സുല്‍ത്താന്‍പൂരിന്റെയും പേരുമാറ്റാനൊരുങ്ങി യോഗി; പുതിയ പേര് കുശ് ഭവന്‍പുര്‍
ലഖ്നോ: മിയാഗഞ്ച്, അലിഗഢ് നഗരങ്ങള്‍ക്ക് പിന്നാലെ സുല്‍ത്താന്‍പൂരിന്റെയും പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സുല്‍ത്താന്‍പൂരിനെ കുശ് ഭവന്‍പുര്‍ എന്നാക്കാനാണ് നീക്കം. പുരാണത്തിലെ രാമന്റെ പുത്രന്റെ പേരാണ് കുശന്.
പേരുമാറ്റം സംബന്ധിച്ച് നിര്‍ദേശം സംസ്ഥാന സര്‍ക്കാറിന് അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. പേരുമാറ്റം അഗീകരിച്ചാല്‍ യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പേരുമാറ്റുന്ന മൂന്നാമത്തെ നഗരമാകും സുല്‍ത്താന്‍പൂര്‍. മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്സഭ മണ്ഡലമാണ് സുല്‍ത്താന്‍പൂര്‍.
ലാംഭുവയിലെ (സുല്‍ത്താന്‍പൂര്‍) എം.എല്‍.എയായ ദേവമണി ദ്വിവേദിയാണ് നിയമസഭയില്‍ പേരുമാറ്റ വിഷയം ഉന്നയിച്ചത്.
ഇതാദ്യമല്ല യോഗി സംസ്ഥാനത്തെ നഗരങ്ങളുടെ പേര് മാറ്റുന്നത്. നേരത്തേ, ഫൈസാബാദിനെ അയോധ്യയെന്നും അലഹാബാദിനെ പ്രയാഗ്രാജെന്നും മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."