കുരുതിക്കൂട്
കവിത
ഫാത്തിമ സുഹറ
ചിന്തയിലൊരു
പ്രകമ്പനം
തെന്നിമായുന്ന
വെട്ടങ്ങൾ
കാലം
ആഴമേറിയ ചതിയുടെയും
ശക്തമായ ലഹരിയുടെയും
ഉരുൾപൊട്ടലിലാണ്
നന്മയുടെ ശ്മശാനത്തിലെ
കരുണ വറ്റാത്ത
ആത്മാക്കളുടെ
നേരിന്റെ വിളിച്ചു
കൂവലുകളും
ലഹരി അരുതേ!
ഇറങ്ങിപ്പോകാൻ പറഞ്ഞ
ലഹരികളൊക്കെയും
വീണ്ടും ഓടിക്കയറി
കരിനിഴലായ് പടർന്നു
ലഹരി പ്രണയത്തിൽ
പെറ്റുപെരുകിയ
നീരാളി വാക്കുകളും
കോമാളി വേഷങ്ങളും
സമൂഹത്തെ നോക്കി
ദുരന്തങ്ങളെറിഞ്ഞു
നന്മ മരത്തിന്
വിഷംകൊടുത്ത് കൊന്ന്
ഹൃദയത്തിലെ
മഴ പ്രദേശത്തെ
മരുഭൂമിയാക്കി
ഒടുവിൽ
തല പെരുത്തിട്ടും
അതിനോടുള്ള
പ്രണയം മൂർച്ഛിച്ചു
എല്ലാ തിന്മകളും
തലച്ചോറിനുള്ളിൽ
വാസം ഉറപ്പിച്ച്
പുറത്തേക്കുള്ള രക്ഷയുടെ
വാതിലുകളെ പൂട്ടി
ലഹരിയിൽ പൊതിഞ്ഞ
കറുത്ത കാലങ്ങളോട്
നേരിടുമ്പോൾ
മറക്കാതിരിക്കുക
ഓർമ്മയുടെ തുടിപ്പില്ലാതെ
നെഞ്ചിടിപ്പിൽ മാത്രം
ചത്തു ജീവിക്കുന്ന
ഇരയാണ്
നീയെന്ന്
അന്ത്യവിശ്രമത്തിൽ
കുഴിമാടം പോലും
മൂക്കുപൊത്തിയതും
ശവക്കല്ലറയിൽ മുളച്ച
ചെമ്പരത്തിപ്പൂ
പുഷ്പിച്ചു പോയതിൽ
ശപിച്ചതും
നീ മരിച്ചിട്ടും
നിന്നിൽ പരന്ന
അടങ്ങാത്ത
ലഹരിയോടുള്ള
കാമമാണ്
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."