പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: അറിയേണ്ടതെല്ലാം
ബഷീര്‍ എടച്ചേരി
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന തുടങ്ങിയ മത വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ്, സര്‍ക്കാര്‍ അംഗീകാരമുള്ള മറ്റ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്.
ഓരോ വര്‍ഷവും ആയിരം രൂപയാണ് ഈ സ്‌കോളര്‍ഷിപ്പ് വഴി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ഒക്ടോബര്‍ 31ന് മുമ്പ് രക്ഷിതാക്കള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് അതതു സ്‌കൂള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. ഇതിനു വേണ്ടി സജ്ജീകരിച്ച നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.
രക്ഷിതാക്കള്‍ നല്‍കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട് പരിശോധിച്ച് സ്‌കൂള്‍ അധികൃതര്‍ നവംബര്‍15നു മുമ്പായി മേലധികാരികള്‍ക്ക് സൈറ്റ് വഴി സമര്‍പ്പിക്കണം. അപേക്ഷയുടെ കാലതാമസം ഒഴിവാക്കാനായി രക്ഷിതാക്കള്‍ക്ക് ഇപ്പോള്‍ തന്നെ എന്‍.എസ്.പി വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവിധ അക്ഷയ സെന്ററുകളിലും മറ്റ് ഇന്റര്‍നെറ്റ് കഫേകളിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. അപേക്ഷകര്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ സൂക്ഷ്മപരിശോധനയിലൂടെ പൂര്‍ണമായും ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ സ്‌കോളര്‍ഷിപ്പ് ലഭിക്കൂ.
അപേക്ഷിക്കേണ്ട വിധം
അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ ഐ.ടി പരിജ്ഞാനം ഉള്ളവരാണെങ്കില്‍ കംപ്യൂട്ടര്‍ / മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നേഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ഒരു ഒ.ടി.പി നമ്പര്‍ ലഭ്യമാകേണ്ടതിനാല്‍ ഒരു മൊബൈല്‍ ഫോണ്‍ കരുതേണ്ടതാണ്. കഴിഞ്ഞ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവരാണെങ്കില്‍ (റിനീവല്‍) ആ അപേക്ഷയുടെ അപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും കരുതുന്നത് നന്നായിരിക്കും.
പാസ് വേര്‍ഡ് മിക്കവാറും കുട്ടികളുടെ ജനന തിയതി ആയിരിക്കും. നേരത്തെ സ്‌കൂളില്‍ സമര്‍പ്പിച്ച പ്രിന്റ് ഔട്ടില്‍ അപ്ലിക്കേഷന്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.ഇത് ലഭ്യമല്ലെങ്കില്‍ കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നിര്‍ദ്ദിഷ്ട ലിങ്കില്‍ നല്‍കിയാല്‍ രജിസ്റ്റര്‍ നമ്പര്‍ കണ്ടെത്താനാകും. 'നോ റെക്കോര്‍ഡ് ഫൗണ്ട് ' എന്ന് കാണുകയാണെങ്കില്‍ ഫ്രഷ് (പുതിയത് )ആയി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷിച്ചിട്ടും സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെന്ന പരാതി
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടും യഥാവിധി പണം ബാങ്ക് അക്കൗണ്ടിലെത്തുന്നില്ലെന്ന് പല രക്ഷിതാക്കളില്‍നിന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കൃത്യമായി അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. അതേസമയം അപേക്ഷയിലും ബന്ധപ്പെട്ട രേഖകളിലും കണ്ടെത്തിയ പിഴവുകള്‍ കാരണമാണ് പലര്‍ക്കും തുക ലഭിക്കാതെ പോകുന്നത്.
ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് കാരണവും പലര്‍ക്കും സ്‌കോളര്‍ഷിപ്പ് നഷ്ടമായിട്ടുണ്ട്. അതിനാല്‍ പിഴവുകള്‍ ഒന്നും കൂടാതെ നല്ല കൃത്യതയോടെ ആവശ്യമായ മുഴുവന്‍ രേഖകളും സഹിതം അപേക്ഷ സമര്‍പ്പിക്കാന്‍ എല്ലാ രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
നേരത്തെ സൂചിപ്പിച്ച മതവിഭാഗങ്ങളില്‍പെട്ട കുട്ടികളില്‍ അവര്‍ തൊട്ടുമുമ്പ് പഠിച്ച ക്ലാസില്‍ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ഇവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. മാര്‍ക്കും വരുമാനവുമാണ് പ്രധാന മാനദണ്ഡമെന്നതിനാല്‍ ഇവ രണ്ടും പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് ലോക്ക് ഡൗണായതിനാല്‍ കഴിഞ്ഞ വര്‍ഷം സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടന്നിട്ടില്ല.
എന്നാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ വാര്‍ഷികപ്പരീക്ഷാസമയത്ത് വിദ്യാലയങ്ങള്‍ വഴി ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും വര്‍ക്ക് ഷീറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഈ വര്‍ക്ക് ഷീറ്റുകള്‍ അടിസ്ഥാനമാക്കി സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ സ്‌കോര്‍ഷീറ്റ് തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ മാര്‍ക്ക് എത്രയാണെന്ന് അധ്യാപകരോട് ചോദിച്ചറിയേണ്ടതാണ്. ഈമാര്‍ക്കാവണം അപേക്ഷയില്‍ കാണിക്കേണ്ടത്. വരുമാനത്തിന്റെ കാര്യത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രക്ഷിതാക്കള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ അപേക്ഷയോടൊപ്പം അപ്പ് ലോഡ് ചെയ്താല്‍ മതിയായിരുന്നു.
എന്നാല്‍ ഈ വര്‍ഷം മുതല്‍ ബന്ധപ്പെട്ട റവന്യൂ അധികൃതരില്‍നിന്ന് ലഭിക്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ വേണമെന്ന് ഇതു സംബന്ധിച്ചിറങ്ങിയ സര്‍ക്കുലറില്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ വരുമാനം ഒരു ലക്ഷത്തില്‍ താഴെയുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക് മാത്രമേ ഇനി മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."