HOME
DETAILS

മുന്നോക്ക സംവരണം: ചില ഓര്‍മപ്പെടുത്തലുകൾ

  
backup
November 13 2022 | 03:11 AM

reservation-2022-todays-article-13-11-2022


103ാം ഭരണഘടനാ ഭേദഗതിക്ക് സുപ്രിംകോടതി സാധുത നല്‍കിയതിലൂടെ മുന്നോക്ക സംവരണം യാഥാര്‍ഥ്യമായിരിക്കുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു ലളിത് ഉള്‍പ്പെടെ രണ്ടുപേരുടെ വിയോജനത്തോടെയാണ് ഭൂരിപക്ഷവിധി വന്നിരിക്കുന്നത് എന്നതും മുന്നോക്ക സംവരണത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. കൂടാതെ, മുന്നോക്ക സംവരണം ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച 1993 നവംബര്‍ 16ലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ അഞ്ചംഗ ബെഞ്ച് ഇപ്പോള്‍ മറികടന്നിരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മുമ്പ് ഒരു ബെഞ്ച് നല്‍കിയ വിധിയെ മറികടക്കണമെങ്കില്‍ ആദ്യത്തേക്കാള്‍ കൂടുതല്‍ അംഗങ്ങള്‍ അടങ്ങിയ മറ്റൊരു ബെഞ്ചിനേ കഴിയൂ എന്ന കീഴ്‌വഴക്കവും ഈ കേസില്‍ അപ്രസക്തമായിരിക്കുന്നു.
മുന്നോക്ക സംവരണം ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത്, 1991 സെപ്റ്റംബറില്‍ എക്‌സിക്യുട്ടീവ് ഉത്തരവിലൂടെ വിദ്യാഭ്യാസത്തിനും പൊതു ഉദ്യോഗങ്ങള്‍ക്കും 10 ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയ നരസിംഹറാവു സര്‍ക്കാരാണ്. നരസിംഹറാവു സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെയും തീരുമാനങ്ങളിലെ വ്യത്യാസം, ആദ്യത്തേത് എക്‌സിക്യുട്ടീവ് ഉത്തരവും രണ്ടാമത്തേത് ഭരണഘടനാ ഭേദഗതിയുമാണ് എന്നതാണ്. വി.പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണം അനുവദിച്ചതിലൂടെ അസ്വസ്ഥരായ മുന്നോക്കക്കാരെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യവും 10 ശതമാനം സാമ്പത്തിക സംവരണം അനുവദിക്കുക എന്നതും നരസിംഹറാവു സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നിലുണ്ടായിരുന്നു.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനത്തിനൊപ്പം മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ ഒരു നിയമയുദ്ധത്തിനാണ് സുപ്രിംകോടതി സാക്ഷ്യംവഹിച്ചത്. പ്രസിദ്ധമായ ഇന്ദിരാ സാഹ്നി കേസില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പിന്നോക്ക സംവരണത്തിന് സാധൂകരണം ലഭിച്ചെങ്കിലും നരസിംഹറാവു സര്‍ക്കാരിന്റെ മുന്നോക്ക സംവരണത്തെ സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കുകയാണു ചെയ്തത്.
-
ഇന്ദിരാ സാഹ്നി കേസിലെ നിരീക്ഷണങ്ങള്‍
മുന്നോക്ക സംവരണത്തെ അസാധുവാക്കിക്കൊണ്ടുള്ള ഇന്ദിരാ സാഹ്നി കേസിലെ വിധിയില്‍ പറയുന്ന പ്രധാന നിരീക്ഷണങ്ങള്‍ കാണാം. 1, ഭരണഘടനാ വകുപ്പ് 16 (4) പ്രകാരം ജനങ്ങളുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ അളക്കാനുള്ള മാനദണ്ഡം ജാതി മാത്രമാണ്. 2, സംവരണത്തിന്റെ പരിധി ഒരിക്കലും 50 %ത്തിന് മുകളിലാകാന്‍ പാടില്ല എന്നിവയാണ്. ഭരണഘടന അനുശാസിക്കുന്ന സംവരണം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിനു മാത്രമേ ബാധകമാവുകയുള്ളൂവെന്നും സാമ്പത്തികം അതിനു ബാധകമല്ലെന്നുമാണ് അന്ന് സുപ്രിംകോടതി കൃത്യമായി വ്യക്തമാക്കിയത്. ഈ വിധിയില്‍ ആകെ സംവരണം 50 %ത്തിലധികം ഉണ്ടാകരുതെന്നും സംവരണം എന്ന ആശയത്തിന് അടിസ്ഥാനപരമായി യാതൊരു വിലക്കും ഭരണഘടന നല്‍കുന്നില്ലെങ്കിലും ഭരണഘടനാതത്വങ്ങള്‍ പ്രകാരം ആനുപാതികമായ സമത്വമല്ല, സന്തുലിതമായ സമത്വമാണ് സംവരണ വിഷയത്തില്‍ വേണ്ടതെന്നും അടിവരയിടുന്നുണ്ട്. ഏതു വിധേനയുള്ള സംവരണവും 50 %ത്തിലധികം വരുന്നത് ഭരണഘടന ഒരുതരത്തിലും അനുശാസിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രിംകോടതി ഇന്ദിരാ സാഹ്നി കേസില്‍ പറഞ്ഞ 50 % സംവരണപരിധിക്കു മുകളില്‍ നില്‍ക്കുന്ന ഏക സംസ്ഥാനം തമിഴ്‌നാടാണ്. തമിഴ്‌നാട്ടില്‍ ആകെ സംവരണം 69 ശതമാനമാണ്. ഇതിന് മൂന്നു കാരണങ്ങളുമുണ്ട്. 1, 1921 മുതല്‍ നിലനില്‍ക്കുന്ന സംവരണസംവിധാനമാണ് അവിടുത്തേത്. 2, തികച്ചും അത്യപൂര്‍വവും അസാധാരണവുമായ സാഹചര്യത്തില്‍ സംവരണം 50 % കടക്കാമെന്ന ഇന്ദിരാ സാഹ്നി കേസിലെ പരാമര്‍ശം. 3, തമിഴ്‌നാട്ടിലെ ആകെ ജനസംഖ്യയുടെ 87 ശതമാനവും പിന്നോക്കക്കാരാണ് എന്നതും.
-
103ാം ഭരണഘടനാ ഭേദഗതി


2014ല്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ആഗ്രഹമുണ്ടെങ്കിലും മുന്നോക്ക സംവരണം നടപ്പാക്കുന്നതിലെ പരിമിതികളെക്കുറിച്ച് നരേന്ദ്ര മോദി സര്‍ക്കാരിന് നല്ല ബോധ്യമുണ്ടായിരുന്നു. 2015 ഒക്ടോബറില്‍ ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ മോദി പറഞ്ഞു, 'സുപ്രിംകോടതി നിശ്ചയിച്ച പരിധി മറികടക്കുന്നത് അവിശ്വസ്തതയാണ്'. 2018ല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ തിരിച്ചടി മാറിച്ചിന്തിക്കാന്‍ മോദിയെ പ്രേരിപ്പിച്ചു. 2019 മെയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി നഷ്ടപ്പെട്ട മുന്നോക്ക സമുദായ വോട്ടുകള്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ 2019 ജനുവരിയില്‍ 103ാം ഭരണഘടനാ ഭേദഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഭരണഘടനയുടെ 15ാം വകുപ്പില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി പ്രത്യേക വ്യവസ്ഥ കൊണ്ടുവരുന്നതിനു തടസമില്ലെന്ന ആറാം അനുച്ഛേദമാണ് ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ത്തത്. 16ാം വകുപ്പിലും പുതുതായി ആറാം അനുച്ഛേദം കൂട്ടിച്ചേര്‍ത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 % തൊഴില്‍സംവരണവും വ്യവസ്ഥ ചെയ്തു.
പാര്‍ലമെന്റ് പാസാക്കിയ 103ാം ഭരണഘടനാ ഭേദഗതിനിയമത്തിലെ വ്യവസ്ഥകള്‍ ഇന്ദിരാ സാഹ്നി കേസിലെ വിധിയുടെ വെളിച്ചത്തില്‍ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സംവരണവിരുദ്ധ സംഘടന യൂത്ത് ഫോര്‍ ഇക്വാലിറ്റി, എന്‍.ജി.ഒ ജന്‍ഹിത് അഭിയാന്‍ തുടങ്ങിയ 40തോളം വ്യക്തികളും സംഘടനകളും സുപ്രിംകോടതിയെ സമീപിച്ചത്. തമിഴ്‌നാട് സര്‍ക്കാരും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. 1993ലെ വിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാ ഭേദഗതി കോടതി സ്റ്റേ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സാമ്പത്തിക സംവരണ നിയമം സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയക്കുകമാത്രമാണ് ചെയ്തത്. സംവരണനിയമം സ്റ്റേ ചെയ്യില്ലെന്ന പരാമര്‍ശത്തിലുറച്ചാണ് മുന്നോക്ക സംവരണം നടപ്പാക്കുന്നതിനുള്ള വിജ്ഞാപനങ്ങളുമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോയത്.
തുടര്‍ന്ന് 2020 ഓഗസ്റ്റ് അഞ്ചിന് അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ആര്‍. സുഭാഷ് റെഡ്ഡി, ജസ്റ്റിസ് ബി.ആര്‍ ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്, ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. നേരത്തെ പട്ടികജാതി, വര്‍ഗങ്ങള്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കും മാത്രമാണ് സംവരണമുണ്ടായതെങ്കില്‍ പുതിയ ഭേദഗതി വന്നതോടെ ആകെ സംവരണം 50 %ത്തില്‍നിന്ന് 60 ആയി ഉയര്‍ന്നുവെന്നും ഇത് ആകെ സംവരണം 50 %ത്തില്‍ കൂടുതലാകാന്‍ പാടില്ലെന്ന ഇന്ദിരാ സാഹ്നി കേസിലെ വിധിക്കെതിരാണെന്നും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുവേണ്ടി ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്തുള്ള ഇടപെടലുകള്‍ കേശവാനന്ദ ഭാരതി കേസില്‍ പരാമര്‍ശിച്ച ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണെന്നും അതിനാല്‍ ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള വാദങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്, അഞ്ചംഗ ഭരണഘടനാ ബെഞ്ചിനുള്ള റഫറന്‍സ് ഉത്തരവിറക്കിയത്. 1993ലെ സുപ്രിംകോടതി വിധിയിലെ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ 103ാം ഭേദഗതിക്കെതിരായിരുന്നു മൂന്നംഗ ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍.
ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായിരുന്ന അഞ്ചംഗ ബെഞ്ച് ഏഴുദിവസം തുടര്‍ച്ചയായി വാദം കേട്ടാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണം ഭരണഘടനാപരമോ, സംവരണം 50 ശതമാനത്തില്‍ കൂടുന്നത് അനുവദനീയമോ തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. പുതുതായി ഉള്‍പ്പെടുത്തിയ ആര്‍ട്ടിക്കിള്‍ 15 (6) വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉള്‍പ്പെടെ സാമ്പത്തികമായി ദുര്‍ബലരായ ഏതൊരു പൗരന്റെയും പുരോഗതിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാന്‍ അവസരം നല്‍കുന്നതാണെന്ന വാദമാണ് കേന്ദ്ര സര്‍ക്കാർ മുന്നോട്ടുവച്ചത്. മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ 10 % സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്നും ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇതിനെ എതിര്‍ത്ത്, സംവരണത്തിന് സാമ്പത്തികസ്ഥിതി മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം 50 % കടക്കരുതെന്ന സുപ്രിംകോടതി വിധിയുടെ ലംഘനമാണ് ഭേദഗതിയെന്നുമായിരുന്നു ഹരജിക്കാരുടെ പ്രധാന വാദം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദത്തെ അംഗീകരിച്ച് മുന്നോക്ക സംവരണത്തിന് സാധുത നല്‍കുകയാണ് ഭൂരിപക്ഷ വിധിയിലൂടെ സുപ്രിംകോടതി ചെയ്തത്.
-
ന്യൂനപക്ഷവിധിയിലെ പ്രതീക്ഷ


ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് സാമ്പത്തിക സംവരണത്തെ അനുകൂലിക്കുമ്പോഴും മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ വിധിന്യായത്തില്‍ എഴുതിവച്ച വാക്കുകള്‍ തുടര്‍ചര്‍ച്ചകളില്‍ പ്രകമ്പനം സൃഷ്ടിക്കും. രാജ്യത്തെ സംവരണ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരേണ്ട സമയമായെന്ന നിരീക്ഷണത്തോടെ 'മുന്നോക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും സാമൂഹികനീതിക്കും എതിരാണെന്നും ഭരണഘടന വിലക്കിയ വിവേചനം ഭേദഗതിയിലൂടെ നടപ്പാക്കുകയാണെന്നും ജാതിവിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമാണ് മുന്നോക്ക സംവരണം' എന്നുമുള്ള ഭട്ടിന്റെ വിയോജന വിധിയിലെ വാചകങ്ങള്‍ വളരെ പ്രസക്തമാണ്.
സംവരണത്തെ എതിര്‍ത്തുകൊണ്ട് ന്യൂനപക്ഷ വിധിവാചകം എഴുതിയ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും അതിനെ പിന്തുണച്ച ചീഫ് ജസ്റ്റിസ് യു.യു ലളിതും ചൂണ്ടിക്കാണിച്ചത്, ജാതീയമായ സംവരണം ഇനിയും എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും, ഇതില്‍നിന്ന് മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവല്ലോ എന്നുമാണ്. സാമ്പത്തിക സംവരണത്തിന് മാനദണ്ഡമാക്കി ജാതിയെത്തന്നെ നിര്‍വചിച്ചതിനെയാണ് ഇരുവരും എതിര്‍ക്കുന്നത്. പുരോഗമനപരമായി ചിന്തിക്കുന്ന സമൂഹത്തില്‍ എല്ലാത്തരം വിഭാഗീയചിന്തകള്‍ക്കുംമീതെ രാഷ്ട്രവും നീതിപീഠങ്ങളും ഉയരേണ്ടിയിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago