ഷാഫി പറമ്പിലിനെ തിരികെയെത്തിക്കണം; യൂത്ത് കോണ്‍ഗ്രസില്‍ ഫുട്‌ബോള്‍ വിവാദവും പരാതികളും
കോട്ടയം: ഖത്തറില്‍ ലോകകപ്പ് കാണാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ നേതൃത്വത്തിന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതികള്‍.രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം വിവിധ ജില്ലകളില്‍ നിന്നായി ഇരുപതോളം പരാതികളാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലെത്തിയിരിക്കുന്നത്.സര്‍ക്കാരിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്ത് പ്രവര്‍ത്തകര്‍ പലരും അകത്ത് കിടക്കുമ്പോഴാണ് എം.എല്‍.എ ഫുട്‌ബോള്‍ മത്സരം ആസ്വദിക്കാന്‍ പോയിരിക്കുന്നത് എന്നാണ് പരാതികളുടെയെല്ലാം ഉള്ളടക്കം.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിന്റെ പേരില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സമരം നടത്തുമ്പോഴും പൊലിസിന്റെ തല്ല് വാങ്ങുമ്പോഴും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അര്‍ജന്റീനക്ക് വേണ്ടി ജയ് വിളിച്ച് ഖത്തറിലാണെന്നാണ് ഉയരുന്ന ആക്ഷേപം.സമരം നടത്തിയവരില്‍ പലരും പതിനാല് ദിവസത്തെ റിമാന്‍ഡിലാണ്. കോഴിക്കോട്ട് ശശി തരൂരിനെ പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനിച്ച സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ വിവാദം കോണ്‍ഗ്രസിലേക്ക് കത്തിപ്പടരാന്‍ കാരണമായതും ഷാഫി പറമ്പിലിന്റെ മൗനമാണെന്ന അഭിപ്രായം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പോലും ശക്തമാണ്. നാളുകളായി തുടരുന്ന ഈ സംഘടനാ അതൃപ്തികള്‍ക്കൊടുവിലാണ് ഷാഫി പറമ്പിലിനെതിരെ ദേശീയ നേതൃത്വത്തിന് മുന്നിലേക്ക് പരാതികളെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."