കനത്ത തിരിച്ചടി; ഉക്രൈനിലെ കെര്‍സണില്‍ നിന്ന് പിന്മാറാന്‍ റഷ്യന്‍ സേനയ്ക്ക് നിര്‍ദേശം
കീവ്: തെക്കന്‍ ഉക്രൈനിലെ തന്ത്രപ്രധാന നഗരമായ കെര്‍സണിലെ ഡിനിപ്രോ നദിയുടെ പടിഞ്ഞാറന്‍ തീരത്തുനിന്ന് പിന്മാറാന്‍ തങ്ങളുടെ സൈനികര്‍ക്ക് റഷ്യ നിര്‍ദേശം നല്‍കി. റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ആണ് ഉത്തരവിട്ടത്. അധിനിവേശ റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടിയും യുദ്ധത്തിലെ വഴിത്തിരിവുമാണിതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ റഷ്യയുടെ ഈ പ്രഖ്യാപനത്തോട് ഉക്രൈന്‍ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. റഷ്യന്‍ സൈന്യം ഇപ്പോഴും കെര്‍സണില്‍ ഉണ്ടെന്നും കൂടുതല്‍ റഷ്യക്കാരെ ഈ മേഖലയിലേക്ക് അയക്കുന്നുണ്ടെന്നും ഉക്രൈന്‍ അറിയിച്ചു. ഉക്രൈന്‍ പതാക കെര്‍സണിന് മുകളില്‍ പറക്കുന്നതുവരെ, റഷ്യന്‍ സേനയുടെ പിന്‍മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ് മിഖായിലേ പോഡോലിയാക് റോയിട്ടേഴ്‌സിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഫെബ്രുവരിയിലെ അധിനിവേശത്തിനുശേഷം റഷ്യ പിടിച്ചെടുത്ത ഏക പ്രാദേശിക തലസ്ഥാനമാണ് കെര്‍സണ്‍ നഗരം. ഉക്രൈന്‍ പ്രത്യാക്രമണത്തിന്റെ പ്രധാനകേന്ദ്രവുമാണിത്. 2014ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയ പെനിന്‍സുലയിലേക്കുള്ള ഏക കരമാര്‍ഗവും ഉക്രെയ്‌നെ വിഭജിക്കുന്ന നദിയായ ഡിനിപ്രോയുടെ കവാടവുമാണ് കെര്‍സണ്‍ നഗരം. റഷ്യന്‍ ഉദ്യോഗസ്ഥര്‍ പതിനായിരക്കണക്കിന് സാധാരണക്കാരെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇവിടെ നിന്ന് ഒഴിപ്പിച്ചുവരികയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ എന്നെന്നേക്കുമായി റഷ്യയോട് സംയോജിപ്പിക്കുന്നുവെന്ന് പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച നാല് പ്രദേശങ്ങളില്‍ ഒന്നാണ് കെര്‍സണ്‍ മേഖല. ഉക്രൈന്‍ സൈന്യം പടിപടിയായി തങ്ങളുടെ നഗരങ്ങളില്‍ നിന്ന് റഷ്യന്‍ സേനയെ തുരത്തുകയാണെന്ന് ബുധനാഴ്ച രാത്രി നടത്തിയ പ്രസംഗത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.
കെര്‍സണില്‍ നിന്ന് പിന്മാറാനുള്ള മോസ്‌കോയുടെ ഉത്തരവ് റഷ്യന്‍ സൈന്യവും ഭരണകൂടവും തമ്മിലുള്ള ഭിന്നതയുടെ പ്രകടമായ തെളിവാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."