ഗ്രൂപ്പിസം അത്ര മോശം ഇസമൊന്നുമല്ല
വി. അബ്ദുല്‍ മജീദ്
കാലം 1986. മഠത്തില്‍ മത്തായി വധവും ജനകീയ സാംസ്‌കാരികവേദി പിരിച്ചുവിടലും നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുമൊക്കെ കഴിഞ്ഞ് കേന്ദ്ര പുനഃസംഘടനാ കമ്മിറ്റി എന്നോ മറ്റോ വിശേഷണമുള്ള ഒരു സി.പി.ഐ (എം.എല്‍) നിലനില്‍ക്കുന്ന കാലമാണെന്നാണ് ഓര്‍മ. ഈ പരിണാമത്തില്‍ ഏതാണ്ട് നിര്‍ജീവമായി പുസ്തകക്കച്ചവടത്തിലേക്കു തിരിഞ്ഞ ഒരു നക്‌സലൈറ്റ് സുഹൃത്തിനെ കണ്ടുമുട്ടി. പതിവുപോലെ രാഷ്ട്രീയം പറഞ്ഞുതുടങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാണെന്നു തോന്നുന്നില്ല. പാര്‍ട്ടിയിലിപ്പോള്‍ ഗ്രൂപ്പുകളില്ല. അതാണ് പ്രധാന പ്രശ്‌നം. ഗ്രൂപ്പുകളില്ലെങ്കില്‍ ചലനാത്മകമായ രാഷ്ട്രീയ ചര്‍ച്ച നടക്കില്ല. അങ്ങനെയായാല്‍ പാര്‍ട്ടി വളരില്ല'.
സി.പി.എമ്മില്‍ ഗ്രൂപ്പിസവും ബദല്‍രേഖയും കത്തിക്കയറി എം.വി രാഘവന്‍ പുറത്താകുകയും അതിന്റെ വിശദീകരണങ്ങളില്‍ ഗ്രൂപ്പിസത്തിനെതിരേ പാര്‍ട്ടി നേതൃത്വം ആഞ്ഞടിക്കുകയും അങ്ങനെ ഗ്രൂപ്പിസം പാര്‍ട്ടികളില്‍ ഒരു മഹാപാതകമാണെന്ന് നാട്ടുകാര്‍ക്ക് തോന്നുകയുമൊക്കെയുണ്ടായ ഒരു കാലമായതിനാല്‍ അദ്ദേഹം പറഞ്ഞതില്‍ കൗതുകം തോന്നി. എന്നാല്‍ തുടര്‍വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ നടന്നതൊക്കെ കണ്ടപ്പോള്‍ പറഞ്ഞത് ശരിയാണെന്നും തോന്നി. ആശയപരമായ ഗ്രൂപ്പ് പോര് സജീവമായിട്ടും ആ പാര്‍ട്ടി കാര്യമായി മുന്നോട്ടുപോയില്ല എന്നത് വേറെ കാര്യം. അതിനു കാരണം ഗ്രൂപ്പല്ല, ഇന്ത്യന്‍ സമൂഹത്തിന്റെ അവസ്ഥ അവര്‍ക്ക് ശരിക്കു തിരിയാതെപോയതും പിന്നെ നാട്ടുകാരെ പേടിപ്പിച്ച ചില രാഷ്ട്രീയപ്രയോഗങ്ങളുമൊക്കെയാണ്.
അദ്ദേഹം പറഞ്ഞതുപോലെ ഗ്രൂപ്പുകളില്ലാതെ ചില പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പില്ല. അതില്‍ ഒന്നാംസ്ഥാനത്ത് കോണ്‍ഗ്രസാണ്. ഇതെഴുതുന്നയാള്‍ രാഷ്ട്രീയം അറിഞ്ഞുതുടങ്ങിയ കാലം മുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ സജീവമാണ്. അതു ഗാന്ധിജിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയുമൊക്കെ കാലത്തുതന്നെ തുടങ്ങിയതാണെന്നും പിന്നീടറിഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് സര്‍വവിധ പ്രതാപങ്ങളോടെയും അധികാരത്തിലിരുന്ന കാലയളവുകളിലും പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ സജീവമായിരുന്നു.
കേരളത്തിലെ സ്ഥിതിയും അങ്ങനെ തന്നെയായിരുന്നല്ലോ. കെ. കരുണാകരന്റെയും എ.കെ ആന്റണിയുടെയുമൊക്കെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന കാലയളവുകളിലും പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ പൊരിഞ്ഞ പോരിലായിരുന്നു. ഒരിക്കല്‍ അതു തീര്‍ക്കാന്‍ ഐ.ഐ.സി.സി കേരളത്തിലേക്കയച്ച മുതിര്‍ന്ന നേതാവ് കിഷോര്‍ ചന്ദ്രദേവ് നല്ല അടിവാങ്ങി തിരിച്ചുപോയ സംഭവമുണ്ട്. മറ്റൊരിക്കല്‍ വന്ന അതിലും മുതിര്‍ന്ന നേതാവ് ജി.കെ മൂപ്പനാര്‍ ഗ്രൂപ്പ് പോര് തീര്‍ക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിത്തോറ്റ് 'കടവുളേ മുടിയാത് ' എന്നുപറഞ്ഞ് തിരിച്ചുപോയിട്ടുമുണ്ട്. കേരളത്തില്‍ ആദര്‍ശത്തിന്റെ ഒരേയൊരു ആള്‍രൂപമെന്ന് ചില പത്രങ്ങള്‍ വിശേഷിപ്പിച്ച ആന്റണി പാര്‍ട്ടി ഗ്രൂപ്പ് പോരിന്റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു തോല്‍ക്കുകയുമുണ്ടായി.
ഇതൊക്കെ സംഭവിച്ചിട്ടും ആ കാലയളവുകളിലൊന്നും കോണ്‍ഗ്രസിന് ഒരു ക്ഷീണവുമുണ്ടായില്ല. ഈ ചരിത്രമൊക്കെ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാണ്. കോണ്‍ഗ്രസ് ക്ഷീണിച്ചുപോയതിനു കാരണം ഗ്രൂപ്പിസമൊന്നുമല്ല. ചില സുപ്രധാന രാഷ്ട്രീയ വിഷയങ്ങളില്‍ സംഭവിച്ച നയവ്യതിയാനവും നിലപാടുകളിലെ ചാഞ്ചാട്ടവും അലസമായിപ്പോയ സംഘടനാ സംവിധാനവും ജനങ്ങളില്‍നിന്നകന്ന നേതാക്കളുമൊക്കെയാണ്. അതിനു ഗ്രൂപ്പിസത്തെ പഴിച്ചിട്ടു കാര്യമില്ല.
ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമെന്ന പേരില്‍ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളും കോലാഹലങ്ങളും ഫലം കാണുമെന്നു തോന്നുന്നുമില്ല. ഇപ്പോള്‍ നേതൃത്വത്തില്‍ വന്നവരുടെ കൂട്ടുകെട്ട് ഗ്രൂപ്പുകള്‍ ഇല്ലാതാക്കാനുള്ള തീവ്രയത്‌നത്തിലാണെന്നാണു പറയുന്നത്. എന്നാല്‍ ആ കൂട്ടുകെട്ടും കാലക്രമേണ ഒരു ഗ്രൂപ്പായി മാറുമെന്നുറപ്പാണ്. അവഗണിക്കപ്പെട്ടെന്നു പറയുന്ന എ, ഐ ഗ്രൂപ്പുകള്‍ ഒത്തുചേര്‍ന്ന് മറ്റൊരു ഗ്രൂപ്പായി മാറുന്നതിന്റെ സൂചനയും കണ്ടുതുടങ്ങി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് ഇല്ലാതാക്കാനുള്ള നീക്കം പാഴ്ശ്രമമാകുമെന്നു തന്നെയാണ് തോന്നുന്നത്. അതുകൊണ്ട് അതിനു സമയംകളയാതെ പാര്‍ട്ടിയെ ബാധിച്ച യഥാര്‍ഥ അസുഖങ്ങള്‍ കണ്ടെത്തി ചികിത്സിക്കാന്‍ നോക്കുന്നതായിരിക്കും നല്ലത്.
വേറെയുമുണ്ട്, ഇങ്ങനെ ഗ്രൂപ്പിസം സഹജസ്വഭാവമായുള്ള പാര്‍ട്ടികള്‍. കേരള കോണ്‍ഗ്രസ് ജനിച്ചുവീണതുമുതല്‍ അതില്‍ ഗ്രൂപ്പുകളുണ്ട്. പലതവണ പിളര്‍ന്നിട്ടുമുണ്ട്. എന്നിട്ടും ജനനം മുതല്‍ ഇതുവരെ ആ പാര്‍ട്ടിയുടെ ഏതെങ്കിലുമൊരു വിഭാഗം അധികാരത്തിലുണ്ട്. പല ചേരികളിലായി നില്‍ക്കുന്ന കേരള കോണ്‍ഗ്രസുകള്‍ക്കെല്ലാം കൂടി നിയമസഭയില്‍ കുറെ എം.എല്‍.എമാരുമുണ്ടാകാറുണ്ട്. ഏതാണ്ട് സമാനസ്വഭാവമുള്ള, സോഷ്യലിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ജനതാദളുകളും പാടെ തകര്‍ന്നിട്ടൊന്നുമില്ല. ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ഭരണത്തുടര്‍ച്ച നേടിയ സി.പി.എമ്മും പലതരം ഗ്രൂപ്പ് പോരുകള്‍ കടന്നുവന്ന പാര്‍ട്ടിയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ട്ടികളില്‍ ചേരിതിരിവുകളില്ലെങ്കില്‍ അവ നിശ്ചലമായിപ്പോകുമെന്നതാണ് സത്യം. ചുരുക്കിപ്പറഞ്ഞാല്‍ ഗ്രൂപ്പിസം അത്ര മോശം ഇസമൊന്നുല്ല.
പുതിയ ആകാശം,
പുതിയ സി.പി.ഐ
ഏറെക്കാലം അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പിളര്‍പ്പിനു ശേഷം സി.പി.ഐയുടെയും സാംസ്‌കാരികപ്രസ്ഥാനമായ കെ.പി.എ.സിയുടെ ഏറെ പ്രശസ്തമായൊരു നാടകമുണ്ട് 'പുതിയ ആകാശം, പുതിയ ഭൂമി' എന്ന പേരില്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കാലാനുസൃതമായുണ്ടാകേണ്ട മാറ്റങ്ങളുടെ സൂചന നല്‍കുന്ന നാടകമാണത്. അതിന്റെ സന്ദേശം പ്രയോഗത്തില്‍ വരുത്തിയ പാര്‍ട്ടി തന്നെയാണ് സി.പി.ഐ.
കോണ്‍ഗ്രസിനൊപ്പവും കോണ്‍ഗ്രസിനെതിരേയുമൊക്കെയായി ചേര്‍ന്ന് ഭരണം പങ്കിട്ട പാര്‍ട്ടി കുറച്ചുകാലമായി കടുത്ത ആദര്‍ശബോധത്തില്‍ കത്തിജ്ജ്വലിച്ചു നില്‍ക്കുകയായിരുന്നു. പൊലിസിന്റെ കാര്യത്തിലടക്കം ഒന്നാം പിണറായി സര്‍ക്കാരിന്റെ നയങ്ങളിലെ തകരാറുകളോട് ഏറ്റവും രൂക്ഷമായി പ്രതികരിച്ചത് സി.പി.എമ്മിനോടൊപ്പം ഭരണം പങ്കിടുന്ന സി.പി.ഐ ആയിരുന്നു. ഭരണകൂട വിമര്‍ശനത്തില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും മുസ്‌ലിം ലീഗുമൊക്കെ രണ്ടാം സ്ഥാനത്തായിരുന്നു പലപ്പോഴും. മാവോയിസ്റ്റ് വേട്ടയിലും പൊലിസിന്റെ ദലിത്, ന്യൂനപക്ഷവിരുദ്ധ നടപടികളിലുമൊക്കെ അതിരൂക്ഷമായ ഭാഷയിലാണ് സി.പി.ഐ പ്രതികരിച്ചത്. പൊലിസില്‍ ആര്‍.എസ്.എസ് സ്വാധീനമുണ്ടെന്നു പോലും പല ഘട്ടങ്ങളിലും പറഞ്ഞു. പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയാണെന്ന ആരോപണം പോലും പാര്‍ട്ടിയുടെ നേതൃയോഗങ്ങളിലുണ്ടായതായി വാര്‍ത്ത വന്നു.
എന്നാല്‍, രണ്ടാം പിണറായി സര്‍ക്കാരില്‍ സി.പി.ഐ ഏറെ മാറി. ഭരണത്തിനെതിരേ ഇതുവരെ ശബ്ദമൊന്നും ഉയര്‍ത്തിയില്ലെന്നു മാത്രമല്ല, പലഘട്ടങ്ങളിലും ന്യായീകരിക്കാന്‍ സി.പി.എമ്മിനേക്കാള്‍ ആവേശം കാട്ടുകയും ചെയ്തു. ഇതിനിടയിലാണ് കേരള പൊലിസില്‍ ആര്‍.എസ്.എസ് ഗ്യാങ്ങുണ്ടെന്ന ആരോപണം പാര്‍ട്ടിയുടെ ദേശീയനേതാവ് ആനി രാജ ഉന്നയിച്ചത്. സംസ്ഥാന നേതൃത്വത്തിന് അതൊട്ടും സഹിച്ചില്ല. ആനി രാജയ്‌ക്കെതിരേ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കിയതായാണ് വാര്‍ത്ത.
വെറുതെയൊന്നുമല്ല ഈ രോഷം. മരംകൊള്ളക്കേസ് തലയ്ക്കു മുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. വല്യേട്ടന്റെ സഹായം കിട്ടിയില്ലെങ്കില്‍ പണിപാളും. അതു കിട്ടണമെങ്കില്‍ സൂക്ഷിച്ചു നീങ്ങണം. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുതിയ സി.പി.ഐ ആണ്. പാര്‍ട്ടിക്കിപ്പോള്‍ പുതിയ ആകാശവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."