ബിയ്യം കായല്‍ ജലോത്സവം: പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സംഘാടനത്തില്‍ മാറ്റം വരുത്തുമെന്ന് തഹസില്‍ദാര്‍
പൊന്നാനി: ജില്ലയിലെ പ്രധാന ജലോത്സവമായ ബിയ്യം കായല്‍ ജലോത്സവം പിഴവുകള്‍ ആവര്‍ത്തിക്കാതെ നടത്താന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിവിധ ക്ലബുകളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തഹസില്‍ദാര്‍ ഹരീഷ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷവും സംഘാടനത്തിലെ പിഴവു മൂലം ജലോത്സവം തടസപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സംഘര്‍ഷം മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് മല്‍സരം ഇടക്കു വച്ച് നിര്‍ത്തിവെക്കുകയായിരുന്നു. അശാസ്ത്രിയമായ നടത്തിപ്പാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് വിവിധ ക്ലബുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തഹസില്‍ദാറുടെ ചേംബറില്‍ ഇന്നലെ അടിയന്തിര യോഗം ചേര്‍ന്നത്. ഇതു പ്രകാരം മല്‍സരങ്ങള്‍ തര്‍ക്കങ്ങള്‍ ഇല്ലാതെ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ഈ മാസം ഒന്നിന് എക്‌സിക്യുട്ടിവ് യോഗം ചേരാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍, സബ് കലക്ടര്‍, വിവിധ വകുപ്പ് മേധാവികള്‍, ജില്ലാ പൊലിസ് സുപ്രണ്ട്, ജനപ്രതിനിധികള്‍, മത്സരത്തില്‍ പങ്കെടുക്കുന്ന ക്ലബ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് ജില്ലാ ടൂറിസം കൗണ്‍സില്‍ ബിയ്യം കായലില്‍ ജലോല്‍സവം സംഘടിപ്പിക്കുന്നത്. ഏതെല്ലാം ഇനങ്ങള്‍ ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കണമെന്ന അന്തിമ ലിസ്റ്റ് ഒന്നാം തിയ്യതിക്ക് മുമ്പായി തഹസില്‍ ദാര്‍ക്ക് സമര്‍പ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
മന്ത്രി കെ.ടി ജലീല്‍ ജലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് സൂപ്രണ്ട്, തിരൂര്‍ ആര്‍.ഡി.ഒ, വിവിധ തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. മേജര്‍, മൈനര്‍ വിഭാഗങ്ങളിലായി ഇരുപതിലധികം വള്ളങ്ങളാണ് മത്സരത്തില്‍ ഇത്തവണ പങ്കെടുക്കുക. ഇത്തവണ മത്സരത്തിനായി ആലപ്പുഴയില്‍ നിന്ന് പ്രാഫഷണല്‍ തുഴച്ചില്‍ കാരെ തന്നെ ഓരോ ടീമുകളും ഇറക്കിയിട്ടുണ്ട്. വലിയ കാശ് മുടക്കിയാണ് ഓരോ ടീമും മല്‍സരത്തിനെത്തുന്നത്. വള്ളം കളി മത്സരത്തിനു പുറമെ വിവിധ ജലാഭ്യാസ പ്രകടനങ്ങളും ബിയ്യം കായലില്‍ അരങ്ങേറും. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിനാളുകളാണ് ജലോത്സവം കാണാനെത്തുക.
മലബാറിലെ എറ്റവും വലിയ ജലോത്സവമായിട്ടും ഇവിടേക്കുള്ള റോസ് നന്നാക്കാനോ തകര്‍ന്ന പവലിയന്‍ നന്നാക്കാനോ ടൂറിസം വകുപ്പ് താല്‍പര്യം കാണിച്ചിട്ടില്ല. തകര്‍ന്ന പവലിയനിലാണ് അതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കിയിട്ടുള്ളത്. പവലിയനോട് ചേര്‍ന്ന് നില്‍ക്കുന്ന മാറഞ്ചേരി പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന തൂക്കുപാലം അപകടാവസ്ഥയിലായതിനാല്‍ കൂടുതല്‍ ആളുകള്‍ തൂക്കുപാലത്തില്‍ കയറുന്നതും ജില്ലാ ഭരണകൂടം വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."