർത്തിയാക്കിയത്. ഈ അക്ഷരചിത്രത്തിന് ഇന്ത്യൻ ബുക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക് ഓഫ് റെക്കോർഡ്, അമേരിക്ക ബുക് ഓഫ് റെക്കോർഡ്, ഇന്റർനാഷനൽ ബുക് ഓഫ് റെക്കോർഡ്, വജ്ര വേൾഡ് റെക്കോർഡ് എന്നീ അഞ്ചു റെക്കോർഡുകൾ ലഭിച്ചിട്ടുണ്ട്.
ഫുട്ബോൾ താരം മെസ്സിയുൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ ചിത്രങ്ങളും ഇക്കാലയളവിനിടയിൽ നേഹ ചെയ്തിട്ടുണ്ട്.
വഴിയൊരുക്കാൻ ഇവരുണ്ട്
ഗിന്നസ് ഉൾപ്പെടെ മോഹങ്ങൾ ഇനിയുമേറെയുണ്ട് ഇവൾക്ക്. കൂടെ കരുത്തായി ബാപ്പ സമദും ഉമ്മ സുഹറയും സഹോദരൻ വാഹിദും എല്ലാത്തിനുമുപരി ഭർത്താവ് ഫിനു ഷാനുമുണ്ട്. ശൈഖിന്റെ ചിത്രം സമ്മാനിക്കാനായി മാത്രം ലീവെടുത്ത് ദുബൈ വരെ കൂടെ വന്നവനാണ്. ഒരിക്കൽപോലും അസാധ്യം എന്നൊരു വാക്ക് ഫിനു പറഞ്ഞിട്ടില്ല. കട്ടക്ക് കൂടെ നിന്നിട്ടേയുള്ളൂ. നേഹ നെഞ്ചേറ്റിയ ശൈഖിന്റെ വാക്കുകൾ തന്നെ കടമെടുത്താൽ ‘അസാധ്യം’ എന്നൊരു വാക്ക് ഇല്ല; അത് നമ്മുടെ നിഘണ്ടുവിൽ പോലും നിലനിൽക്കുന്നില്ല. വെല്ലുവിളികളെയും പുരോഗതിയെയും ഭയപ്പെടുന്ന മടിയന്മാരും ദുർബലരുമാണ് അത്തരം വാക്ക് ഉപയോഗിക്കുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."