എസ്.എം.എ ബാധിതനായ മുഹമ്മദിന് ജീന്‍ തെറാപ്പി നടത്തി
കോഴിക്കോട്: പതിനെട്ട് കോടി രൂപയുടെ മരുന്നിനാവശ്യമായ ധനസമാഹരണത്തിനായി ഒരു നാട് മുഴുവന്‍ ഒരുമിച്ച് നിന്നതിലൂടെ ശ്രദ്ധേയനായ കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മുഹമ്മദിനുള്ള ചികിത്സ ആരംഭിച്ചു.
സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ചികിത്സക്കായി 18 കോടി രൂപ വിലമതിക്കുന്ന സോള്‍ജെന്‍സ്മ എന്ന ജീന്‍ തെറാപ്പി മരുന്നാണ് ഒന്നരവയസ്സുകാരന് മുഹമ്മദിന് കുത്തിവച്ചത്. കോഴിക്കോട്ടെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചൊവ്വാഴ്ച ഉച്ചയോടെ കുട്ടിക്ക് മരുന്ന് നല്‍കിയത്. വൈകീട്ടോടെ മുറിയിലേക്ക് മാറ്റി.
ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തില്‍ പീഡിയാട്രിക് സര്ജന് ഡോ. എബ്രഹാം മാമന്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ. സുരേഷ് കുമാര്‍, ന്യൂറോ സര്ജന് ഡോ. നൗഫല്‍ ബഷീര്‍, ജനിറ്റിക് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ദിവ്യ പച്ചാട്ട് എന്നിവരടങ്ങുന്ന സംഘമാണ് മുഹമ്മദിനെ ചികിത്സിക്കുന്നത്.
ജീന്‍തെറാപ്പി നടത്തുന്നതിന് ആവശ്യമായ 18കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്ന് അമേരിക്കയില്‍ നിന്നാണ് എത്തിച്ചിട്ടുള്ളത്. മുഹമ്മദിന്റെ പിതാവ് റഫീക്ക്, മാതാവ് മറിയുമ്മ, സഹോദരി അഫ്ര, ചികിത്സാ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.പി അബ്ബാസ് ഹാജി എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു. കുറച്ച് ദിവസത്തെ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടുതലും, ചികിത്സാ പുരോഗതിയും മറ്റ് കാര്യങ്ങളും വിലയിരുത്താന്‍ സാധിക്കുമെന്ന് ആസ്റ്റര്‍ മിംസ് മാനേജ്മെന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."