ശശി തരൂരിനെ എന്തിനു ഭയക്കണം
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
ശശി തരൂരിനെ ആർക്കാണു പേടി? തരൂരിനെ ആര് എന്തിനു പേടിക്കുന്നു എന്നായിരിക്കും മറുചോദ്യം. പക്ഷെ അതിനുമപ്പുറത്താണ് കാര്യങ്ങള്‍. എ.ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ട ശേഷം കേരളത്തിലേക്കുവന്ന തരൂരിന് കോണ്‍ഗ്രസില്‍ പലയിടത്തു നിന്നും എതിര്‍പ്പുയരുന്നു. പക്ഷെ ഒന്നും വകവയ്ക്കാതെ മുന്നോട്ടു നീങ്ങുകയാണ് അദ്ദേഹം.
രാഷ്ട്രീയക്കാരന്‍ എന്തുനീക്കം നടത്തിയാലും പിന്നില്‍ ഒരു സ്വാർത്ഥ താൽപര്യം കാണും. എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനം തരൂരിന് കിട്ടിയില്ല. തരൂരിന് അത് മനപ്പൂര്‍വം നിഷേധിക്കുകയായിരുന്നുവെന്നു പറയുന്നതാവും ശരി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പരാജയത്തിലും തിളങ്ങി ശോഭിക്കുന്ന ശശി തരൂരിനെയാണ് ഡല്‍ഹിയില്‍ കണ്ടത്. പ്രമുഖര്‍ക്കും വന്‍മരങ്ങള്‍ക്കും മനപ്രയാസമുണ്ടാക്കിയ കാഴ്ചയായിരുന്നു അത്. ഈ മനപ്രയാസമാണ് കോണ്‍ഗ്രസിന്റെ ഇന്നത്തെ പ്രശ്‌നം.
ഐക്യരാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയിരുന്ന ശശി തരൂര്‍ അന്താരാഷ്ട്ര നയതന്ത്ര രംഗത്തും അക്കാദമിക് മേഖലകളിലും കൈവരിച്ച നേട്ടങ്ങളുമായാണ് രാഷ്ട്രീയത്തിലേക്കു കടന്നുവന്നത്. അതും 2006ല്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്കു നടന്ന മത്സരത്തില്‍ വിജയിക്കാതിരുന്നതിനെ തുടര്‍ന്ന്.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലിറങ്ങിയ ശശി തരൂരിനെ കേരളം അറിയുന്നത് തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയായി വരുന്നതോടെയാണ്. 2009മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ തിരുവനന്തപുരത്തെ ജനങ്ങള്‍ അദ്ദേഹത്തിനു വലിയ അംഗീകാരം നല്‍കി. ദേശീയ തലത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവായി വളരാന്‍ തുടങ്ങുകയായിരുന്നു തരൂര്‍.
ഐക്യരാഷ്ട്ര സഭയിലെ ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്നാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിലെത്തിയത്. നയതന്ത്ര രാഷ്ട്രീയത്തിന്റെ ലോകത്തു നിന്ന്, പക്ഷെ വന്നത് ഡല്‍ഹി രാഷ്ട്രീയത്തിലേയ്ക്കാണെന്നതു ശ്രദ്ധിക്കണം. അതിന്റെ വലിപ്പം ഒന്നു വേറെ തന്നെ. ഇപ്പോഴിതാ, ഡല്‍ഹിയില്‍ നിന്ന് തരൂര്‍ കേരളത്തിലെത്തിയിരിക്കുന്നു. മലബാറില്‍ പര്യടനം തുടങ്ങിവച്ച് കേരള രാഷ്ട്രീയത്തില്‍ സ്വന്തം വരവറിയിക്കുകയാണ് അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് അതിഷ്ടപ്പെടുന്നില്ലെന്നത് ഒരു കാര്യം. ഇവിടുത്തെ രാഷ്ട്രീയത്തില്‍ ഇരിപ്പുറപ്പിച്ച നേതാക്കള്‍ക്കൊക്കെയും ശശി തരൂര്‍ വലിഞ്ഞുകയറി വന്നവനാണ്, വരത്തനാണ്, ഇവിടെ വാഴേണ്ടവനല്ല താനും.
ശശി തരൂരിന്റെ ഗ്ലാമര്‍, അല്ലെങ്കില്‍ താരപദവി, കോണ്‍ഗ്രസിന് വളരെ ഗുണം ചെയ്യും. ഈ കാലഘട്ടത്തിന്റെ നേതാവു തന്നെയാണ് അദ്ദേഹം. തരൂരിനെ മുന്നില്‍ നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി കേരളത്തില്‍ ഭരണം പിടിച്ചെടുക്കും, സംശയമില്ല.
എന്നാലതിനു കോണ്‍ഗ്രസുകാര്‍ വലിയ വില കൊടുക്കേണ്ടി വരും. മുഖ്യമന്ത്രി സ്ഥാനം തന്നെ കൊടുക്കണം. പക്ഷെ കേരളത്തിലെ നേതാക്കള്‍ അതിനു തയാറാവില്ല. മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു വച്ചു കാത്തിരിക്കുന്ന മൂന്നു നാല് നേതാക്കളെങ്കിലും കോണ്‍ഗ്രസിലുണ്ട്. ശശി തരൂരിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ ഇവരാരും സമ്മതിക്കുമെന്നു തോന്നുന്നില്ല.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ചും നേതാക്കളെ കുറിച്ചും തരൂരിന് അത്രയധികം അറിയാമെന്നു തോന്നുന്നില്ല. പല തരം ഗ്രൂപ്പുകളുടെയും ഗ്രൂപ്പ് പോരിന്റെയും കൂടാരമാണ് ഇവിടുത്തെ കോണ്‍ഗ്രസ്. ഇതൊന്നും പഠിച്ചിട്ടല്ല തരൂര്‍ കോണ്‍ഗ്രസിലെത്തിയത്. ഐക്യരാഷ്ട്രസഭയില്‍ നിന്ന് അദ്ദേഹം നേരെ വന്നത് ഡല്‍ഹി രാഷ്ട്രീയത്തിലേക്കാണ്. ഇപ്പോള്‍ മാത്രമാണ് കേരളത്തില്‍ ഒരു പര്യടനത്തില്‍ തുടങ്ങി ഇവിടുത്തെ സജീവ രാഷ്ട്രീയത്തില്‍ പങ്കുചേരാനൊരുങ്ങുന്നത്.
തരൂര്‍ ഇതുവരെ കണ്ടുപരിചയിച്ചിട്ടുള്ള രാഷ്ട്രീയ പശ്ചാത്തലമല്ല കേരളത്തിലുള്ളത്. കൂടുതല്‍ പഠിക്കണമെങ്കില്‍ ഒരാളോട് ചോദിച്ചാല്‍ മതി. തിരുവനന്തപുരം സ്വദേശി വിജയന്‍ തോമസ്. ഗള്‍ഫില്‍ നല്ല തോതില്‍ ബിസിനസ് നടത്തി നാട്ടില്‍ തിരിച്ചെത്തിയ വിജയന്‍ തോമസിന് കോണ്‍ഗ്രസ് രാഷ്ട്രീയം തലയ്ക്കു പിടിച്ചു. തിരുവനന്തപുരം ലോക്‌സഭാ സീറ്റായിരുന്നു ലക്ഷ്യം. ആരൊക്കെയോ പ്രലോഭിപ്പിച്ചു കോണ്‍ഗ്രസിന്റെ 'ജയ്ഹിന്ദ്' ടെലിവിഷന്‍ ചാനലില്‍ നിക്ഷേപം നടത്തിച്ചു. ഡയരക്ടറുമായി. പിന്നെ പല നേതാക്കളുമായും അടുപ്പം. എല്ലാവരു പല വാഗ്ദാനങ്ങളും നല്‍കി. ആരും ഒന്നും പാലിച്ചില്ല.
തിരുവനന്തപുരം ലോക്‌സഭാസീറ്റ് കിട്ടുമെന്നു മോഹിച്ചിരിക്കുമ്പോഴാണ് ശശി തരൂര്‍ സ്ഥാനാര്‍ഥിയായെത്തുന്നത്. രാഷ്ട്രീയം കളിച്ച് കോടികള്‍ നഷ്ടപ്പെടുത്തിയ വിജയന്‍ തോമസ് ഇപ്പോള്‍ ബി.ജെ.പിയിലാണ്.കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ ശശിതരൂര്‍ ആരുമല്ല. ഇതുതന്നെയാണ് അദ്ദേഹത്തിൻ്റെ പ്രശനം. തരൂരിനെ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നതിന് കേരളത്തിലെവിടെയും ആളുണ്ടാവും. എവിടെയാണെങ്കിലും അദ്ദേഹം പ്രസംഗിക്കുന്നത് കേള്‍ക്കാനും ആളുണ്ടാവും.
പക്ഷെ അതു കൊണ്ട് ഒന്നുമാവില്ല. കെ. കരുണാകരന്‍ 1967ല്‍ ഒമ്പത് അംഗങ്ങളുള്ള നിയമസഭാകക്ഷിയുടെ നേതാവായിട്ടാണ് തുടങ്ങിയത്. 1969 ആയപ്പോഴേയ്ക്ക് സി.പി.ഐയെയും മുസ്ലിം ലീഗിനെയുമൊക്കെ കമ്യൂണിസ്റ്റ് മുന്നണിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ പുതിയൊരു മുന്നണി കെട്ടിപ്പടുത്തു അദ്ദേഹം. ഇന്നു കാണുന്ന യു.ഡി.എഫ് എന്ന ഐക്യജനാധിപത്യ മുന്നണി അന്ന് കരുണാകരന്‍ അടിസ്ഥാനമിട്ട മുന്നണിയാണ്.
ഇനി പറയട്ടെ, ശശി തരൂരിനു പറ്റിയ തട്ടകത്തെപ്പറ്റി. തരൂരിനു ഏറെ ചേരുന്ന തട്ടകം ഡല്‍ഹി തന്നെയാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തലസ്ഥാന നഗരി. വി.കെ.എന്‍ ഇന്ദ്രപ്രസ്ഥം എന്നു വിളിച്ച നഗരം. കോണ്‍ഗ്രസിന് അവിടെ വലിയ നേതാക്കളൊന്നുമില്ല. സോണിയാ ഗാന്ധിയെ ഇടതു പക്ഷവുമായും ഡി.എം.കെ പോലെയുള്ള പ്രാദേശിക കക്ഷികളുമായും ബന്ധിപ്പിച്ചത് ഹര്‍കിഷന്‍ സിങ് സുര്‍ജിത് ആയിരുന്നു. അതു പോലൊരു നേതാവ് ഇന്നു കോണ്‍ഗ്രസിനെ സഹായിക്കാനുണ്ടോ? ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."