ദുബൈയിൽ നാല് ഇസ്‌റാഈലികൾക്ക് കുത്തേറ്റെന്ന് വ്യാജ വാർത്ത; നടപടിയുമായി പൊലിസ്
ദുബൈയിൽ നാല് ഇസ്‌റാഈലികൾക്ക് കുത്തേറ്റെന്ന് വ്യാജ വാർത്ത; നടപടിയുമായി പൊലിസ്
ദുബൈ: ദുബൈയിൽ നാല് ഇസ്‌റാഈലികൾക്ക് കുത്തേറ്റെന്ന തരത്തിൽ പ്രചരിച്ച വാർത്ത നിഷേധിച്ച് ദുബൈ പൊലിസ്. ഇസ്‌റാഈൽ ഫലസ്തീനിൽ നടത്തുന്ന ക്രൂരതയുടെ പശ്ചാത്തലത്തിലാണ് ഇസ്‌റാഈലികൾക്ക് നേരെ ദുബൈയിൽ അക്രമം നടക്കുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. എന്നാൽ ഇത് തെറ്റായ വാർത്തയാണെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. യുഎഇയുടെ ആഭ്യന്തര മന്ത്രാലയവും വ്യാജ വാർത്ത നിഷേധിച്ചു.
“യുഎഇയിൽ വ്യക്തികളുടെ സുരക്ഷ പരമപ്രധാനമാണ്” - പൊലിസ് സേന ദുബൈ ഗവൺമെന്റ് മീഡിയ ഓഫീസ് വഴി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൃത്യമായ വിവരങ്ങൾ ലഭിക്കാൻ ഔദ്യോഗിക ചാനലുകൾ റഫർ ചെയ്യണമെന്നും പൊലിസ് അറിയിച്ചു. അഭ്യൂഹങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സേന സമൂഹത്തോട് അഭ്യർത്ഥിച്ചു.
എക്‌സ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽ മീഡിയ ചാനലുകളിലാണ് വ്യാജ വാർത്ത പ്രചരിച്ചത്. റിപ്പോർട്ടുകളിൽ നാല് പേരെ കുത്തിയതായും ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായും പറയുന്നുണ്ട്. ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ റിപ്പോർട്ട് 'ബ്രേക്കിംഗ് ന്യൂസ്' ആയി പ്രചരിപ്പിച്ചിരുന്നു.
യുഎഇയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കനത്ത നടപടിയാണ് സ്വീകരിക്കുക. ഒരു ലക്ഷം ദിർഹം പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റമാണ് യുഎഇയിൽ നിയമപ്രകാരം വ്യാജവാർത്തയ്ക്ക് ലഭിക്കുക.
ഫലസ്തീൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തെറ്റായ വിവരങ്ങളുടെ കൂട്ടത്തിലാണ് ഈ വ്യാജ വാർത്തയും പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."