മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കഠിനംകുളം: മത്സ്യബന്ധനം കഴിഞ്ഞു തിരിച്ചു മടങ്ങവെ പതിനെട്ട് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വള്ളം പൊഴിമുഖത്തു മറിഞ്ഞു ഒരാളെ കാണാതാവുകയും മറ്റുള്ളവര്‍ നീന്തി രക്ഷപ്പെടുകയും ചെയ്തു.
കഠിനംകുളം ശാന്തിപുരം നിഷാ കോട്ടേജില്‍ ജോണ്‍സണ്‍ (48) നെയാണ് കാണാതായത്. നീന്തി രക്ഷപെടുന്നതിനിടെ പരുക്കേറ്റ അഞ്ച് മത്സ്യത്തൊഴിലാളികളെ നാട്ടുകാരും കഠിനംകുളം പൊലിസും ചേര്‍ന്ന് ആംബുലന്‍സില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും ഒരാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിങ്കാരത്തോപ്പ് മരിയപുരം സ്വദേശി എഡിസണ്‍ (42), ബെനഡി (45), ആലപ്പുഴ സ്വദേശി തങ്കച്ചന്‍ (45), പൂത്തുറ സ്വദേശികളായ ചാള്‍സ് (45), തോമസ് നെപ്പോളിയന്‍ (45) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പെരുമാതുറ മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറില്‍ ഇന്നലെ ഉച്ചയ്ക്ക് 12.30 ടെയാണ് സംഭവം നടന്നത്. അഞ്ചുതെങ്ങു പൂത്തുറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള താങ്ങുവല വള്ളത്തില്‍ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങവേ ഫിഷിങ് ഹാര്‍ബറിന്റെ പ്രവേശന കവാടത്തിലാണ് അപകടം ഉണ്ടായത്. ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കുമ്പോള്‍ വള്ളം തിരയില്‍ പെട്ട് ഒരു വശത്തോട്ട് തലകുത്തനെ മറിയുകയായിരുന്നു. വള്ളം മറിയുന്നതിനിടെ വള്ളത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും കടലിലേക്ക് എടുത്തു ചാടി നീന്തി രക്ഷപ്പെടുന്നത് കാണാമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം കണ്ടുകൊണ്ടു നിന്ന മറ്റു മത്സ്യത്തൊഴിലാളികള്‍ പത്തോളം വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. അതിനു ശേഷമാണ് ജോണ്‍സണെ കാണാനില്ല എന്ന വിവരം മനസ്സിലാക്കുന്നത്. തുടര്‍ന്ന് പോലിസും ഫയര്‍ ഫോഴ്‌സും കോസ്റ്റുഗാര്‍ഡും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്ന ഹാര്‍ബറിനാലാണ് തുടര്‍ച്ചയായി അപകടങ്ങളുണ്ടാവുന്നത്. അപകടം നടന്ന സ്ഥലത്തു ഒരു മാസം മുന്‍പ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളം ശക്തമായ തിരയില്‍പ്പെട്ട് മറിഞ്ഞു അഞ്ചുതെങ്ങു താഴംപള്ളി സ്വദേശികളായ ആന്റണി,വിന്‍സെന്റ് എന്നീ മല്‍സ്യതൊഴിലാളികള്‍ മരിച്ചിരുന്നു .അന്നും നാട്ടുകാരും മല്‍സ്യ തൊഴിലാളികളും റോഡ് ഉപരോധിച്ചിരുന്നു.നിര്‍മാണത്തിലെ അപാകത കണ്ടെത്തി പരിഹാരം കണ്ടെത്താമെന്നഅധികൃതരുടെ പ്രഖ്യാപനങ്ങള്‍ നില നില്‍ക്കെയാണ് വീണ്ടും അപകടം നടന്നത്. സംഭവത്തില്‍ പ്രതിഷേധിച്ചു വൈകിട്ട് ആറുമണിയോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും അഞ്ചുതെങ്ങിന് സമീപത്തെ പൂത്തുറ, മുതലപൊഴി പാലം പുന്നോട് പ്രദേശങ്ങളിലെ റോഡുപരോധിച്ചു. സംഭവസ്ഥലം ഡെ.സ്പീക്കര്‍ വി. ശശി സന്ദര്‍ശിച്ചു. കാണാതായ ജോണ്‍സനെ കണ്ടെത്തുവാനുള്ള തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു.നിഷയാണ് ജോണ്‍സന്റെ ഭാര്യ. സിജോ,നിഷ എന്നിവര്‍ മക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."