'അഭിനന്ദനങ്ങള്‍ സഹോദരാ , ഒപ്പം താങ്കള്‍ക്ക് ദീര്‍ഘായുസ്സും നേരുന്നു' ഹമാസ് ഭീകരസംഘടനയാണ് എന്ന അഭിപ്രായപ്രകടനം നടത്തിയ മുജാഹിദ് നേതാവ് അബ്ദുല്‍ മജീദ് സലാഹിയെ അഭിനന്ദിച്ച് കാസ
'അഭിനന്ദനങ്ങള്‍ സഹോദരാ , ഒപ്പം താങ്കള്‍ക്ക് ദീര്‍ഘായുസ്സും നേരുന്നു' ഹമാസിനെ ഭീകരസംഘടനയാക്കിയ മുജാഹിദ് നേതാവ് മജീദ് സലാഹിയെ അഭിനന്ദിച്ച് കാസ
കോഴിക്കോട്: ഹമാസ് ഭീകരസംഘടനയാണ് എന്ന അഭിപ്രായപ്രകടനം നടത്തിയ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സെക്രട്ടറി അബ്ദുല്‍ മജീദ് സ്വലാഹിയെഅഭിനന്ദിച്ച് തീവ്ര വലതുപക്ഷ ക്രിസ്ത്യന്‍ സംഘടനയായ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍(കാസ).
ഹമാസ് എന്ന ഭീകര സംഘടനയെ സന്നദ്ധ സംഘടനയാക്കാന്‍ ഇവിടുത്തെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് അത് വിളിച്ചു പറയുന്ന മുജാഹിദ് നേതാവായ മജീദ് സലാഹിയെ പോലെയുള്ളവര്‍ ഇവിടെ നമുക്കിടയില്‍ ഉണ്ട് എന്നുള്ളത് മാത്രമാണ് ഏക ആശ്വാസം....... അഭിനന്ദനങ്ങള്‍ സഹോദരാ , ഒപ്പം താങ്കള്‍ക്ക് ദീര്‍ഘായുസ്സും നേരുന്നു- കാസയുടെ ഫേസ് ബുക്ക് പേജില്‍ കുറിക്കുന്നു. പ്രഭാഷണശകലത്തിന്റെ വീഡിയോയും കുറിപ്പിനൊപ്പം കാസ പങ്കുവെക്കുന്നു.
മുസ്‌ലിം സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് 2022 ജനുവരിയില്‍ ആലുവയില്‍ നടത്തിയ പ്രോഫ്‌കോണ്‍ സമ്മേളനത്തിലായിരുന്നു മജീദ് സ്വലാഹിയുടെ പരാമര്‍ശം.
ഹമാസ് അടക്കം ലോകത്തുടനീളമുള്ള ചെറുത്തുനില്‍പ്പ് സംഘങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നതായിരുന്നു മജീദ് സലാഹിയുടെ പ്രസംഗം. ഇത്തരം പ്രതിരോധ കൂട്ടായ്മകള്‍ മുസ്‌ലിംകള്‍ക്ക് ഭാരമാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
'ഈ രാജ്യാന്തര പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ അല്‍പ്പ നേരം നിങ്ങളോട് സംസാരിക്കേണ്ട വിഷയം മുസ്‌ലിംകളെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിരോധ ഭീകരത എന്നതാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം പ്ലാറ്റ്‌ഫോമില്‍ നിന്ന് ഉയര്‍ന്നു വന്ന് മുസ്‌ലിംകളെ ശല്യപ്പെടുത്തുന്ന ചെറുത്തുനില്‍പ്പു സംഘങ്ങളെന്ന വ്യാജേന പ്രവര്‍ത്തിക്കുന്നവരെ തിരുത്തുക എന്നതാണ് ബാധ്യത. മുസ്‌ലിംകള്‍ സൈ്വര്യമായി എവിടെയെല്ലാം ജീവിക്കുന്നുണ്ടോ അവിടങ്ങളിലെല്ലാം തന്നെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെയും മിലിറ്റന്റ് ഗ്രൂപ്പിന്റെയും പ്രവര്‍ത്തനങ്ങളെ ശക്തമായി തളച്ചിട്ടതു കൊണ്ടാണ് എന്നു കാണാന്‍ കഴിയും. ഈ മിലിറ്റന്റ് ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിതം ദുസ്സഹമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. നമ്മുടെ അയല്‍ രാജ്യങ്ങളിലേക്ക് നിങ്ങള്‍ ഒന്നു കണ്ണോടിച്ചു നോക്കൂ. ഇസ്‌ലാമിനെ ഏറ്റവും കൂടുതല്‍ പ്രതിക്കൂട്ടിലാക്കുന്നത്, ഇസ്‌ലാമിനെ ഏറ്റവും കൂടുതല്‍ പരിഹസിക്കുന്നത് പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ഉഗ്രരൂപങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ സേനകളുണ്ട്, ചെറുത്തുനില്‍പ്പ് സംഘങ്ങളുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഈ ചെറുത്തുനില്‍പ്പു സംഘങ്ങളും പ്രതിരോധ സേനകളും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാരമായിത്തീര്‍ന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.' അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയ്ക്ക് ഏറ്റവും വലിയ ശല്യവും ഭാരവുമായി തീര്‍ന്നിരിക്കുകയാണ് ഹമാസെന്നും അദ്ദേഹം ആരോപിക്കുന്നു. ഹമാസ് നേതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റിസോര്‍ട്ടിലിരുന്ന് ഫലസ്തീന്‍ ജനതയെ ഒറ്റുകൊടുക്കുകയാണ് എന്നും സലാഹി പറയുന്നു.
'അവര്‍ (ചെറുത്തുനില്‍പ്പു സേനകള്‍) ചെയ്തുകൊണ്ടിരിക്കുന്ന കൊടുംക്രൂരതയോട് മനസ്സു കൊണ്ടെങ്കിലും ചെറിയ ഒരടുപ്പം കാണിച്ചാല്‍ അവര്‍ ഇസ്‌ലാമിക സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും. അവര്‍ ഇവിടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് ജിഹാദിനെ തീവ്രവാദവുമായി കൂട്ടിച്ചേര്‍ക്കുകയാണ്. ആത്മഹത്യയെ രക്തസാക്ഷിത്വവുമായി കൂട്ടിച്ചേര്‍ക്കുകയാണ്. എന്തെല്ലാം ഇസ്‌ലാം നിരോധിച്ചിട്ടുണ്ടോ ആ കാര്യങ്ങളെയെല്ലാം തന്നെ വിവിധ രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ട് മുസ്‌ലിംകളെ കബളിപ്പിക്കുന്ന ഈ ഉഗ്രവാദികളെ തുറന്നു കാട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭീകരവാദമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം ആത്മഹത്യാ സ്‌ക്വോഡുകള്‍ മുസ്‌ലിംകള്‍ക്ക് വലിയ ബാധ്യതയാണ്- സലാഹി പറയുന്നു.
ഹമാസിനെ കുറിച്ച് ചെറുപ്പക്കാര്‍ക്ക് ഒരുപക്ഷേ സംശയമുണ്ടാകും. അവര്‍ ഫലസ്തീന്‍ ജനതയെ സംരക്ഷിക്കുന്നവരല്ലേ എന്ന്. ഫലസ്തീന്‍ ജനതയ്ക്ക് ഏറ്റവും വലിയ ശല്യവും ഭാരവുമായി തീര്‍ന്നിരിക്കുകയാണ് ഇന്ന് ഹമാസ്. അവരുടെ നേതാക്കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസോര്‍ട്ടുകളിലിരുന്ന് റിമോട്ടായി ആളുകളെ നിയന്ത്രിക്കുകയും ഫണ്ടുകള്‍ സ്വരൂപിക്കുകയും ഫലസ്തീന്‍ ജനതയെ ഒറ്റുകൊടുക്കുകയും രാഷ്ട്രീയ കളിക്കുകയും ചെയ്യുകയാണ്. അവരും പറയുന്നു ഞങ്ങള്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാണ്. പ്രതിരോധ സേനയാണ്. എന്തു ചെറുത്തുനില്‍പ്പാണ് അവര്‍ നടത്തുന്നത്. ഇസ്‌റാഈലിനെ ഇളക്കിവിട്ട് ഫലസ്തീനില്‍ ബോംബിടാനുള്ള അവസരമൊരുക്കിക്കൊടുത്ത് ഫലസ്തീനെ തന്നെ തകര്‍ക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുന്നു. അവര്‍ അരുംകൊല നടത്തുന്നതിനെ രക്തസാക്ഷിത്വവുമായി ബന്ധപ്പെടുത്തുന്നത് ഏറ്റവും വലിയ അപരാധമാണെന്നും സലാഹി പ്രഭാഷണത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."