ഇസ്‌റാഈൽ ആവർത്തിക്കുന്ന നീചകൃത്യങ്ങൾ
ഗസ്സയിൽ അൽഅഹ്ലി ആശുപത്രിക്ക് നേരെ ബോംബിട്ട് 500ലധികം ആളുകളെയാണ് ഇസ്‌റാഈൽ കൊലപ്പെടുത്തിയിരിക്കുന്നത്. 2008നുശേഷം ഇസ്‌റാഈൽ ഫലസ്തീനി പൗരന്മാർക്കെതിരേ നടത്തിയ ഏറ്റവും വലിയ യുദ്ധക്കുറ്റമാണിത്. ഹമാസ് ആക്രമണത്തിനുശേഷം ഏറ്റവും കൂടുതൽ ഫലസ്തീനികൾ ഇസ്‌റാഈൽ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഒറ്റസംഭവവുമാണിത്. സൈനിക കേന്ദ്രങ്ങളല്ലാതെ മറ്റൊന്നും അക്രമിക്കരുതെന്നാണ് യുദ്ധനിയമമെങ്കിലും ഇസ്‌റാഈൽ ഇതൊന്നും പാലിക്കാറില്ല.
യുദ്ധം തുടങ്ങിയശേഷം ഗസ്സയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയാണ് തുടർച്ചയായി വ്യോമാക്രമണം നടത്തുന്നത്. ആശുപത്രികൾ അക്രമിക്കുന്നത് അങ്ങേയറ്റത്തെ നീചവൃത്തിയും ഭീരുത്വവുമാണ്. ഹമാസുമായി നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ലാത്ത ഇസ്‌റാഈൽ നിരപരാധികളെ കൊന്നൊടുക്കുന്നു. തീവിഴുങ്ങുന്ന അൽഅഹ്ലി ആശുപത്രിയുടെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയവർ എത്രയുണ്ടെന്നറിഞ്ഞാലെ മരണ സംഖ്യ വ്യക്തമാവുകയുള്ളൂ.
ഇസ്‌റാഈൽ വ്യോമാക്രമണത്തിൽ വീടുനഷ്ടപ്പെട്ട നിരവധി പേർ ആശുപത്രിയിൽ അഭയം തേടിയിരുന്നു.
അവരെല്ലാം കൊല്ലപ്പെട്ടവരിലും പരുക്കേറ്റവരിലുമുണ്ട്. യുദ്ധക്കുറ്റം ചെയ്തശേഷം അതിൽനിന്ന് ഒളിച്ചോടുകയാണ് ഇസ്‌റാഈൽ. ആശുപത്രിയിൽ ബോംബിട്ടത് ഇസ്‌ലാമിക് ജിഹാദാണെന്നാണ് ഇസ്‌റാഈലിന്റെ വാദം. ബോംബിട്ടതായി അവകാശവാദം ഉന്നയിച്ചശേഷം ഇസ്‌റാഈലിനെതിരേ അന്താരാഷ്ട്ര സമൂഹം രംഗത്തുവന്നതോടെ ബോംബിട്ടത് തങ്ങളല്ലെന്ന് കള്ളം പറയുകയായിരുന്നു അവർ. ആശുപത്രികൾക്ക് നേരെ ബോംബിടുന്നതും നിരപരാധികളെ കൊല്ലുന്നതും ഇസ്‌റാഈലിന്റെ ചരിത്രത്തിൽ പുതിയതല്ല.
1948 ഏപ്രിലിൽ ഫലസ്തീൻ ഗ്രാമമായ ദേർയാസീനിൽ കടന്നുചെന്ന് 130 ഗ്രാമീണരെയും 1982ൽ ലബനാനിലെ സബ്‌റ ഷത്തീലയിൽ 3500 ഫലസ്തീനി അഭയാർഥികളെയും കാരണലേശമെന്യേ കൊലപ്പെടുത്തിയതും ഇതേ ഇസ്‌റാഈലാണ്. 1948ൽ ഇസ്‌റാഈൽ സ്ഥാപിതമായപ്പോൾ പലായനം ചെയ്യേണ്ടിവന്ന അഭയാർഥികളായിരുന്നു സബ്‌റ ഷത്തീലയിലുണ്ടായിരുന്നത്.
സ്ത്രീകളെയും കുട്ടികളെയും വീടുകളിൽനിന്ന് പിടിച്ചിറക്കി വെടിവച്ചു കൊല്ലുന്നു. അഭയാർഥികളെ വീടുകൾക്കുള്ളിൽ കുത്തിനിറച്ച് വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കൊല്ലുകയാണ് മറ്റൊരു രീതി. ആളുകളെ വലിയ മതിലുകൾക്ക് മുന്നിൽ നിർത്തി മതിലുകൾ ബുൾഡോസർ കൊണ്ട് ദേഹത്തേക്ക് തള്ളിയിട്ടും കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന സാക്ഷിമൊഴികൾ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടെ റിപ്പോർട്ടുകളിലുണ്ട്. ഈ കൂട്ടക്കൊലകളുടെ പേരിൽ ഒരാളും ശിക്ഷിക്കപ്പെട്ടില്ലെന്ന് മാത്രമല്ല,
സബ്‌റ ഷത്തീലയിൽ കൂട്ടക്കൊലക്ക് ഉത്തരവിട്ട ഇസ്‌റാഈൽ പ്രതിരോധമന്ത്രി ഏരിയൽ ഷാരോൺ 2001ൽ ഇസ്‌റാഈലിന്റെ 11ാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ൽ ഇസ്‌റാഈൽ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ 2,200 ഫലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ അതിൽ 550 പേർ കുഞ്ഞുങ്ങളായിരുന്നു. ഒരു അന്താരാഷ്ട്ര സമൂഹവും ഇൗ ക്രൂരകൃത്യത്തെ ചോദ്യം ചെയ്തില്ല.
2002 ഏപ്രിലിലെ ജെനിൻ ആക്രമണം, 2008-2009ലെ ഗസ്സ ആക്രമണം, അക്കാലത്ത് ഫലസ്തീൻ സിവിലിയൻമാരെയും കുട്ടികളെയും മനുഷ്യപരിചകളായി ഉപയോഗിക്കൽ, സാധാരണക്കാർക്ക് നേരെ വൈറ്റ് ഫോസ്ഫറസ് പോലുള്ള മാരക രാസവസ്തു പ്രയോഗിക്കൽ തുടങ്ങി ഇസ്‌റാഈലിന്റെ യുദ്ധക്കുറ്റങ്ങൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്. ഇതിന്റെ പേരിൽ ഒരു അന്താരാഷ്ട്ര കോടതിയിലും ഇസ്‌റാഈൽ വിചാരണ ചെയ്യപ്പെട്ടില്ല. ഗസ്സയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധക്കുറ്റങ്ങൾക്ക് അമേരിക്ക പോലുള്ള വൻശക്തികളുടെ പിന്തുണയുണ്ട്.
ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെക്കുറിച്ച് ആവർത്തിക്കുന്ന അമേരിക്ക പക്ഷേ, ഫലസ്തീനിൽ ഇസ്‌റാഈൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും സ്വന്തം മണ്ണും ജനങ്ങളെയും സംരക്ഷിക്കാനുള്ള ഫലസ്തീനികളുടെ അവകാശങ്ങളെക്കുറിച്ചും നിശബ്ദരാണ്. ഇസ്‌റാഈൽ ഫലസ്തീനികളോട് ചെയ്യുന്ന അനീതികളെക്കുറിച്ച് എണ്ണിയാലൊടുങ്ങാത്ത യു.എൻ റിപ്പോർട്ടുകളുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ പോലുള്ള സംഘടനകളുടെ റിപ്പോർട്ടുകൾ വേറെയുമുണ്ട്. എന്നാൽ അതൊന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ നീതിബോധം ഉണർത്തുന്നില്ലെന്നതാണ് പരിതാപകരമായ സത്യം.
ഗസ്സ ആക്രമണം തുടങ്ങുമ്പോൾ തന്നെ പരമാവധി നാശം വരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ആക്രമണത്തിലെ കൃത്യത തങ്ങളുടെ ലക്ഷ്യമല്ലെന്നുമായിരുന്നു ഇസ്‌റാഈൽ സൈനിക വക്താവ് പറഞ്ഞത്. തങ്ങൾ ഗസ്സയിലെ ജനങ്ങളെ കൂട്ടക്കൊല ചെയ്യാൻ പോകുകയാണെന്ന പ്രഖ്യാപനമായിരുന്നു അത്. സ്‌കൂളുകൾക്കും പാർപ്പിട കേന്ദ്രങ്ങൾക്കും നേരെയായിരുന്നു ആദ്യ ആക്രമണം. പിന്നാലെ ഗസ്സയെ ഉപരോധിച്ചു കൊല്ലാനായിരുന്നു പ്രഖ്യാപനം. ഗസ്സയിൽ ഇപ്പോൾ വൈദ്യുതിയില്ല, വെള്ളമില്ല,
പാചകവാതകമില്ല. അന്താരാഷ്ട്ര സഹായം എത്താൻ ഇസ്‌റാഈൽ സമ്മതിക്കുന്നില്ല. ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയക്കുപോലും സംവിധാനമില്ല. ഗസ്സയിലൊരു വംശഹത്യയാണ് ഇസ്‌റാഈൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. വീടുവിട്ടുപോയില്ലെങ്കിൽ തങ്ങൾ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വംശഹത്യയുടെ പരിധിയിൽ വരും.
ഒളിച്ചുകളി അവസാനിപ്പിച്ച് ഇസ്‌റാഈലിനെതിരേ കടുത്ത നടപടി സ്വീകരിക്കാൻ അറബ് രാജ്യങ്ങളെങ്കിലും തയാറാകണം. മുസ്‌ലിം രാജ്യങ്ങൾ ഇസ്‌റാഈലിനെതിരേ ഉപരോധമേർപ്പെടുത്തുകയാണ് ഉചിത ഇടപെടൽ. ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷൻ അംഗരാജ്യങ്ങൾ ഇതിനായി രംഗത്തുവരണം. ഇസ്‌റാഈലിന് എണ്ണ നൽകില്ലെന്ന് എണ്ണ ഉത്പാദകരായ അറബ് രാജ്യങ്ങൾ തീരുമാനമെടുക്കണം.
ഇസ്‌റാഈലുമായി സമീപകാലത്ത് ഒപ്പിട്ട കരാറിൽനിന്ന് പിന്മാറാൻ യു.എ.ഇ തയാറാകണം. അറബ് ലോകത്തിന് മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയാണ് ഇസ്‌റാഈൽ. ഭീകരത പൊതുനയമാക്കിയ, അന്താരാഷ്ട്ര നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്ന മറ്റൊരു രാജ്യമില്ല. ഇസ്‌റാഈലിനെ നിലക്ക് നിർത്താൻ ലോകരാജ്യങ്ങൾ മൂന്നോട്ടുവരണം.
അതിനുവേണ്ടി അറബ് രാജ്യങ്ങൾ വൻശക്തികളിൽ സമ്മർദം ചെലുത്തണം. അമേരിക്ക പോലുള്ള വൻശക്തികൾ ഗസ്സയിലെ കുഞ്ഞുങ്ങളെ കൊല്ലാൻ ഇസ്‌റാഈലിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ തയാറാകണം. അല്ലാത്തപക്ഷം ഫലസ്തീനിലെ കുഞ്ഞുങ്ങളുടെ രക്തം, കൂടെനിൽക്കുന്നവരുടെയൊക്കെ മുഖത്തേക്ക് തെറിക്കും. ആ ചോരപ്പാടുകൾ തുടച്ചാൽ പോവില്ല.
Content Highlights:Israel's Repeated Misdeeds
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."