ബി.ജെ.പിയുടെ തോല്‍വി: വസ്തുതാന്വേഷണ സംഘത്തിന് മുന്‍പില്‍ പരാതിക്കൂമ്പാരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത പരാജയം സംബന്ധിച്ച് പഠിക്കാനായി പാര്‍ട്ടി ചുമതലപ്പെടുത്തിയ വസ്തുതാന്വേഷണ സംഘത്തിന് മുന്‍പില്‍ പരാതിക്കൂമ്പാരം. ജില്ലകള്‍ തോറും യോഗങ്ങള്‍ വിളിച്ചുകൂട്ടിയ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള സമിതിക്ക് മുന്‍പിലാണ് പ്രവര്‍ത്തകരും മണ്ഡലം, പഞ്ചായത്ത് തല നേതാക്കളും പരാതികളുടെ കെട്ടഴിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചതിനെതിരേ സമിതിക്ക് മുന്‍പാകെ രൂക്ഷമായ വിമര്‍ശനമാണ് വന്നത്. സുരേന്ദ്രന്‍ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മത്സരിച്ചത് പരിഹാസ്യമായെന്നും ഇക്കാര്യത്തിലെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ഉത്തരമില്ലാതായെന്നും നേതാക്കള്‍ മൊഴിനല്‍കി.
താഴെത്തട്ടില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കി സംസ്ഥാന കമ്മിറ്റിയില്‍ വച്ചത്. മതിയായ മുന്നൊരുക്കം നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. 2016 ലെ തെരഞ്ഞെടുപ്പ് പോലെ സംഘ്പരിവാര്‍ ഏകോപനം ഇത്തവണയുണ്ടായില്ല. വിജയസാധ്യതയുള്ള മണ്ഡലങ്ങളില്‍ പോലും സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിന് പക്വതക്കുറവുണ്ടായി. ഇക്കാര്യത്തില്‍ സുതാര്യതയുടെ പ്രശ്‌നമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."