ഇടതു ബുദ്ധിജീവികളും ഇസ്‌ലാമോഫോബിയയും
എ. റശീദുദ്ദീന്‍
ഇടതുപക്ഷത്തെ പ്രമുഖനായ ബുദ്ധിജീവികളിലൊരാള്‍ കഴിഞ്ഞദിവസം സുദീര്‍ഘമായി വാട്‌സ്ആപ്പിലൂടെ സംവദിച്ചത് താലിബാനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹം കാണിക്കുന്നതായി അദ്ദേഹത്തിനു തോന്നുന്ന ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ്. പൊതുസമൂഹത്തിനു ബോധ്യപ്പെടുംവിധം മുസ്‌ലിംകള്‍ താലിബാനെ അപലപിക്കുന്നില്ല എന്നു മാത്രമല്ല, നിഗൂഢമായി ആഘോഷിക്കുകയും ചെയ്യുന്നുണ്ടത്രെ. ഗസ്സയിലെയും തുര്‍ക്കിയിലെയും മ്യാന്‍മറിലെയുമൊക്കെ മുസ്‌ലിം സമൂഹങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാടെടുക്കുന്നതു പോലെ അഫ്ഗാനിലെ ജനങ്ങള്‍ക്കു വേണ്ടി ആരും ശബ്ദിക്കുന്നില്ലെന്ന അടിസ്ഥാനരഹിതമായ ഒരു ആരോപണവും അക്കൂട്ടത്തിലുണ്ട്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് താലിബാനുമായി എന്തോ ഒരു മാനസിക അടുപ്പമുള്ളതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പൊതുസമൂഹം തെറ്റിദ്ധരിക്കാന്‍ ഇടയാവുമെന്നും അതുകൊണ്ട് താലിബാനെ ശക്തിയുക്തം വിമര്‍ശിക്കാന്‍ മുസ്‌ലിംകള്‍ അഹമഹമികയാ മുന്നോട്ടുവരണമെന്നുമാണ് ഒടുവിലദ്ദേഹം പറഞ്ഞുവച്ചത്.
ഈ വാദത്തെ ഒന്നു മനസിലാക്കാന്‍ ശ്രമിക്കുക. ഇന്ത്യയില്‍ മറ്റേതു മതവിഭാഗത്തെയും പോലെ ജന നത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പൗരത്വം നേടിയ മുസ്‌ലിംകള്‍ എന്തുകൊണ്ട് ഇങ്ങനെയൊരു മാപ്പുസാക്ഷി നിലപാട് സ്വീകരിക്കേണ്ടി വരുന്നു? മതത്തിന്റെ അടിസ്ഥാനത്തിലെ പൗരത്വനിയമം നടപ്പാക്കാന്‍ പോകുന്നല്ലേയുള്ളൂ. കഴിഞ്ഞുപോയ പതിറ്റാണ്ടുകളില്‍ ഇങ്ങനെയൊരു മതാധിഷ്ഠിത, തത്വശാസ്ത്രാധിഷ്ഠിത കുമ്പസാരങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ?
2,29,000 പേരെയെങ്കിലും കൊന്നുതള്ളിയ ബോസ്‌നിയന്‍ മുസ്‌ലിം വംശഹത്യയുടെ മുപ്പതാം വാര്‍ഷികമാണ് ഈ വര്‍ഷം കടന്നുപോകുന്നത്. അന്ന് സെബ്രനിക്കയിലെയും പാലെയിലെയും 'ബലാത്സംഗ ക്യാംപു'കളില്‍ സെര്‍ബ് ക്രിസ്ത്യാനികള്‍ ഗര്‍ഭിണികളാക്കിയ ആയിരക്കണക്കിനു ബോസ്‌നിയന്‍ യുവതികളുടെ കാര്യത്തില്‍ ഗര്‍ഭഛിദ്രം പാടില്ലെന്നും അതു കുറ്റമാണെന്നും മാര്‍പ്പാപ്പ വിധിച്ചപ്പോള്‍ എത്ര ബിഷപ്പുമാര്‍ ഇന്ത്യയില്‍ മാപ്പുപറഞ്ഞു?നേര്‍ക്കുനേരേ മതം ഇടപെട്ട കേസായിരുന്നല്ലോ അത്. ചൈനയിലെ ഉയ്ഗൂറില്‍ അവിവാഹിതരായ മുസ്‌ലിംകളെ വരെ പിടികൂടി വന്ധ്യംകരണ ക്യാംപിലയക്കുന്ന ചൈനീസ് ഭരണകൂടത്തെ കുറിച്ച് ഈ ഇടതുപക്ഷ ബുദ്ധിജീവികള്‍ എത്ര ലേഖനമെഴുതി?
ടിബറ്റിലെ കാരാഗൃഹങ്ങളില്‍ നരകിച്ചു മരിക്കുന്ന ബുദ്ധമത വിശ്വാസികളുടെ കാര്യത്തില്‍ അവരാരെങ്കിലും സീ ജിന്‍ പിങ്ങിനെ വിമര്‍ശിച്ചോ? സ്റ്റാലിനും മുസോളിനിയുമൊക്കെ ആരായിരുന്നുവെന്ന ചോദ്യമുയരുമ്പോള്‍ സ്റ്റാലിനെ ജവഹര്‍ലാല്‍ നെഹ്‌റു ദിവ്യനാക്കിയിട്ടില്ലേ എന്ന മറുചോദ്യം ഉയര്‍ത്തുന്നതാണോ മറുപടി?
മുസ്‌ലിംകളെ ഇന്ത്യയില്‍ അപരവല്‍ക്കരിച്ച ബി.ജെ.പിയുടെ നാള്‍വഴികളില്‍ നിന്നാണ് കേരളത്തിലെ ഒരുവിഭാഗം ഇടതു ബുദ്ധിജീവികള്‍ ഈ പുതിയ പാഠം പകര്‍ത്തുന്നത്. പാകിസ്താനുമായി ബന്ധപ്പെട്ട തര്‍ക്കവിഷയങ്ങളില്‍ ബി.ജെ.പി എക്കാലത്തും ഉയര്‍ത്തിക്കൊണ്ടിരുന്ന ആവശ്യമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ മാപ്പു പറയണമെന്നത്. മൗണ്ട് ബാറ്റനും നെഹ്‌റുവുമല്ല, ഇന്ത്യയിലെ മുസ്‌ലിംകള്‍ വീതംവച്ചു കൊടുത്ത തറവാട്ട് സ്വത്താണ് പാകിസ്താനെന്നാണ് ഇതു കേട്ടാല്‍ തോന്നുക. ലഷ്‌കറെ ത്വയ്ബയോ ജയ്‌ഷെ മുഹമ്മദോ അല്ലെങ്കില്‍ അതുപോലുള്ള മറ്റേതെങ്കിലും 'കാളികൂളി' സംഘങ്ങളോ നടത്തുന്ന ഭീകരാക്രമണങ്ങളുടെ പേരില്‍ ബി.ജെ.പിയുടെ ട്രോജന്‍ കുതിരകള്‍ എത്രയോ തവണ ഈ ആവശ്യം ഉന്നയിച്ചതാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തില്‍ സംഘ്പരിവാറിനെപ്പോലെ ഇടതുപക്ഷവും തത്വത്തില്‍ അതിനു സമാനമായ രീതിയിലാണ് താലിബാനുമായി കൂട്ടിക്കെട്ടി ഈ ആവശ്യം മുസ്‌ലിം സമൂഹത്തിനു മുമ്പാകെ ഉയര്‍ത്തുന്നത്, താലിബാന്റെ ധാര്‍മിക ഉത്തരവാദിത്വം മുസ്‌ലിംകളുടേതാണെന്ന മട്ടില്‍. താലിബാന്‍ ചെയ്യുന്ന വൃത്തികേടുകളെ കുറിച്ച് ഇപ്പോള്‍ മാത്രമായി പ്രതികരിക്കാന്‍ അഫ്ഗാന്‍ തെരുവുകളില്‍ ഇത്രയുംകാലം തേനും പാലുമായിരുന്നോ ഒഴുകിയിരുന്നത്?ചോര തന്നെയല്ലേ. ചൈനക്ക് ചൈനയുടെ പൗരന്‍മാരെ എന്തും ചെയ്യാമെങ്കില്‍, ഉത്തര കൊറിയക്ക് ആവാമെങ്കില്‍ അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ഇവിടെയാര്‍ക്കാണ് ചേതം? ഒന്നുകില്‍ നമുക്കൊരു സാര്‍വദേശീയ പ്രതികരണനയം രൂപപ്പെടുത്താം. അല്ലെങ്കില്‍ ദയവായി വായടച്ച് വീട്ടിലിരിക്കണം.
അമേരിക്കയെ പോലെ, ഇസ്‌റാഈലിനെ പോലെ ലോകത്ത് ജനാധിപത്യപരമെന്ന് തത്വത്തില്‍ അംഗീകരിക്കപ്പെട്ട ഭരണകൂടങ്ങളോട് പ്രതിഷേധിച്ചിട്ട് നടക്കാതെപോയ എന്തു കാര്യമാണ് ഒരു അംഗീകൃത ഭരണകൂടം പോലുമല്ലാത്ത, തനി കാടന്മാരായ താലിബാനില്‍നിന്ന് ഇന്ത്യയിലെ മുസ്‌ലിംകള്‍ ആവശ്യപ്പെടേണ്ടത്? 20 ലക്ഷം മനുഷ്യരെ കൊന്നുതള്ളിയ അമേരിക്ക കളമൊഴിയുന്നിടത്തേക്കാണ് പതിനായിരത്തില്‍ താഴെയാളുകളെ കൊന്ന ചരിത്രമുള്ള താലിബാന്റെ വരവ്. അഫ്ഗാന്‍ ആരു ഭരിച്ചാലും പാവപ്പെട്ട മനുഷ്യരുടെ ചോര ചിന്തരുതെന്ന് മാത്രമേ മനുഷ്യരായ ആരും ആഗ്രഹിക്കുക. സഹജീവികള്‍ കൊല്ലപ്പെടാതിരിക്കുക എന്നത് പ്രധാനമാവുമ്പോള്‍ കണ്ണൂരിലെയും ഒഞ്ചിയത്തെയും കൂത്തുപറമ്പിലെയും കൊടിഞ്ഞിയിലെയും കാസര്‍കോട്ടെയും മനുഷ്യന്‍മാര്‍ മുതല്‍ ഗുജറാത്തിലെയും ദാദ്രിയിലെയും മേവാത്തിലെയും അസമിലെയുമൊക്കെ എല്ലാതരം വംശീയവും വര്‍ഗീയവും രാഷ്ട്രീയവുമായ കൊലപാതകങ്ങളെ വരെ ഒരേ ചാപ്പകൊണ്ട് മുദ്രകുത്തേണ്ടി വരും. കൊലപാതകികളുടെ താരതമ്യമല്ല, കൊലപാതകങ്ങളുടെ താരതമ്യമാണ് പ്രധാനം. സിറിയയിലും യമനിലും ഫലസ്തീനിലും ചൈനയിലും മ്യാന്‍മറിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും എന്നു തുടങ്ങി സാമ്രാജ്യത്വത്തിന്റെയും ഭീകരതയുടെയും എല്ലാതരം കൂട്ടക്കൊലകളെയും ഒരേ അച്ചിലിട്ട് വാര്‍ക്കേണ്ടിയും വരും. അലക്‌സാണ്ടറും ചെങ്കിസ്ഖാനും മുതല്‍ സ്റ്റാലിനും ഹിറ്റ്‌ലറും വരെയുള്ളവര്‍ തമ്മില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് അംഗീകരിക്കേണ്ടി വരും. ചരിത്രത്തിലെ എല്ലാ കൂട്ടക്കൊലകളെയും ഒരേ കണ്ണിലൂടെ നോക്കിക്കാണേണ്ടി വരും. നിലപാടുകളുടെ ഔന്നത്യമാണത്. ആ അങ്കത്തറയില്‍ ചവിട്ടിനില്‍ക്കാന്‍ അറിയില്ലെങ്കില്‍ 'ബുദ്ധിജീവികള്‍' ചെയ്യേണ്ടത് ദയവു ചെയ്ത് എഴുതാതിരിക്കുകയാണ്. അവര്‍ക്കു വേണമെങ്കില്‍ ഒരേ തൂവല്‍പക്ഷികള്‍ ഒന്നിച്ച് വെയില്‍ കായുന്ന ചില്ലകളില്‍ കൊക്കുരുമ്മിയിരുന്ന് വസന്തം വരുന്നതിനെ കുറിച്ച് പൈങ്കിളി സാഹിത്യമെഴുതാം.
അഫ്ഗാനിലെ ജനത താലിബാനെ സ്വയം പുറത്താക്കുന്നില്ലെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിംകളാര് അതേക്കുറിച്ച് വിധിയെഴുതാന്‍? അല്ലെങ്കില്‍ എഴുതണം സര്‍, ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെ കഷ്ടപ്പാടുകളെ കുറിച്ച്. കമ്മ്യൂണിസത്തിന്റെ പേരില്‍ നാട് ഭരിക്കുന്ന കിങ് ജോങ് ഉന്‍ എന്നൊരു പ്രസിഡന്റുണ്ട് ഉത്തര കൊറിയയില്‍. ദക്ഷിണ കൊറിയന്‍ പാട്ടുകളുടെ സി.ഡികള്‍ വിറ്റതിന് ലീ എന്നൊരാളെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍നിര്‍ത്തി വെടിവച്ചു കൊന്ന രാജ്യമാണത്. നോക്കിനില്‍ക്കാനാവാതെ കുഴഞ്ഞുവീണ കുറ്റത്തിന് അയാളുടെ ഭാര്യയെയും മകളെയും രാഷ്ട്രീയതടവുകാരെ അടക്കുന്ന ജയിലിലേക്ക് പിടിച്ചുകൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം ശിക്ഷകള്‍ സോഷ്യലിസ്റ്റ് വിപ്ലവത്തെ ശക്തിപ്പെടുത്തുകയാണെന്നാണ് കിങ് ജോങ് ഉന്നിന്റെ വക്താവ് അഭിപ്രായപ്പെട്ടത്. പാട്ട് കേള്‍ക്കുന്നവരെ താലിബാന്‍ പിടികൂടി വധിക്കുമെന്ന് ഭയപ്പെടുന്നവര്‍ ഇക്കഴിഞ്ഞ മെയ് 27നു നടന്ന ഈ സംഭവത്തെ കുറിച്ച് എത്ര പ്രതിഷേധ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു. 'ഓക്‌സിജന്‍ പുറത്തുവിടുന്ന പശു'വിനെ അറുത്തുതിന്നതിന്റെ പേരില്‍ ജഡ്ജിമാര്‍ മനുഷ്യനു ജാമ്യം നിഷേധിച്ച് ഉത്തരവിറക്കുന്ന രാജ്യത്താണ് ജീവിക്കുന്നതെന്ന് കൂട്ടത്തിലോര്‍ക്കണം. നാളെയൊരു അപേക്ഷ, 'പല്‍ട്ടോണിയം തരുന്ന ജീവിയായ പശു'വിനെ കൊന്നതിന്റെ പേരില്‍ ദേശസുരക്ഷ മുന്‍നിര്‍ത്തി വേറെയൊരു ജഡ്ജി യു.എ.പി.എ കേസിന് അനുമതി നല്‍കിയെന്നും വരാം. ആര്‍.എസ്.എസും താലിബാനും തമ്മില്‍ തത്വത്തിലും പ്രയോഗത്തിലും ഒരു വ്യത്യാസവുമില്ലെന്ന് ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടയില്‍ അഭിപ്രായം പറഞ്ഞ കവി ജാവേദ് അക്തര്‍ കമ്മ്യൂണിസ്റ്റുകാരനായല്ലേ അറിയപ്പെടുന്നത്. അദ്ദേഹത്തിനെതിരേ ദേശദ്രോഹത്തിനു കേസ് വരാന്‍ പോകുകയാണ്. ഈ കേസ് നടത്താനുള്ള പണം പിരിച്ചുനല്‍കുകയാണ് സി.പി.എം ചെയ്യേണ്ടത്.
ഇടതുപക്ഷത്തെ എല്ലാ ബുദ്ധിജീവികളോടുമാണ് ഇപ്പറയുന്നത്. നിങ്ങള്‍ മാനവികത എന്ന ആശയത്തെ അങ്ങേയറ്റം ദുര്‍ബലമാക്കുന്നുണ്ട്. ഗസ്സയില്‍ ഇസ്‌റാഈലിനെതിരേ നടന്ന ഒരു പ്രതിഷേധ പ്രകടനത്തിന്റെ ഫോട്ടോ എടുത്തുവച്ച് ഒരു ഇടതു ബുദ്ധിജീവിക്ക് അഫ്ഗാനിസ്ഥാനെ ചൊല്ലി ഭയം വരുന്നുണ്ടെങ്കില്‍, അമേരിക്ക തോറ്റുവെന്ന് പാര്‍ട്ടി പത്രത്തില്‍ വായിക്കുമ്പോള്‍ താലിബാന്‍ ജയിച്ചുവെന്ന് അര്‍ഥം തോന്നുന്നില്ലെങ്കില്‍ കാര്യമായ പന്തികേടുണ്ടെന്നര്‍ഥം. ചോദ്യം ചെയ്യപ്പെടുന്നത് സഹിക്കാനാവുന്നില്ലെങ്കില്‍ ആ അവസ്ഥയല്ലേ ബൗദ്ധികമായ ഫാസിസം. നൂല്‍പ്പുട്ടിന്റെ അറ്റം എവിടെയാണെന്ന് കണ്ടെത്തുന്നതു പോലെയാകരുത് ഇടതുപക്ഷം എന്ന പൊതുബോധത്തിന്റെ ബൗദ്ധിക വ്യായാമങ്ങള്‍. അതിനു സാര്‍വലൗകികമായ ഒരു സത്യസന്ധത ഉണ്ടായിരിക്കണം. കമ്മ്യൂണിസ്റ്റുകാരെയും ഇടതു ബുദ്ധിജീവികളെയും ഒറ്റ നുകത്തില്‍ കെട്ടി തള്ളിപ്പറയുകയല്ല ഇത്. ബി.ജെ.പിയെ പോലെ സി.പി.എം മുസ്‌ലിം വിരുദ്ധരല്ലായിരിക്കാം. മുസ്‌ലിം അസ്തിത്വത്തെ അവര്‍ ചോദ്യം ചെയ്യുന്നില്ലായിരിക്കാം. എന്നല്ല, മുസ്‌ലിം സാംസ്‌കാരിക പരിസരങ്ങളെ വലിയൊരളവില്‍ ഉള്‍ക്കൊള്ളുന്നുമുണ്ടാവാം. മലബാര്‍ കലാപം, ടിപ്പുവിന്റെ യുദ്ധം, ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളില്‍ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുമുണ്ടാവാം. ഇങ്ങനെയൊക്കെ ആണെങ്കില്‍കൂടി മുസ്‌ലിംകളോട് അവര്‍ക്ക് ഒട്ടും പകയും ഇസ്‌ലാംഭീതിയും ഇല്ലെന്ന് മുസ്‌ലിംകള്‍ക്കു കൂടി തോന്നണം. അതിനു വിരുദ്ധമായ നടപടികള്‍ നിങ്ങളില്‍ നിന്നുണ്ടാവുന്നുണ്ടെങ്കില്‍ അതിന്റെ പേരാണ് ഇസ്‌ലാമോഫോബിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."