HOME
DETAILS
MAL
അല്ലാഹ്: നാമം, ഭാഷ, പരിഭാഷ
backup
September 02 2021 | 19:09 PM
ശുഐബുല്‍ ഹൈതമി
അല്ലാഹു എന്ന പദത്തിന്റെ പരിഭാഷയായി ദൈവം എന്നു പ്രയോഗിക്കുന്ന പതിവ് മലയാളത്തില്‍ പൊതുവായുണ്ട്. ഭാഷാപരമായി അവാസ്തവം എന്നതിനേക്കാള്‍ ഗുരുതരമായ വിശ്വാസപരമായ പ്രശ്‌നം അവിടെയുണ്ട്. അതൊന്ന് പരിശോധിക്കാം. എല്ലാതരം ആരാധനകള്‍ക്കും സ്തുതിക്കും അര്‍ഹതയുള്ള അനിവാര്യ അസ്തിത്വത്തിന്റെ പേരാണ് അല്ലാഹു. അല്ലാഹുവിനു വ്യക്തിത്വമുണ്ട്. ഒരു ആളത്വത്തിന്റെ അസ്തിത്വത്തെ പ്രതിനിധീകരിക്കുന്ന Prop-er Noun (സംജ്ഞാനാമം) ആണ് അല്ലാഹു. ദൈവം വര്‍ഗമാണ്, ആളത്വമില്ലാത്ത ആശയം. വാചകങ്ങള്‍ പൂര്‍ണമാക്കാനുള്ള (ഉദാ: ദൈവം ഉന്നതനാണ്, ഉന്നതന്‍ ദൈവമാണ് തുടങ്ങിയ) ആഖ്യയും ആഖ്യാതവും മാത്രമാണ് ദൈവം എന്ന പദം. അതിനു വ്യക്തിത്വമില്ല. സംജ്ഞാനാമങ്ങള്‍ക്ക് പരിഭാഷ ഉണ്ടാവില്ല. അറേബ്യയിലുള്ള അബ്ദുല്ല കേരളത്തില്‍ ശിവദാസനോ കൃഷ്ണദാസനോ ആവില്ല, അബ്ദുല്ല തന്നെയാണ്. കേരളത്തിലെ രവിചന്ദ്രന്‍ അറേബ്യയിലെത്തിയാല്‍ ഹിലാലോ, ഖമറോ അതുമാവില്ല. ഇ.എ ജബ്ബാറും ഹമീദ് ചേന്ദമംഗലൂരുമൊക്കെ സ്വന്തം നാമങ്ങളെ വിശദീകരിക്കുമ്പോള്‍ നിരന്തരം അബദ്ധം പറയുന്ന ഒരു തലംകൂടിയാണിത്.
ദൈവം എന്ന വര്‍ഗനാമം കൊണ്ട് അല്ലാഹുവിനെ ഉദ്ദേശിച്ചാല്‍ മതിയോ, മതിയാവില്ലേ എന്നതിനെ സംബന്ധിച്ച വിശ്വാസശാസ്ത്ര മാനങ്ങള്‍ ഇവിടെ പറയുന്നില്ല. പ്രാഥമികമായി, ഇസ്‌ലാം ഏറ്റവും കണിശമായി ഉയര്‍ത്തിപ്പിടിക്കുന്ന തൗഹീദിനെ കുറിക്കാന്‍ ഒരിക്കലും വര്‍ഗനാമം പര്യാപ്തമാവില്ല. കൂടാതെ, അറബിഭാഷയിലെ നിര്‍ണിതാര്‍ഥ പദങ്ങളില്‍ ഒന്നാമത്തേതാണ് അല്ലാഹു എന്ന നാമം. അതേക്കുറിച്ച് അനിര്‍ണിതമായ ഇതരഭാഷാപദം ഉപയോഗിക്കുന്നത് ലക്ഷ്യവിരുദ്ധമാണ്. Elohim എന്ന ഹീബ്രു പദത്തിന്റെ അറബിയാണ് അല്ലാഹു എന്നതും ശരിയല്ല. കാരണം, Elohim എന്നതിന്റെ അര്‍ഥം 'ദൈവങ്ങള്‍' എന്ന ബഹുവചനമാണ്. Eloah എന്നതാണ് ഏകവചനം. El എന്നത് അവ്യയവുമാണ്. ദൈവം എന്ന വര്‍ഗനാമത്തെ കുറിക്കുന്ന Theos എന്ന ഗ്രീക്ക് പദമാണ് Elohim എന്നതിന്റെ പ്രാചീന പരിഭാഷ എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
ട്രിനിറ്റി അഥവാ ത്രിത്വം എന്ന അബദ്ധവിശ്വാസം സ്ഥാപിക്കാന്‍ ക്രിസ്ത്യന്‍ കമാന്ററിക്കാര്‍ ചേര്‍ത്തുവച്ച ഇതുമായി ബന്ധപ്പെട്ട മറ്റൊരു കെണിയാണ്, ദൈവങ്ങള്‍ എന്നര്‍ഥമുള്ള Elohim എന്നാല്‍ മൂന്നു ദൈവങ്ങളുടെ ഏകകമായ യഹോവയാണ് എന്ന വാദം. വെള്ളത്തെ H2O എന്ന് രാസമൊഴിപ്പെടുത്താവുന്നതു പോലെയാണ് യഹോവ എന്നാണവര്‍ പറയുന്നത്. അതിന്റെ അറബി വേര്‍ഷനുകളില്‍ യഹോവയുടെ സ്ഥാനത്ത് അല്ലാഹു എന്നാണവര്‍ കൊടുക്കാറുള്ളത്. ഇതെന്താണ് കഥ എന്നറിയാത്ത മുസ്‌ലിം ഗവേഷകന്‍ യഹോവയുടെ അറബിയാണ് അല്ലാഹു എന്നു പറഞ്ഞ് മതമൈത്രിയുടെ വിഡിയോ ഇറക്കുന്ന കാലമാണിത്. പഴയ ജൂതര്‍ (മുസ്‌ലിംകള്‍) അല്ലാഹുവിനെ സംബന്ധിച്ച് Elohim എന്ന് വിളിച്ചിരുന്നുവെന്ന രേഖകള്‍ക്ക് മറ്റൊരു വിശദീകരണവുമുണ്ട്. ആധുനിക ക്രിസ്ത്യന്‍സിനെ പോലെ ബഹുദൈവ വിശ്വാസികളല്ല യഹൂദര്‍. എന്നിട്ടും അവര്‍ Elohim എന്ന ബഹുവചനം ഉപയോഗിച്ചത് respected plurel plenitude of mighty എന്ന അര്‍ഥത്തിലാണ്. ഏകസ്വത്വത്തെ മഹത്വപ്പെടുത്തി വാഴ്ത്താന്‍ ബഹുവചനം ഉപയോഗിക്കുന്ന രീതിയാണത്. മലയാളത്തില്‍ 'ചട്ടമ്പിസ്വാമികള്‍' പോലെ.
അല്ലാഹു എന്ന ഉച്ചാരണം മനുഷ്യരുണ്ടായത് മുതലുള്ളതാണ്. അറബീകരിക്കപ്പെട്ട, അറബിഭാഷയുണ്ടാകും മുമ്പേ മൊഴിയപ്പെട്ട സ്രഷ്ടാവിന്റെ അഭിധാനമാണ് അല്ലാഹു. ആ പദം തനി അറബിയാണെന്ന അഭിപ്രായപ്രകാരം, ജുര്‍ഹൂം ഗോത്രക്കാര്‍ക്ക് മുമ്പേയുള്ളവര്‍ക്ക് അല്ലാഹു എന്ന പദം പരിചയം കാണുമോ, അല്ലാഹുവിനു തനിക്ക് അങ്ങനെയൊരു പേരുള്ള കാര്യം അറിയാമോ എന്നൊക്കെയുള്ള യുക്തിവാദികളുടെ ചോദ്യങ്ങള്‍ അപ്രസക്തമാണ്. തനി അറബി തന്നെയാണെങ്കിലും ആ ഭാഷ 'പിന്നീടായത് ' ഭൂമിയില്‍ മാത്രമാണ്. കാലപരിധി ബാധകമാവാത്ത അല്ലാഹുവിന് 'പിന്നീട് ' ബാധകമല്ല, അവന്‍ ദിവ്യബോധനമായി പഠിപ്പിച്ച മനുഷ്യര്‍ക്കും. മേല്‍പ്പറഞ്ഞത് കേവലം മതാധീനമായ വ്യവഹാരതത്വമല്ല, മതാതീയ സാമൂഹിക രാഷ്ട്രീയ മാനങ്ങളും അവിടെ കാണാം. ഉദാഹരണമായി, ഭരണഘടനാ സ്ഥാപനങ്ങളുടെ ചുമതലയേല്‍ക്കുന്ന പ്രതിജ്ഞകള്‍ക്കൊടുവില്‍; ദൈവനാമത്തില്‍, അല്ലാഹുവിന്റെ നാമത്തില്‍ എന്നിങ്ങനെ രണ്ടു പ്രയോഗങ്ങള്‍ മുസ്‌ലിം പ്രതിനിധികള്‍ ചേര്‍ക്കാറുണ്ട്. ദൈവനാമത്തില്‍ എന്ന പ്രയോഗം ഭാഷാപരമായും വിശ്വാസപരമായും അപൂര്‍ണമോ പിഴവോ ആണ്.
അല്ലാഹുവില്‍ വിശ്വസിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ തന്നെ ദിനംപ്രതി ആളുകള്‍ ആക്രമിക്കപ്പെടുകയും പ്രസ്തുത പദത്തെ മതേതരവൃത്തത്തില്‍ അപരവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നമുക്ക് ചുറ്റും. ഇതൊക്കെ കണ്ടിട്ടും നിയമനിര്‍മാണ സഭകളിലെത്തുമ്പോള്‍ മുസ്‌ലിം പ്രതിനിധികള്‍ക്ക് 'അല്ലാഹ് ' എന്ന് ഉച്ചത്തില്‍ മൊഴിയാന്‍ അപകര്‍ഷത തോന്നുന്നുവെങ്കില്‍ അതാണ് ഒന്നാമത് മറികടക്കേണ്ട ദുരന്തം. സ്വത്വം മൗലികമായി നിലനിര്‍ത്തപ്പെടേണ്ടതാണ്. അല്ലാഹുവിനെ ഭരണഘടന ഉള്‍ക്കൊള്ളുന്നുണ്ട്. നിത്യജീവിതത്തില്‍ ആവര്‍ത്തിക്കുന്ന ആ പദം പൊതുവേദിയില്‍ പറയാനുള്ള നാണമാണ് ഏറ്റവും വലിയ മതേതര കാപട്യം, മതകീയ നിഫാഖും.
പടച്ചവനും പടച്ചവളും
മുസ്‌ലിം പ്രൊഫൈലുകള്‍ ഉപയോഗപ്പെടുത്തുന്ന ചില യുക്തിവാദികള്‍ പ്രശ്‌നവല്‍ക്കരിക്കുന്നതാണ് 'പടച്ചവന്‍' എന്ന പുല്ലിംഗ പ്രയോഗം. മലയാള സാഹിത്യങ്ങളിലും കലാസൃഷ്ടികളിലും 'പടച്ചവള്‍' എന്ന തിരുത്തല്‍ പ്രയോഗം സാര്‍വത്രികമായിത്തുടങ്ങുന്നുമുണ്ട്. അല്ലാഹു പുരുഷനോ സ്ത്രീയോ അല്ല. പലരും വിചാരിക്കുന്നതു പോലെ അല്ലാഹു എന്ന അറബി പദത്തിന്റെ മലയാള സാരമല്ല പടച്ചവന്‍ എന്നത്. 'ഖാലിഖ് ' എന്ന അറബിപദത്തിന്റെ അര്‍ഥമാണ് പടച്ചവന്‍. 'ഫാത്വിര്‍, മുബ്ദിഅ' എന്നീ പദങ്ങളുടെ സാരങ്ങളിലും പൂര്‍ണമായല്ലെങ്കിലും പടച്ചവന്‍ എന്ന മലയാളാര്‍ഥം വരുന്നുണ്ട്. ഖാലിഖ് എന്ന പദം ഭാഷാപരമായി വിശേഷണം ആണ്. അതനുസരിച്ച് ഖാലിഖ് എന്നതിനെ മലയാളീകരിച്ചാല്‍ 'പടച്ചവന്‍' എന്നാണ് വരിക, 'പടച്ചവള്‍' എന്നു വരില്ല. ഖാലിഖ് ഭാഷാപരമായി പുല്ലിംഗമാണ്.
ഈ ഭാഗം പറയുമ്പോള്‍ ഇസ്‌ലാം നേരിടുന്ന ആക്ഷേപമായ Male cetnrism ഇല്ലെന്നാക്കാന്‍ അല്ലാഹു എന്ന പദവും അവനെ കുറിക്കുന്ന സര്‍വനാമങ്ങളും ഖുര്‍ആനിക പൊതുസംബോധനകളും neutral gender ആണെന്നാണ് പലരും പറഞ്ഞും എഴുതിയും കാണുന്നത്. പക്ഷേ, ആ അഭിപ്രായം ശരിയാവണമെന്നില്ല. കാരണം അറബിഭാഷയില്‍ ന്യൂട്രല്‍ ജെന്‍ഡര്‍ എന്ന ഒരു കാറ്റഗറി ഇല്ല. ഫ്രഞ്ച് ഒഴികെയുള്ള ഇന്‍ഡോ യൂറോപ്യന്‍ ഭാഷകളില്‍ മൂന്ന് ജെന്‍ഡറുകളുണ്ട്. എന്നാല്‍ സെമിറ്റിക് അറബി, അംഹറിക്, അറാമിക്, ഹീബ്രു, ട്രിഗിനിയന്‍ ഭാഷകളില്‍ ന്യൂട്രല്‍ ജെന്‍ഡര്‍ എന്നൊന്നില്ല. പ്രധാനമായും അചേതന വസ്തുക്കളെ കുറിക്കാനാണ് മറ്റുഭാഷകളില്‍ ന്യൂട്രല്‍ ജെന്‍ഡര്‍ കാറ്റഗറി. അത്തരം പദങ്ങള്‍ അറബിയില്‍ ഒന്നുകില്‍ പുല്ലിംഗമോ (മുദക്കര്‍) അല്ലെങ്കില്‍ സ്ത്രീലിംഗമോ (മുഅന്നഥ് ) തന്നെയാണ്. പ്രാപഞ്ചികാധീതത്വമുള്ള അല്ലാഹുവിനു വര്‍ഗം ചാര്‍ത്തുന്നത് ശരിയാണോ എന്ന തോന്നലാണ് പ്രശ്‌നം. Masculine എന്നു പറഞ്ഞാല്‍ നിരുപാധികം പുരുഷജഡികത്വം എന്നല്ല അര്‍ഥം. അത് പദാര്‍ഥബന്ധിതമായ വാക്കല്ല. ഭാഷാബന്ധിതമായ സാങ്കേതികപദമാണ്. ആണ്‍, പുരുഷന്‍ എന്ന Concrete ഉടലിനെയല്ല Masculine സൂചിപ്പിക്കുന്നത്. Feminine എന്നു പറഞ്ഞാല്‍ Female പെണ്ണ് എന്ന ജഡികയുമല്ല. നാമവാക്കുകളിലെ സ്ത്രീത്വമാണ് ഉദ്ദേശ്യം. അങ്ങനെയല്ലെങ്കില്‍ സ്ത്രീലിംഗം എന്നല്ല, സ്ത്രീയോനി എന്നു പറയേണ്ടിവരും. സ്ത്രീ ലൈംഗികാവയവമുള്ള വസ്തുവിനെയും ഇല്ലാത്ത വസ്തുവിനെയും അറബിയിലെ സ്ത്രീഭാഷാലിംഗം ഉള്‍ക്കൊള്ളുന്നുണ്ട്.
എന്നാലും ഒരു സംശയം ബാക്കിയുണ്ടാവാം. അല്ലാഹു എന്നതിനെ സ്ത്രീലിംഗത്തിലും പെടുത്താമായിരുന്നല്ലോ എന്ന്. ഭാഷാമൊഴികള്‍ രൂപപ്പെട്ടതിനു ശേഷമാണ് നിയമങ്ങള്‍ ഉണ്ടായത്. അതനുസരിച്ച്, പുല്ലിംഗപദത്തില്‍ നിന്നാണ് പൊതുവെ അറബിയില്‍ സ്ത്രീലിംഗ പദമുണ്ടാക്കുന്നത്. ഇതിനു പുരുഷനില്‍ നിന്നാണ് സ്ത്രീ ഉണ്ടാവുന്നത് എന്നല്ല അര്‍ഥം. അങ്ങനെ വന്നാലും വിശാലാര്‍ഥത്തില്‍ കുഴപ്പമില്ല എന്നത് മറ്റൊരു കാര്യം. അപ്പോള്‍, അല്ലാഹു എന്ന നാമത്തെ അടിസ്ഥാന ശബ്ദമായ പുല്ലിംഗത്തില്‍ പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."