ബി.ജെ.പി ഗുജറാത്ത് മുസ്‌ലിംകളോട് പറയുന്നത്
മുഹമ്മദ് അസീം
കാലം മുറിവുണക്കുമെന്നതു പഴമൊഴി. എന്നാൽ ഗുജറാത്തിൽ 2002 കലാപത്തിന്റെ മുറിവുകളിൽനിന്ന് വീണ്ടും രക്തം കിനിയുന്നതാണ് ഈ തെരഞ്ഞെടുപ്പു വേളയിൽ നാം കാണുന്നത്. കലാപത്തിലെ ഇരകളുടെ മുറിവുകളിൽ ഉപ്പു പുരട്ടുന്ന ബി.ജെ.പിയിൽ കുറ്റബോധത്തിന്റെ ഒരു ലാഞ്ചനയും ഇല്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഇവരുടെ ആദ്യ നടപടി 2002ലെ ബിൽകീസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു. ബി.ജെ.പിയുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനു ചുക്കാൻ പിടിക്കുകയും കുറ്റക്കാരായി കണ്ടെത്തിയ പതിനൊന്ന് പ്രതികളെ വിട്ടയക്കുകയും ചെയ്തു. ഒറ്റ രാത്രിയിൽ ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ഒമ്പതു പേരടങ്ങുന്ന അവരുടെ കുടുംബത്തിലെ പിഞ്ചുകുഞ്ഞിനെ അടക്കം പാറക്കടിച്ച് കൊല്ലുകയും ചെയ്ത കേസിൽ പ്രതികളെന്ന് കണ്ടെത്തിയവരെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഒത്താശയെ തുടർന്ന് ജയിൽ മോചിതരാക്കിയത്.
ജയിലിൽനിന്ന് പുറത്തെത്തിയ പ്രതികളെ പുഷ്പഹാരമണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു എന്നതിലും വലിയ അധാർമികത മറ്റെന്താണ് ഇവിടെ നടക്കാനുള്ളത്? ഇരയാക്കപ്പെട്ട ബിൽകീസ് ബാനു ഭീതിയിൽ കഴിയുമ്പോൾ കുറ്റവാളികൾ ബി.ജെ.പി പിന്തുണയോടെ നാടുനീളെ സ്വീകരിക്കപ്പെടുകയാണ്. ഈ പീഡന കൊലയാളികളെ 'സംസ്‌കാരമുള്ള ബ്രാഹ്മണർ' എന്നാണ് ബി.ജെ.പി എം.എൽ.എ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതിന്റെ പ്രതിഫലമായെന്നോണം അടുത്ത മാസം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഗോധ്രയിലെ സീറ്റിൽ മത്സരിക്കാനുള്ള അനുമതി ഇദ്ദേഹത്തിനു ലഭിച്ചിട്ടുമുണ്ട്.
മുസ്‌ലിം മനസ്സുകളിൽ ഏറ്റവും വലിയ മുറിവു സൃഷ്ടിച്ച നരോദ പാട്യ കൂട്ടക്കൊല പ്രതിയുടെ മകളെയും ഗുജറാത്തിലെ മത്സരാർഥിയാക്കിയിരിക്കുകയാണ് ബി.ജെ.പി. നരോദയിലെ ബി.ജെ.പി സ്ഥാനാർഥിയായ പായൽ കുക്രാനി, നരോദ പാട്യ കൂട്ടക്കൊലയിലെ പ്രതി മനോജ് കുക്രാനിയുടെ മകളാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലയിലെ പ്രതി തന്റെ മകൾക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തുന്നതാവട്ടെ ഇതേ കൂട്ടക്കൊല നടന്നിടത്തും. 2002 ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് ഒരു കൂട്ടം കലാപകാരികളുടെ ആക്രമണത്തിൽ തൊണ്ണൂറ്റിയേഴു മുസ് ലിംകൾ നരോദ പാട്യയിൽ കൊല്ലപ്പെടുന്നത്. പിന്നീട് കലാപത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് ഇതു നിരീക്ഷിക്കപ്പെട്ടു. കുട്ടികളെ ജീവനോടെ കത്തിച്ചതായും സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതായും ദൃക്‌സാക്ഷികൾ മൊഴി നൽകി. നരോദ പാട്യ കേസിൽ ശിക്ഷിക്കപ്പെട്ട മുപ്പത്തിരണ്ടു പേരിൽ ഒരാളാണ് മനോജ് കുക്രാനി. ഇദ്ദേഹത്തിൻ്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും രോഗശയ്യയിൽ നിത്യവൃത്തികൾ പോലും തനിയെ ചെയ്യാനാവുന്നുമില്ലെന്നു കാണിച്ച് അഭിഭാഷകൻ ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ ഹരജിയിന്മേലാണ് കുക്രാനിയെ 2016 സെപ്റ്റംബറിൽ ജാമ്യത്തിൽ വിടുന്നത്. എന്നാൽ ഇതേ രോഗശയ്യയിലുള്ള കുറ്റവാളിയാണ് മകൾക്കു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരിക്കുന്നതെന്നാണ് മാധ്യമപ്രവർത്തക തനുശ്രീ പണ്ഡെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇത്തരം പ്രവൃത്തികളിലൂടെ എന്തു സന്ദേശമാണ് ബി.ജെ.പി ഗുജറാത്തിലെയും ഈ രാജ്യത്തെയും മുസ്‌ലിംകൾക്ക് നൽകുന്നത് ? നിങ്ങൾക്കെതിരേ എന്തു കുറ്റകൃത്യം നടന്നാലും ഇതാവും ഫലമെന്നോ? കുറ്റവാളികൾ രാജ്യത്തുടനീളം വീരപുരുഷന്മാരായി വാഴ്ത്തപ്പെടുമെന്നോ? അവർക്ക് തക്കതായ പ്രതിഫലം നൽകുമെന്നോ? അതോ കോടതികൾ വൈകിയെങ്കിലും നീതി നടപ്പാക്കിയാലും അതിനെയെല്ലാം ഇല്ലായ്മ ചെയ്ത് കുറ്റവാളികളെ പുറത്തിറക്കി മുസ്‌ലിംകൾക്കെതിരേ പ്രയോഗിക്കുമെന്നോ? ഇത്തരം ക്രമിനിലുകളെ മഹത്വവത്കരിക്കുന്ന ഗുജറാത്തിലെ ബി.ജെ.പി സർക്കാരിനെ കുറിച്ച് എന്ത് അഭിപ്രായമാണ് ഈ രാജ്യത്തെ ജനങ്ങൾക്കുണ്ടാവുക? മുപ്പതു വർഷത്തോളം ഈയൊരു സംസ്ഥാനം ഭരിച്ചിട്ടും ഇവരുടെ പക്കൽ കേമത്തം കാണിക്കാനുള്ള ഒരേയൊരു കാര്യം 2002ലെ കലാപമാണെന്നാണ് ഇക്കൂട്ടർ ധരിച്ചിരിക്കുന്നത്. ഇവർക്കു വേണ്ടത് ജനങ്ങൾ 2002ലെ രക്തപങ്കിലമായ ഗുജറാത്തിനെ ഓർക്കുകയും ആ അക്രമത്തെ ഓർത്തുകൊണ്ട്, ആഘോഷിച്ചുകൊണ്ട് ഇവർക്ക് വോട്ടു ചെയ്യണമെന്നുമാണ്.
ഇത് ഗുജറാത്തിലെ വോട്ടർമാരക്കുറിച്ച് എന്താണ് നമ്മോട് പറയുന്നത്? ഇരകൾ മുസ്‌ലിംകളാവുന്നിടത്തോളം ഈ ക്രിമിനലുകളെ വാഴ്ത്തുന്നതിൽ അവർക്ക് മനസ്താപമില്ലെന്നോ? നരോദയിലും ദഹോദിലുമെല്ലാം മാലയണിയിച്ച് വരവേറ്റത് ഏറ്റവും നിഷ്ഠുരകൃത്യം ചെയ്തവരെയാണ്. ഇത്തരം മനുഷ്യർക്കൊപ്പം ലാഘവത്തോടെ നിൽക്കാൻ എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതംതന്നെ. മുസ്‌ലിംകളോടുള്ള വെറുപ്പ് എല്ലാ ധാർമിക അളവുകോലുകളെയും മറികടന്നു എന്നാണോ മനസ്സിലാക്കേണ്ടത്?
ഈ പുതിയ നീക്കങ്ങൾ ഗുജറാത്തിലെ ബി.ജെ.പിയുടെ എതിരാളികൾ എങ്ങനെയാണ് നേരിടുന്നതെന്ന് നോക്കാം. ആം ആദ്മി ഇത്തരം ക്രൂരകൃത്യങ്ങളിലെല്ലാം നിശബ്ദത പാലിക്കുകയാണ് പൊതുവെ പതിവ്. കോൺഗ്രസാവട്ടെ വ്യംഗ്യമായ പ്രതികരണങ്ങളിലാണ് താത്പര്യം കണ്ടെത്തുന്നത്. ഇതു തന്നെയാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ വിജയവും. ഒരുതരത്തിലുമുള്ള നൈതികവും ധാർമികവുമായ നിലപാടെടുക്കാതെ മൃദു ഹിന്ദുത്വ സമീപനവുമായി മിണ്ടാതിരിക്കുന്ന ഈ പ്രതിപക്ഷ കക്ഷികൾ തന്നെയാണ് ഈ ഭൂരിപക്ഷ നിഷ്ഠുരതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പറയാതെ വയ്യ. ഭൂരിപക്ഷത്തിന്റെ വോട്ടു നഷ്ടപ്പെടുമോ എന്നതാണ് ഭയം. ഇവിടെയുള്ള പ്രശ്‌നങ്ങളേക്കാൾ ഇവർ ശ്രദ്ധിക്കുന്നത് ഭൂരിപക്ഷത്തിന്റെ വോട്ട് ഏത് പെട്ടിയിൽ വീഴുമെന്നതാണ്. ഇവിടെ ബി.ജെ.പിയും ഈ പ്രതിപക്ഷ കക്ഷികളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? നമ്മുടെ രാഷ്ട്രീയത്തിന്റെ അധാർമിക കൂപ്പു കുത്തലാണ് ഇത്തരം സംഭവങ്ങളിൽ വ്യക്തമാക്കുന്നത്.
(മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എൻ.ഡി.ടി.വിയിൽ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."