ഇന്ത്യൻ ഭരണഘടനയും വെല്ലുവിളികളും
അഡ്വ. ഇ.ടി മുഹമ്മദ് സഹീർ
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കൊപ്പം അല്ലെങ്കിൽ അതേ കാലഘട്ടത്തിൽ സ്വതന്ത്രരായ പല രാജ്യങ്ങളിലും ഏകാധിപത്യമോ അർധ ജനാധിപത്യ അവസ്ഥയോ നിലവിൽ വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും നമ്മുടെ ജനാധിപത്യവ്യവസ്ഥിതി എല്ലാ തടസങ്ങളെയും അതിജീവിച്ച് മുന്നോട്ടുപോകുന്നതിൽ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കുപോലും സംരക്ഷണവും പ്രാധാന്യവും നൽകുന്ന ഭരണഘടനയും ഭരണഘടന ശിൽപികളുടെ ദീർഘവീക്ഷണവും വഹിച്ച പങ്ക് ചെറുതല്ലാത്തതാണ്.
ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയുടെ നട്ടെല്ല് എന്നാണ് ഭരണഘടന അറിയപ്പെടുന്നത്. 1946 ഡിസംബർ ഒമ്പതിന് ഡോ. സച്ചിദാനന്ദ സിൻഹയുടെ നേതൃത്വത്തിൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ആദ്യ യോഗം ചേരുകയും 1947 ഒാഗസ്റ്റ് 26ന് ഡോ. ബി.ആർ അംബേദ്കറുമായി ചേർന്ന് കരട് സമിതി രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. 1949 നവംബർ 26ന് ഭരണഘടന നിർവഹണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26ന് ഭരണഘടന പ്രാബല്യത്തിൽവന്നു. 1946 ഡിസംബർ 13ന് ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രമേയം 1947 ജനുവരി 22ന് ഭരണഘടനയുടെ ആമുഖമായി ഏകകണ്‌ഠേന അംഗീകരിക്കുകയും പ്രസ്തുത ഭരണഘടനയുടെ ആമുഖത്തിൽ രാജ്യത്തിന്റെ പൗരന്മാർക്ക് ഉറപ്പുനൽകേണ്ട സ്വാതന്ത്ര്യവും സമത്വവും നീതിയും എഴുതിച്ചേർക്കുകയും ചെയ്തു. 1976ൽ 42-ാം ഭരണഘടന ഭേദഗതി പ്രകാരം സോഷ്യലിസവും മതനിരപേക്ഷതയും അഖണ്ഡതയും ഭരണഘടനയുടെ ആമുഖത്തിൽ ചേർക്കുകയും ചെയ്തു.
2015 ഒക്‌ടോബർ 11ന് ആണ് ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നവംബർ 26 ഭരണഘടന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ ഭരണഘടന പല കാലഘട്ടങ്ങളിലും പല രീതികളിലും വെല്ലുവിളികളും വിമർശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കുന്ന രീതിയിലുള്ള നിയമനിർമാണവും ഭരണഘടന ഭേദഗതികളുമാണ്. 230 വർഷത്തിൽപരം പഴക്കമുള്ള അമേരിക്കയുടെ ഭരണഘടനയിൽ നടത്തിയ ഭേദഗതികളെക്കാൾ നാലിരട്ടിയിലധികം ഭേദഗതികൾ ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയിട്ടുണ്ട്. കാലാനുസൃതമായ മാറ്റംവരുത്താൻ വേണ്ടിയാണ് ഭരണഘടന ഭേദഗതി വരുത്തിയതെന്ന് വാദിക്കുമ്പോഴും സൂക്ഷ്മമായി പരിശോധിച്ചാൽ അതത് കാലഘട്ടങ്ങളിലെ ഗവൺമെന്റുകളുടെ താൽപര്യ സംരക്ഷണത്തിനുകൂടിയുള്ളതായിരുന്നു ഇവയെന്ന് മനസ്സിലാക്കാൻ സാധിക്കും. ഭരണഘടന ഉറപ്പുനൽകുന്ന പല അവകാശങ്ങളും ചില തെറ്റായ വ്യാഖ്യാനങ്ങളിലൂടെയും ബൈപ്പാസ് നിയമങ്ങളിലൂടെയും തടസ്സപ്പെടുന്നുണ്ട് എന്നതിന്റെ ഉദാഹരണങ്ങളാണ് മൗലികാവകാശങ്ങളുടെ നഗ്ന ലംഘനമായ പൗരത്വ നിയമഭേദഗതിയും മതപരിവർത്തനം തടയൽ നിയമങ്ങളും കശാപ്പുശാലകളിൽ പശുവിനെ കശാപ്പ് ചെയ്യുന്നത് ഇന്ത്യൻ ഭരണഘടനയുടെ 19-ാം അനുഛേദം (g)യുടെ ഭാഗമല്ല എന്ന് പറഞ്ഞ കോടതി വിധിയും (Mohd. Hanif Quareshi vs The State Of Bihar).
ഭരണഘടനയുടെ 386-ാം അനുഛേദ പ്രകാരം മൗലികാവകാശങ്ങൾ ഭേദഗതിവരുത്താൻ ഇന്ത്യൻ പാർലമെന്റിന് അവകാശമുണ്ട്. എന്നാൽ ഇൗ അധികാരം വിനിയോഗിക്കേണ്ടത് ന്യായവും നിയമയുക്തവുമായ രീതിയിലായിരിക്കണമെന്നും പല കോടതി വിധികൾ ആവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ 13-ാം അനുഛേദ പ്രകാരം നിയമനിർമാണ സഭയുണ്ടാകുന്ന നിയമങ്ങൾ മൗലികാവകാശങ്ങൾക്ക് എതിരാണെങ്കിൽ അസാധുവാണെന്ന് പറയുന്നതിനിടയിലാണ് ഇത്തരം നീക്കമെന്നത് ആശങ്കാജനകമാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
ഫെഡറൽ ഗവൺമെന്റിന്റെയും യൂനിറ്ററി ഗവൺമെന്റിന്റെയും നല്ല വശങ്ങളെടുത്ത് അർധ ഫെഡറൽ യൂനിറ്ററി (ക്വാസി ഫെഡറൽ, ക്വാസി യൂനിറ്ററി) എന്ന രീതിയിലാണ് ഇന്ത്യയുടെ ഭരണം വിഭാവനം ചെയ്തത്. പല മേഖലകളിലുമുള്ള കൃത്യമായ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് ഭരണഘടന നിശബ്ദമായതിനെ തുടർന്ന് പല വിഷയങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കിടയിൽ അധികാര വടംവലി നടന്നിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയവയിൽ സർക്കാരും ഗവർണറും തമ്മിൽ അധികാര വടംവലിയും തർക്കങ്ങളുമുണ്ടാവുകയും പലപ്പോഴും ഭരണസ്തംഭനത്തിനും മറ്റും കാരണമാവുകയും ചെയ്തിട്ടുണ്ട്.
ഭരണഘടന വെല്ലുവിളി നേരിടുന്ന കാലത്തിലൂടെയാണ് കടന്നുപോകുന്നത്. ഭരണഘടനയുടെ രൂപീകരണത്തിനു ശേഷം കാലമേറെക്കഴിഞ്ഞിട്ടും അതിന്റെ ഭാവിയെപ്പറ്റി വലിയ ആശങ്കയും ഭയവും ഭരണഘടനാ ശിൽപി ഡോ. അംബേദ്കർക്കുണ്ടായിരുന്നു. അസമത്വത്തിന്റെ വിളനിലത്ത് വിതച്ച ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനരഹിതവുമായിരുന്നില്ല. മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങി സംവരണമുൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ ഭരണഘടനയുടെ പ്രസക്തി എന്തെന്ന് ആഴത്തിൽ ഓർമ്മിപ്പിക്കുന്നതാവട്ടേ ഈ ദിനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."