തിരശ്ശീലയില്ലാത്ത മായാജാലം
പി.കെ മുഹമ്മദ് ഹാത്തിഫ്
‘വേദിയിലല്ല, ജീവിതത്തിലെ മാജിക് കാണിക്കാനായി ഞാന്‍ കര്‍ട്ടനുയര്‍ത്തുകയാണ് ’- കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇൗ പ്രഖ്യാപനമുണ്ടായത്. ജീവിതം മുഴുവന്‍ മാജിക് എന്ന കലാരൂപത്തിന് വേണ്ടി സമര്‍പ്പിച്ച് വേദിയില്‍ വിസ്മയങ്ങള്‍ വിരിയിച്ച മാന്ത്രികന് പെട്ടെന്നൊരുനാള്‍ പ്രൊഫഷനല്‍ മാജിക് ഷോ നിര്‍ത്തുന്നുവെന്നായിരുന്നു പ്രഖ്യാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സദസുകളെ മായാലോകത്തേക്ക് കൊണ്ടുപോയ ഗോപിനാഥ് മുതുകാട് എന്ന മാന്ത്രികന് തന്റെ ജീവിതത്തിലെ 45 വര്‍ഷക്കാലത്തെ മുഴുവന്‍ സമ്പാദ്യവുമായി വണ്ടി കയറിയത് തലസ്ഥാന നഗരിയിലേക്കായിരുന്നു.
അവരെ തൊട്ടറിഞ്ഞത്...
ഭിന്നശേഷി കുട്ടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച മാജിക് ഷോയ്ക്ക് ശേഷമുള്ള അനുഭവമാണ് മുതുകാടിന്റെ ഹൃദയത്തെ നടുക്കിയത്. ഓട്ടിസവും സെറിബ്രല്‍ പാള്‍സിയും ഇന്റലക്ച്വൽ ഡിസബിലിറ്റിയുമുള്ളവരടക്കം കൗമാരം കടന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊച്ചുകുട്ടികളെ പോലെ തങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്നത് കണ്ടപ്പോഴായിരുന്നു മുതുകാട് അവരെക്കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചത്.
അന്നവിടെ ഭക്ഷണപ്പൊതിയുമായി 25 വയസ് പ്രായമുള്ള മകനു മുന്നില്‍ നിസ്സഹായാവസ്ഥയില്‍ നില്ക്കുന്ന അമ്മയോട് മുതുകാട് എന്താണെന്ന് കാര്യം തിരക്കി. ‘മകന് ഭക്ഷണം ചവയ്ക്കാനറിയില്ല, വായിലിട്ടു ചവച്ചു തുപ്പിക്കൊടുത്താൽ അവന് കഴിക്കും’. പിന്നെ ഓരോ അമ്മമാരുടെയും അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിയുമ്പോഴും അവര്‍ പറഞ്ഞത് ത്യാഗത്തിന്റെ കഥകളായിരുന്നു. ‘ഞാന്‍ മരിക്കും മുമ്പ് എന്റെ മകളെ ദൈവം കൊണ്ടു പോകണേയെന്നാണ് സാറെ ഞാന്‍ ദിവസവും പ്രാര്ഥിക്കാറ് ...’ കണ്ണുനിറഞ്ഞ് പറഞ്ഞ അമ്മയുടെ വാക്ക് മുതുകാടിന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അന്നുമുതലാണ് മുതുകാട് അവരുടെ ജീവിതത്തിലേക്ക് മാന്ത്രികച്ചെപ്പുമായി കടന്നുചെല്ലാന്‍ തീരുമാനിച്ചത്.
മാജിക് എന്ന മഹാത്ഭുതം
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും എന്ത് ചെയ്യാന്‍ കഴിയുമെന്ന ചിന്ത മുതുകാടിനെ അലട്ടിക്കൊണ്ടേയിരുന്നു. പക്ഷേ, മാജികിലൂടെ തന്നെ മറുമരുന്ന് കണ്ടുപിടിക്കാനുള്ള വഴിയാണ് അദ്ദേഹം ആദ്യം അന്വേഷിച്ചത്. അതിനായി ഓരോ മണിക്കൂറും മുതുകാട് മാറ്റിവച്ചു.
ലോകത്തിലാദ്യമായി മാജിക് പഠനത്തിലൂടെ ഭിന്നശേഷിക്കുട്ടികളുടെ ഐ.ക്യു, ഇക്യൂ ലെവല്‍ ഉയര്‍ത്തി അവരെ മുഖ്യധാരയില്‍ കൊണ്ടുവരാം എന്ന് വൈദ്യശാസ്ത്ര സഹായത്തോടെ തെളിയിക്കാന്‍ അദ്ദേഹത്തിനായി. ആ കണ്ടുപിടുത്തത്തിന് യൂനിസെഫിന്റെ പ്രശംസയും അംഗീകാരവും നേടി.
ഡിഫറന്റ് ആര്‍ട്ട് സെന്റര്‍
മാജികിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തമാക്കാമെന്ന കണ്ടുപിടുത്തം ലോകം അംഗീകരിച്ചതോടെ എങ്ങനെ അവരിലേക്ക് ഇക്കാര്യങ്ങള്‍ എത്തിക്കുമെന്നായിരുന്നു ചിന്ത. അങ്ങനെയാണ് തിരുവനന്തപുരത്ത് 2014 ല്‍ തെരുവില്‍ അലയുന്ന മജീഷ്യന്മാരെ പുനരധിവസിപ്പിക്കാനായി ആരംഭിച്ച മാജിക് പ്ലാനറ്റിനോട് ചേര്‍ന്ന് ഭിന്നശേഷി കുട്ടികള്‍ക്കായി 2019ല്‍ ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ ആരംഭിച്ചത്. അവിടേക്ക് സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതിയുമായി സഹകരിച്ച് 23 കുട്ടികളെ മാജിക് പഠിപ്പിക്കാന്‍ അദ്ദേഹം തെരഞ്ഞെടുത്തു. ആറു മാസത്തെ നിരന്തര പരിശീലനത്തിലൂടെ നാലുചുവരുകള്‍ക്കുള്ളില്‍ മാത്രം ജീവിച്ച ആ 23 പേെരയും സ്വയം പര്യാപ്തരാക്കുന്നതോടൊപ്പം തന്നെ അവരെയെല്ലാം മാന്ത്രിക ലോകത്തേക്കും മുതുകാട് വഴിതെളിച്ചു. അവര്‍ക്കായി മാജിക് പ്ലാനറ്റില്‍ സ്ഥിരവേദി സ്ഥാപിച്ചു. പ്ലാനറ്റിലെ മറ്റു ഷോകള്‍ക്കൊപ്പം ആ 23 പേരുടെ മാജിക് ഷോ കാണികളെ ത്രസിപ്പിച്ചു.
യൂനിവേഴ്സല്‍
എംപവര്‍മെന്റ് സെന്റര്‍
ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന ആശയം അറിഞ്ഞ് മുതുകാടിനെ തേടിയെത്തിയത് രണ്ടായിരത്തിലധികം ഓട്ടിസം ബാധിച്ച കുട്ടികളുടെ അപേക്ഷകളാണ്. ഇവരെയെല്ലാം സുരക്ഷിതരായി സംരക്ഷിക്കാന്‍ എന്തു ചെയ്യുമെന്ന ചോദ്യമാണ് യൂനിവേഴ്സല്‍ എംപവര്‍മെന്റ് സെന്റര്‍ (യു.ഇ.സി) എന്ന ആശയത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. ഒരു വര്‍ഷം നീണ്ട തീവ്ര പരിശ്രമത്തിന്റെ ഫലമായാണ് ആ സ്വപ്നത്തിലേക്ക് മുതുകാട് കാലെടുത്തുവയ്ക്കാന്‍ പോകുന്നത്.
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്ക് അവരവര്‍ക്കിഷ്ടപ്പെട്ട കലാമേഖല തെരഞ്ഞെടുത്ത് വിദഗ്ധ പരിശീലനം നേടി കാണികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാന്‍ ഗ്രാന്റ് തിയറ്റര്‍, കാഴ്ച-കേള്‍വി-ചലന പരിമിതര്‍ക്ക് തങ്ങളുടെ കലാവൈഭവം പ്രദര്‍ശിപ്പിക്കുന്നതിനായി മാജിക് ഓഫ് ഡാര്‍ക്നെസ്, മാജിക് ഓഫ് സൈലന്‍സ്, മാജിക് ഓഫ് മിറക്കിള്‍ എന്നീ വേദികളും ഇതിന്റെ പ്രത്യേകതയാണ്.
ചിത്രകലാ പ്രദര്‍ശനത്തിന് ആര്‍ട്ടീരിയ, ഉപകരണസംഗീതത്തിന് സിംഫോണിയ, ഗവേഷണ കുതുകികളായ കുട്ടികള്‍ക്ക് സയന്‍ഷ്യ ഗവേഷണ കേന്ദ്രം, സൈക്കോ മോട്ടോര്‍ തലങ്ങളെ സ്പര്‍ശിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള തെറാപ്പി സെന്ററുകള്‍, ഓട്ടിസം വിഭാഗക്കാരുടെ ഭയാശങ്കകള്‍ അകറ്റുവാനുള്ള ട്രെയിന്‍ യാത്ര, കായിക വികാസത്തിനായി ഡിഫറന്റ് സ്പോര്‍ട്സ് സെന്റര്‍, അത്ലറ്റിക്സ്, ഇന്‍ഡോര്‍ ഗെയിമുകള്‍ക്ക് പ്ലേഗ്രൗണ്ടുകളും ടര്‍ഫുകൾ, കാര്‍ഷികപരിപാലനത്തിലൂടെ കുട്ടികളില്‍ മാറ്റം വരുത്തുന്നതിന് വിശാലമായ ഹോര്‍ട്ടികള്‍ച്ചറല്‍ തെറാപ്പി സെന്റര്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്.
ലോകത്തെവിടെയുമുള്ള ഭിന്നശേഷിക്കാര്‍ക്ക് ഈ പദ്ധതികളുടെ പ്രയോജനം സൗജന്യമായി ലഭിക്കുന്ന തരത്തിലാണ് സെന്റര്‍ തയാറാക്കിയിരിക്കുന്നത്. അതിന്റെ ഉദ്ഘാടനം 2023 ജനുവരിയില്‍ ലോകത്തിന് സമര്‍പ്പിക്കാനൊരുങ്ങുകയാണ് മുതുകാടും സംഘവും.
200 കുടുംബത്തിന്റെ നാഥന്
‘മകളെയും കൊണ്ട് എവിടെയും പോകാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. കല്യാണ വീട്ടിലൊക്കെ പോയാല്‍; മകളെ എവിടെയും കാണിച്ചില്ലേ, ഇതു മാറില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളാണ്. അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറാന്‍ പുറത്തിറങ്ങാതെ എത്രയോ ദിവസങ്ങള്‍ അവളെയും പരിചരിച്ച് തള്ളിനീക്കിയിട്ടുണ്ട്. അങ്ങനെയാണ് മുതുകാട് സാറിന്റെ സ്ഥാപനത്തെ കുറിച്ച് കേട്ടത്. ഒഡിഷനിലൂടെ അവള് ഇവിടെയെത്തി. അവളിലെ ചിത്രകാരിയെ സാറ് കണ്ടെത്തി. സ്വന്തമായി ഭക്ഷണം പോലും കഴിക്കാനറിയാത്ത അവളിന്ന് ഇവിടെ ചിത്രം വരച്ചും അവളുടെ കാര്യങ്ങള്‍ ചെയ്തും മുന്നോട്ടുപോവുന്നു. സാറിന്റെ കനിവ് കൊണ്ട് ഞാനിവിടെ സ്വയം തൊഴില്‍ ചെയ്തും വരുമാനമുണ്ടാക്കുന്നു...’ ഇന്റലക്ച്വല്‍ ഡിസബിലിറ്റിയുള്ള 15കാരിയുടെ മാതാവിന്റെ വാക്കുകളാണിത്. ഇങ്ങനെ 200ഒാളം കുട്ടികളുടെ പിതാവും അവരുടെ കുടുംബത്തിന്റെ അത്താണിയുമാണ് ഗോപിനാഥ് മുതുകാട്. ഓരോ വിദ്യാര്‍ഥിക്കും ഏതു മേഖലയിലാണ് പ്രാവീണ്യം എന്നു കണ്ടെത്തി, അഭിരുചി അനുസരിച്ച് പഠിപ്പിച്ച് പെര്‍ഫോര്‍മര്‍ ആയി ജോലി കൊടുക്കുന്നു. കൂടാതെ അവര്‍ക്ക് കൈത്താങ്ങായി 5,000 രൂപ പ്രതിമാസം സ്റ്റൈപന്‍ഡും നല്‍കും. മാജികിനു പുറമെ യോഗ പരിശീലനം, ചെണ്ട, പഞ്ചാരിമേളം, ഡാന്‍സ്, സംഗീതം, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, സിനിമ നിര്‍മാണം, ചിത്രരചന തുടങ്ങി ശാസ്ത്ര ഗവേഷണത്തിന് അത്യാധുനിക രീതിയിലുള്ള ലാബ് വരെ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 35ഓളം അധ്യാപകരും മറ്റു ജോലിക്കാരും ഇവിടെയുണ്ട്.
കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്കുന്ന പ്രത്യേക പദ്ധതിയും ഇവിടെയുണ്ട്. 100 ഭിന്നശേഷി കുട്ടികളുടെ അമ്മമാര്‍ക്കാണ് തയ്യലടക്കം സ്വയം തൊഴില്‍ പരിശീലനം നല്‍കുന്നത്.
ഭിന്നശേഷിക്കുട്ടികള്‍ക്കായി
സര്‍വകലാശാല
യൂനിവേഴ്സല്‍ എംപവര്‍മെന്റ് സെന്ററിലെ ഭിന്നശേഷി കുട്ടികളെ ലോകമറിയുന്ന കലാകാരന്മാരും കായിക താരങ്ങളുമാക്കുക എന്നതാണ് മുതുകാടിന്റെ അടുത്ത ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ നടക്കുന്ന പാരാലിംപിക്സില്‍ എന്റെ ഒരു കുട്ടിയെ എങ്കിലും അയയ്ക്കുവാനാകുമെന്ന സ്വപ്നങ്ങളിലേയ്ക്കാണ് സഞ്ചരിക്കുന്നത്.
അല്ലെങ്കില്‍ ലോകമറിയുന്ന ഒരു വേദിയില്‍ എന്റെ കുട്ടി ഒരു കലാപ്രകടനം നടത്തുക എന്നതാണ് മുതുകാട് കാണുന്ന സ്വപ്നം.
അങ്ങനെ ലോകത്തെ എല്ലാ ഭിന്നശേഷിക്കാരും അവരെ കുറിച്ച് പഠിക്കുന്നവരും ഗവേഷണം ചെയ്യുന്നവരും എത്തുന്ന വലിയൊരു ലോകം സൃഷ്ടിക്കുക. അതിനെ ലോകമറിയുന്ന സര്‍വകലാശാലയാക്കി മാറ്റുക. അങ്ങനെ ഈ കുട്ടികളെ ലോകം മുഴുവന്‍ നെഞ്ചോട് ചേര്‍ക്കുന്ന, എവിടെയും മാറ്റിനിര്‍ത്താത്ത, എല്ലാവരും അംഗീകരിക്കുന്ന, മന്ദബുദ്ധിക്കുട്ടികളെന്ന് ആക്ഷേപിക്കാത്ത, അവരുടെ മാതാപിതാക്കളെ ഒറ്റപ്പെടുത്താത്ത വലിയൊരു ലോകത്തിലേക്കുള്ള സഞ്ചാരത്തിലാണ് മുതുകാട് എന്ന മാന്ത്രികന്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."