HOME
DETAILS

വംശീയവാദം: തത്ത്വമല്ല വേണ്ടത് നടപടിയാണ്

  
backup
September 12 2021 | 18:09 PM

5963489654320-2021
 
സത്താര്‍ പന്തലൂര്‍
 
'മനുഷ്യന് അശുദ്ധി വരുത്തുന്നത് വായ്ക്കകത്ത് ചെല്ലുന്നതല്ല, വായില്‍ നിന്ന് പുറത്ത് വരുന്നതത്രേ. അതു മനുഷ്യനെ അശുദ്ധമാക്കുന്നു'- മത്തായി സുവിശേഷത്തിലെ 15:10:11 വചനം കേരളീയ പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്ന് ഓര്‍മിപ്പിക്കേണ്ടി വന്നിരിക്കുന്നു. ഇതര മതസ്ഥരെ നശിപ്പിക്കാന്‍ കേരളത്തിലെ മുസ്‌ലിംകള്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമായി ഇറങ്ങിയിട്ടുണ്ടെന്ന അടിസ്ഥാന രഹിതമായ ആരോപണം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചിരിക്കുന്നു. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാള്‍ വേദിയിലാണ് ബിഷപ്പ് കല്ലറങ്ങാട്ട് വിദ്വേഷജനകമായ പ്രസംഗം നടത്തിയത്. മതനിരപേക്ഷ വാദികളായ ഇതര ക്രൈസ്തവ സഭാ വൈദികര്‍ അടക്കമുള്ളവര്‍ ഈ വിദ്വേഷ പ്രസംഗത്തിനെതിരേ നിലപാടെടുത്തു. നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തുടങ്ങിയ വ്യക്തികളും സംഘടനകളും ബിഷപ്പിനെ അപലപിച്ചു. കേരളത്തില്‍ നര്‍ക്കോട്ടിക്ക് ജിഹാദ് നടക്കുന്നുണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ പ്രതികരിച്ചു. ബിഷപ്പിന്റെ ആരോപണം പണ്ട് ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍ പയറ്റിയ തന്ത്രം പോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. അതിരുകടന്നതും മതസ്പര്‍ധയുണ്ടാക്കുന്നതുമാണ് ബിഷപ്പിന്റെ വാക്കുകളെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശനും പ്രസ്താവനയിറക്കി.
 
 എന്നാല്‍ മതനിരപേക്ഷ കേരളത്തിന്റെ പ്രതിഷേധങ്ങളെ അപ്പാടെ തള്ളി കൂടുതല്‍ സഭാപിതാക്കള്‍ വിദ്വേഷ പ്രഘോഷണം നടത്തുന്നതാണ് പിന്നെ കണ്ടത്. പാലാ ബിഷപ്പിന്റെ അതേ വാക്കുകളാണ് ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനും പ്രയോഗിച്ചത്. കത്തോലിക്കാസഭ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നതാണ് ഈ വിദ്വേഷ പ്രചാരണമെന്ന് ശനിയാഴ്ച പുറത്തിറങ്ങിയ സംഘടനാ മുഖപത്രം മറിച്ചുനോക്കിയതോടെ വ്യക്തമായി. പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അപ്പാടെ ദീപികയുടെ എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒപ്പം നര്‍ക്കോട്ടിക് ജിഹാദ് വിശദീകരിക്കുന്ന ഫാദര്‍ സൈമണ്‍ വര്‍ഗീസിന്റെ ലേഖന പരമ്പരയും തുടങ്ങിയിരിക്കുന്നു. 'അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ' എന്ന തലക്കെട്ടില്‍ ബിഷപ്പിനെ അപലപിച്ചവരെ അധിക്ഷേപിച്ച് ഒരു മുഖപ്രസംഗവുമുണ്ട്. ഇത്രയും വിശദീകരിച്ചത്, ബിഷപ്പ് കല്ലറങ്ങാട്ടിന്റെ വിഷപ്രയോഗം ഒറ്റപ്പെട്ടതോ യാദൃച്ഛികമോ അല്ലെന്ന് വ്യക്തമാക്കാനാണ്. കത്തോലിക്കാസഭയുടെ സുചിന്തിത നിലപാടായി കല്ലറങ്ങാട്ടിന്റെ വാക്കുകളെ എടുക്കാന്‍ കേരളീയ സമൂഹം നിര്‍ബന്ധിതമാകുകയാണ്.
 
 ക്രൈസ്തവ പെണ്‍കുട്ടികളെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് നശിപ്പിക്കുന്ന നര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് ആഭ്യന്തരം നിയന്ത്രിക്കുന്ന മുഖ്യമന്ത്രി പോലും അറിയില്ലെന്നാണ് പറയുന്നത്. പിന്നെ എങ്ങനെയാണ് സത്യസാക്ഷ്യം നടത്തേണ്ട കുറുവിലങ്ങാട് ബിഷപ്പിന് ഇത്തരമൊരു വിവരം ലഭിച്ചത്. മയക്കുമരുന്ന് കേസുകളില്‍ ഇതര മതസ്ഥരായ ആണിനും പെണ്ണിനുമൊപ്പം മുസ്‌ലിം പേരുകാരായ പുരുഷന്മാരും പ്രതികളായി വരുന്നു എന്നതാണോ പിതാവിന്റെ പ്രശ്‌നം. ക്രൈസ്തവ പെണ്‍കുട്ടികളെ നശിപ്പിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഗൂഢ പദ്ധതിയുണ്ടെന്ന് പറയാന്‍ ബിഷപ്പ് അവലംബിച്ച വിവരങ്ങള്‍ സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം വൈദിക വസ്ത്രമണിഞ്ഞ് വംശീയാധിക്ഷേപം നടത്തിയെന്ന് തന്നെ പറയേണ്ടിവരും. ബിഷപ്പ് ഈ ആരോപണവുമായി രംഗത്ത് വന്നതുമുതല്‍ കേരളത്തിന്റെ പൊതു ഇടങ്ങളില്‍ ഉയര്‍ന്ന് വരുന്ന ഒരു ചോദ്യമാണ്, ഈ 'ഗുരുതര' വിഷയത്തിന്റെ തെളിവെന്തെന്ന്? കേരളത്തില്‍ വര്‍ധിച്ചു വരുന്ന മയക്കുമരുന്നു വിപണനവും ഉപയോഗവുമാണ് ഇതിന്റെ മറുപടി! അതിലെവിടെ മതവും സമുദായവും?
സംഘ്പരിവാര്‍ നടത്തുന്ന മുസ്‌ലിം വിദ്വേഷപ്രചാരണം ഒരു പതിറ്റാണ്ടെങ്കിലുമായി കത്തോലിക്കാസഭയും ഏറ്റുപിടിക്കുകയാണ്. അഭ്യസ്തവിദ്യരായ സഭാ പിതാക്കള്‍ സംഘ്പരിവാര്‍ കെണിയില്‍ കുടുങ്ങിയത് അപകടകരമായ സ്ഥിതിവിശേഷം കേരളത്തിലുണ്ടാക്കും. നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയുകയും അത് ആവര്‍ത്തിച്ച് സത്യമാക്കുകയും ചെയ്യുന്ന കൊടുംപാപികളുടെ ഗണത്തില്‍ അജപാലകരെ കാണുന്നത് സങ്കടകരമാണ്. ഹിന്ദുത്വ ഫാസിസത്തിന്റെ ഇരകളായ ക്രൈസ്തവരും മുസ്‌ലിംകളും പോരടിക്കേണ്ടിവരുന്ന സാഹചര്യം ആത്മഹത്യാപരമല്ലാതെ മറ്റൊന്നുമല്ല. ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ സ്റ്റാന്‍ സ്വാമി വരെ ഹിന്ദുത്വ ഫാസിസം അറുകൊല ചെയ്ത ഇരകളുടെ സമുദായത്തിലെ അംഗങ്ങളാണ് ബിഷപ്പ് കുറുവിലങ്ങാടും കര്‍ദിനാള്‍ ആലഞ്ചേരിയും. വംശഹത്യാഭീഷണി നേരിടുന്ന രണ്ട് സമുദായങ്ങള്‍ തമ്മിലടിച്ച് തീര്‍ന്നാല്‍ പിന്നെ ഫാസിസ്റ്റുകളുടെ പണി എളുപ്പമായി. സമൂഹത്തിന്റെ പുരോഗതിക്ക് അതുല്യസംഭാവനയര്‍പ്പിച്ച കത്തോലിക്കാസഭ അത്തരം പടുവിഡ്ഢിത്തങ്ങള്‍ ചെയ്യുമെന്ന് വിശ്വസിക്കാന്‍ ഇപ്പോഴുമാകുന്നില്ല. ഇതെഴുതുമ്പോള്‍ വന്നൊരു വാര്‍ത്ത ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ വ്യാപകമായി അക്രമിക്കപ്പെടുന്നുവെന്ന ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ടാണ്. പത്തു ദിവസത്തിനുള്ളില്‍ വ്യത്യസ്തമായ പത്തോളം പീഡനങ്ങള്‍ നടന്നുവെന്നും ഇവിടെ ക്രിസ്ത്യാനികളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നുമാണ്. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിയമപ്രകാരം തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് 71 പാസ്റ്റര്‍മാര്‍ പൊലിസ് കസ്റ്റഡിയിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അപ്പോഴും സംഘ്പരിവാര്‍ ഭാഷ്യങ്ങള്‍ സഭ ഏറ്റുപിടിക്കുന്നുവെന്നതാണ് ഏറെ കൗതുകകരം. 
 
ലൗ ജിഹാദിന്റെ പേരില്‍ പരമ്പരയെഴുതി വിദ്വേഷം പരത്തിയതില്‍ സഭാ മുഖപത്രം വലിയ പങ്കുവഹിച്ചു. അമ്പതോളം വിവാഹങ്ങള്‍ പ്രത്യേകം അന്വേഷിച്ച് ഒന്നും കണ്ടെത്താനാകാതെ പരാതി തള്ളിയിട്ടും ലൗ ജിഹാദ് പ്രചാരണം ഇപ്പോഴും ക്രൈസ്തവ നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. ധ്യാനവേദികളിലും മറ്റും വൈദികര്‍ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നതും സ്ഥിരമായി. സൗമ്യശീലരായ ക്രൈസ്തവരില്‍ വെടിമരുന്ന് നിറക്കുന്ന പണികളാണ് ഇവരില്‍ പലരും ചെയ്തത്. സഭാ സ്‌കൂളുകളില്‍ ശിരോവസ്ത്ര വിലക്ക് പോലുള്ള മുസ്‌ലിം വിരുദ്ധ നടപടികള്‍ ഇപ്പോഴും തുടരുന്നു. എന്നാല്‍ ലൗ ജിഹാദ് കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തള്ളിക്കളഞ്ഞ ആരോപണമാണ്. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ലൗ ജിഹാദ് ആരോപണത്തെ പൂര്‍ണമായും തള്ളി. കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മിറ്റിയിലെ അംഗം കൂടിയാണ് ഇപ്പോള്‍ ജേക്കബ് പുന്നൂസ് എന്നത് ശ്രദ്ദേയമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും മറിച്ചൊരു തെളിവ് നിരത്താന്‍ കഴിഞ്ഞില്ല. പാര്‍ലമെന്റില്‍ ബെന്നി ബഹനാന്‍ എം.പിയുടെ ലൗ ജിഹാദിനെ കുറിച്ചുചോദ്യത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് യാതൊരു തെളിവുമില്ലെന്ന് പറയേണ്ടി വന്നു. എന്നിട്ടും തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ബി.ജെ.പിയും അവസരം കിട്ടുമ്പോഴേല്ലാം ചില സഭാ മേലധികാരികളും ലൗ ജിഹാദെന്ന ഇല്ലാ കഥ പ്രചരിപ്പിച്ചു കൊണ്ടേയിരുന്നു. ഈ ഘട്ടത്തിലൊന്നും വിദ്വേഷ സ്വഭാവത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുസ്‌ലിം സമുദായം ശ്രദ്ധിച്ചിട്ടുണ്ട്. ഈ സൂക്ഷ്മത കൈവിടരുതെന്ന ജാഗ്രതയും  മുസ്‌ലിം സമുദായത്തിനുണ്ട്.  അധികാരത്തിലും വിഭവ പങ്കാളിത്തത്തിലും ഏറെ മുന്നിലുള്ള ക്രൈസ്തവ സമുദായത്തിന്റെ നേതൃത്വം ഉയര്‍ന്ന നിലവാരത്തില്‍ തന്നെ പ്രതികരിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിടുന്നുമില്ല.
 
പിന്നോക്കം നിന്നിരുന്ന മുസ്‌ലിം സമുദായത്തിന് പ്രവാസവും കഠിനാധ്വാനവും സമ്മാനിച്ച പുരോഗതി ഒരു സത്യമാണ്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്ക് അതിലുള്ള അസൂയയയും മനസ്സിലാക്കാം. എന്നാല്‍ ഫാസിസ്റ്റുകളുടെ ഹിറ്റ്‌ലിസ്റ്റിലുള്ള കത്തോലിക്കാസഭ ഹിന്ദുത്വവാദികളുടെ വഴിയില്‍ സഞ്ചരിക്കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കലാണ്. ബിഷപ്പിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിയും രൂക്ഷമായാണ് പ്രതികരിച്ചത്. ആ പ്രസ്താവനയിലെ അപകടം തിരിച്ചറിഞ്ഞ പ്രതികരണങ്ങളാണ് എല്ലാ ഭാഗത്തുനിന്നും ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസിന്റെ പാലാ മണ്ഡലം കമ്മിറ്റി ബിഷപ്പിനെ പിന്തുണച്ചത് സംസ്ഥാന കമ്മിറ്റി തള്ളിക്കളയുകയും ചെയ്തു. എന്നാല്‍ ആദ്യദിവസത്തെ കൃത്യതയും സൂക്ഷ്മതയുമല്ല വിവാദം മുന്നോട്ടുപോകുമ്പോള്‍ കാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെട്ട ക്രൈസ്തവര്‍ക്കിടയിലെ  മുസ്‌ലിം വിരുദ്ധത, ഒരു ദീര്‍ഘകാല നിക്ഷേപമായി നിലനിര്‍ത്തണമെന്ന രാഷ്ട്രീയലക്ഷ്യം ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് അപകടകരമാണ്. മുഖ്യമന്ത്രി തത്ത്വം പറഞ്ഞതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരെന്ത് നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുമില്ല. വിദ്വേഷ പ്രചാരണത്തിനെതിരായ പരാതികളില്‍ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടുമില്ല. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് പോറലേല്‍ക്കുന്ന ഈ വിഷയത്തെ സര്‍ക്കാര്‍ സഗൗരവം കണ്ടേ മതിയാവൂ. ബിഷപ്പില്‍ നിന്ന് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ നടപടിയുണ്ടാവണം. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ഇത് വളര്‍ന്നു കൂടാ. ഈ പ്രശ്‌നത്തിലെ ശരിതെറ്റുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണം. ഇരു സമുദായങ്ങളിലും ഇതിനെ വൈകാരികമായി കൈകാര്യം ചെയ്തു മുതലെടുപ്പ് നടത്താന്‍ അവസരം ഉണ്ടായിക്കൂടാ.
 
 ആദ്യ ദിനം അതിരൂക്ഷമായി പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഇരുവിഭാഗവും സംയമനം പാലിക്കണമെന്നാണ് തുടര്‍ന്ന് ആഹ്വാനം ചെയ്തത്. ഏകപക്ഷീയമായ വിദ്വേഷ പ്രചാരണത്തിനെതിരേ ഉയരുന്ന എതിര്‍ സ്വരങ്ങളെ അതിനോട് ചേര്‍ത്തുവച്ച് സമീകരിക്കുന്നത് ബിഷപ്പിന്റെ വംശീയവാദത്തെ പിന്തുണക്കുന്നതിന് തുല്യമാണ്. അതിനാല്‍ ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മവും സത്യസന്ധവും ആര്‍ജവവുമുള്ള നിലപാട് സ്വീകരിക്കുകയും അത് പിന്തുടരുകയും വേണം. ബിഷപ്പിനെ പിന്തുണച്ച് ബി.ജെ.പി പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ വിശേഷിച്ചും.
 
കുറുവിലങ്ങാട് ബിഷപ്പ് ഉന്നയിച്ച കാര്യങ്ങള്‍ അടിസ്ഥാനരഹിതവും മുസ്‌ലിംവിരുദ്ധവുമാണ്. സഭയുടെ യഥാര്‍ഥ ആശങ്ക എന്താണെന്ന് തുറന്നു പറയണം. ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതാണെങ്കില്‍ അതിന് വഴിയൊരുക്കണം. വിദ്വേഷ പ്രചാരണം ഒരു പോംവഴിയാണെന്ന് ക്രൈസ്തവപാഠങ്ങളില്‍ കാണാനാകില്ല. യഥാര്‍ഥ വിശ്വാസികള്‍ ആ വഴിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ചില ക്രൈസ്തവ സംഘടനകള്‍ വിവാദമാക്കിയത്  കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തല്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമാണ്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയും ഉദ്യോഗ പ്രാതിനിധ്യവും പരിശോധിക്കുമ്പോള്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച ഇത്തരമൊരു സ്‌കോളര്‍ഷിപ്പില്‍ പത്ത് വര്‍ഷത്തിന് ശേഷം കടിച്ചു തൂങ്ങേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. പക്ഷേ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞു ഇരു മുന്നണികളും തങ്ങളുടെ ആവശ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുവെന്ന് മാത്രം. 
 
എന്നാല്‍ ഈ സാഹചര്യത്തിലും കേരളത്തിലെ മുസ്‌ലിം - ക്രൈസ്തവ നേതാക്കളുടെ സംഭാഷണത്തിന് സാധ്യത നഷ്ടപ്പെട്ടിട്ടില്ല. പലപ്പോഴും അത്തരം സംഭാഷണങ്ങള്‍ നേരത്തെ നടന്നിട്ടുള്ളതുമാണ്. സഭ നേരിടുന്ന ആഭ്യന്തര പ്രതിസന്ധികള്‍ക്ക് പരിഹാരമായി മുസ്‌ലിം ശത്രുവിനെ നിര്‍മിക്കാനുള്ള ഗൂഢ പദ്ധതി ഈ വിവാദത്തില്‍ പലരും സംശയിക്കുന്നുണ്ടെങ്കിലും  അതും തുറന്ന ചര്‍ച്ചകള്‍ക്ക് തടസ്സമല്ല. തുറന്ന മനസ്സോടെ ആശയ സംവാദത്തിന് തയാറാകുമെങ്കില്‍ മുസ്‌ലിം സമുദായം അതിനൊപ്പമുണ്ടാകും. മറിച്ച് വേട്ടയാടാനുള്ള ഗൂഢ നീക്കമാണെങ്കില്‍ അതിനെതിരേ പ്രതിരോധവുമുണ്ടാകും. ക്രൈസ്തവര്‍ക്കിടയില്‍നിന്ന് തന്നെയാകും ആ പ്രതിരോധം രൂപപ്പെടുകയെന്ന് കഴിഞ്ഞ ദിവസങ്ങളിലെ പല പ്രതികരണങ്ങളില്‍ നിന്നും ബോധ്യവുമാണല്ലൊ. 
 
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago