പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചിട്ടും പ്രതിസന്ധി ; ആറ് ജില്ലകളില്‍ വിദ്യാര്‍ഥികളെക്കാളേറെ സീറ്റുകള്‍; മലബാറില്‍ സീറ്റ് കുറവ്
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിയില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും മലബാറില്‍ പ്രതിസന്ധിക്ക് അറുതിയില്ല. മലബാറിലടക്കം ഏഴു ജില്ലകളിലായിരുന്നു സീറ്റുകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ സീറ്റ് കൂട്ടിയതിലൂടെ മലപ്പുറം ജില്ലയിലുള്‍പ്പെടെ ക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മലപ്പുറത്ത് മാത്രം 76,014 കുട്ടികളാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. ഇതിന്റെ കൂടെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കുട്ടികള്‍ കൂടി ഉള്‍പ്പെടുന്നതോടെ ഏകദേശം 80,000 ത്തോളം കുട്ടികള്‍ ഉണ്ടാവുമെന്നാണ് കണക്ക്. വര്‍ധിപ്പിച്ചതുവഴി ആകെ സീറ്റുകള്‍ 61,615 ആയി. ബാക്കി 19,000 ല്‍ അധികമുള്ള കുട്ടികള്‍ക്ക് സീറ്റ് ലഭിക്കില്ല. വി.എച്ച്.എസ്.ഇയിലെ സീറ്റുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തിയാലും 15,000 ത്തോളം പേര് പുറത്താവുമെന്നാണ് മലപ്പുറത്തെ മാത്രം കണക്ക്. പാലക്കാട് 4,598, കോഴിക്കോട് 3,064, കാസര്‍കോട് 2,154, കണ്ണൂര്‍ 1,261, വയനാട് 1,041, കൊല്ലത്ത് 3,925 ഓളം എസ്.എസ്.എല്‍.സി വിജയിച്ച കുട്ടികള്‍ക്കും സീറ്റ് ലഭിക്കില്ല.
അതേസമയം ആറു ജില്ലകളില്‍ ഇപ്പോഴും അധിക സീറ്റുകളുണ്ടെന്നാണ് കണക്ക്. സീറ്റ് വര്‍ധിപ്പിച്ച ഏഴു ജില്ലകളുടെ പട്ടികയിലുള്ള തിരുവനന്തപുരത്ത് 3,759 സീറ്റാണ് അധികമുള്ളത്. ജില്ലയില്‍ 20 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ 37,650 സീറ്റായി.
തിരുവനന്തപുരത്ത് 33,891 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. പത്തനംതിട്ടയില്‍ 4,440, എറണാകുളത്ത് 1,048, കോട്ടയത്ത് 2,572, ആലപ്പുഴയില്‍ 722, ഇടുക്കിയില്‍ 670 സീറ്റുകളുമാണ് അധികമുള്ളത്. ഈ ജില്ലകളില്‍ മറ്റു സിലബസില്‍ നിന്നുള്ള കുട്ടികള്‍ വന്നാലും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."