HOME
DETAILS
MAL
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതി
backup
August 26 2021 | 04:08 AM
അന്തിമ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍, പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആസ്തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. നിക്ഷേപകര്‍ക്കു തിരികെ നല്‍കാനുള്ളതിന്റെ കണക്കും ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള വായ്പ്പാത്തുക കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തി. സഹകരണ റജിസ്ട്രാറിന്റെ മേല്‍നോട്ടത്തിലായിരിക്കും മൂന്നംഗ സമിതി പ്രവര്‍ത്തിക്കുക. തിരിമറി കേസില്‍ പ്രതികളായവരുടെ ആസ്തി വിലയിരുത്തുന്നതിനും അതു കൈവിട്ടുപോകാതിരിക്കാനും നടപടി സ്വീകരിക്കുമെന്നും സഹകരണമന്ത്രി വി.എന്‍.വാസവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സും നീതി സ്റ്റോറുകളും കരുവന്നൂര്‍ ബാങ്കിനുണ്ട്. ഇവിടെ നിന്നു വരുമാനം ലഭിക്കുന്നുമുണ്ട്. ഈ വരുമാനം അടക്കം വിലയിരുത്തിയായിരിക്കും മുന്നോട്ടുപോകുക. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതിനുള്ള പാക്കേജ് തയാറാക്കി വരികയാണ്. തിരികെ നല്‍കുന്നതിനായി അധിക വരുമാനമുള്ള സഹകരണ സംഘങ്ങള്‍, കേരള ബാങ്ക്, സഹകരണ റിസ്‌ക് ഫണ്ട് ബോര്‍ഡ് എന്നിവയുള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനും നടപടി സ്വീകരിച്ചു. ആദ്യ ഉന്നതതല അന്വേഷണസംഘം ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അന്തിമ റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ ലഭിക്കും. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."