നിയമങ്ങളെ വെല്ലുവിളിച്ച് സമാന്തര ലോട്ടറി വിപണനം സജീവം
തൃക്കരിപ്പൂര്‍: നിയമങ്ങളെ വെല്ലുവിളിച്ച് സമാന്തര ലോട്ടറി വിപണനം പൊടിപൊടിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ലോട്ടറികള്‍ ദിവസവും നറുക്കെടുപ്പ് നടക്കുന്നുണ്ട്.
ഇതിന്റെ ഒന്നാം സ്ഥാനം ലഭിക്കുന്ന ടിക്കറ്റ് നമ്പറിന്റെ അവസാന മൂന്നക്കം കുറിച്ചു വാങ്ങിയാണ് സമാന്തര ലോട്ടറി വിപണനം.
സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ഫല പ്രഖ്യാപനം വന്നതിനു ശേഷം ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പറിന്റെ അവസാന മൂന്നക്കം ഒത്തുവന്നാല്‍ പത്തു രൂപക്ക് അയ്യായിരം രൂപയാണ് സമാന്തര ലോട്ടറിക്കാര്‍ നല്‍കുന്നത്.
പുലര്‍ച്ചെ മുതല്‍ സംസ്ഥാന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം വരുന്നതുവരെ ഇത്തരത്തില്‍ സമാന്തര ലോട്ടറിക്കാര്‍ മൂന്നക്ക നമ്പറുകള്‍ എഴുതി വാങ്ങും. തീരദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് സമാന്തര ലോട്ടറിക്കാരുടെ ഏജന്റുമാര്‍ തമ്പടിക്കുന്നത്. കൂടുതലും ഇവരുടെ ഇരകള്‍ തൊഴിലാളികളാണ്.
മാത്രമല്ല പുതിയ ഏരിയകള്‍ ലോട്ടറി വില്‍പനക്കായി കണ്ടെത്തിയാല്‍ ഇവരെ പാട്ടിലാക്കാന്‍ ഒരു അയ്യായിരം രൂപയെങ്കിലും കൊടുക്കാനുള്ള ശ്രമം ഉണ്ടാകും.
ഇതോടെ ഈ മേഖലകളിലുള്ളവര്‍ എഴുത്ത് ലോട്ടറിക്ക് പിന്നാലെ പോകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. കഴിഞ്ഞ ദിവസം ചന്തേര അഡീഷണല്‍ എസ്.ഐ ടി.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പടന്നയില്‍ വച്ച് സമാന്തര ലോട്ടറി വില്‍പനക്കാരനായ പി രാജനെ പിടികൂടിയിരുന്നു. ലോട്ടറിയുടെ ഉത്ഭവം തേടിയുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."