പനിക്കിടക്കയിൽ കേരളം, വേണ്ടത് പ്രതിരോധവും ബോധവൽക്കരണവും
കേരളം വീണ്ടും പനിക്കിടക്കയിലേക്ക് നീങ്ങുകയാണ്. മഞ്ഞുകാലം തുടങ്ങിയപ്പോൾ തന്നെ ഇൻഫ്ളുവൻസ എന്ന വൈറൽ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടി. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമെല്ലാം പ്രതിദിനം പതിനായിരങ്ങളാണ് എത്തുന്നത്. കഴിഞ്ഞ മാസം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനി ബാധിച്ചെത്തിയത് മൂന്നര ലക്ഷത്തോളം പേരാണ്. ക്ലിനിക്കുകളുടെ കണക്കുകൂടി ചേർത്താൽ ഇനിയും കൂടും. കൊവിഡ് നീങ്ങിയതിനു പിന്നാലെ രോഗപ്രതിരോധ മാർഗങ്ങളിൽ നിന്ന് മലയാളി പിന്നോട്ടുപോയതും കാലാവസ്ഥയിലെ മാറ്റവുമെല്ലാം വൈറൽ പനി പടരാൻ ഇടയാകുന്നു. സ്‌കൂളുകൾ തുറന്നതോടെ കുട്ടികളിലും പനി രൂക്ഷമാണ്. രോഗപ്രതിരോധശേഷി കുറവുള്ളവരിലാണ് സാധാരണ ഇൻഫ്ളുവൻസ വൈറസ് എളുപ്പത്തിൽ രോഗമുണ്ടാക്കുന്നത്. ന്യൂമോണിയ പോലുള്ള രീതിയിൽ ഇത് ചിലരെ ബാധിച്ചേക്കാം. കൊവിഡ് ബാധിച്ചവരും പ്രായമായവരും അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരും വൈറൽ പനിയെ ജാഗ്രതയോടെ സമീപിക്കണം.
പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റമാണ് രോഗം അതിവേഗത്തിൽ പടരാൻ ഇടയാക്കിയതെന്നാണ് ആരോഗ്യവിദഗ്ധർ സംശയിക്കുന്നത്. സംസ്ഥാനത്ത് വൃശ്ചിക തണുപ്പ്, മഞ്ഞ് എന്നിവ ഏതാനും ദിവസമായി ശക്തമാണ്. മൂടൽമഞ്ഞും ഇടക്കിടെയുള്ള മഴയും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലമാക്കുന്നു. ഈ അവസരം മുതലെടുത്ത് വൈറസുകളും മറ്റു രോഗാണുക്കളും ശരീരത്തിൽ പ്രവേശിക്കുന്നു. ആരോഗ്യകാര്യത്തിൽ ശ്രദ്ധയില്ലായ്മയുള്ളവരിൽ വേഗത്തിൽ രോഗം വരുന്നു. കൊവിഡ് കാലത്ത് പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കുന്നതും കൈകൾ ഇടക്കിടെ അണുവിമുക്തമാക്കുന്നതും പതിവായിരുന്നു. കൊവിഡ് കുറഞ്ഞതോടെ ആ പതിവ് ഇല്ലാതായി. പൊതു ഇടങ്ങളിലെ സമ്പർക്കം കൂടുകയും ചെയ്തു.
ഇൻഫ്ളുവൻസ എന്ന ഫ്ളു വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് പകരുന്നത്. രോഗമുള്ള ഒരാളുടെ ശരീരസ്രവങ്ങളിൽ രോഗാണുവുണ്ടാകും. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ അത് വായുവിൽ പടരും. തൊട്ടടുത്തുള്ളയാൾക്ക് രോഗപ്രതിരോധശേഷി കുറവാണെങ്കിൽ ഏതാനും ദിവസത്തിനകം അയാളിലും രോഗം പ്രത്യക്ഷപ്പെടും. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുന്നതും ആണ് രോഗം തടയാനുള്ള എളുപ്പ മാർഗം. പലപ്പോഴും പലയിടത്തും തൊട്ട കൈകൊണ്ട് മുഖത്തും മറ്റും സ്പർശിക്കുക പതിവാണ്. ഭക്ഷണം കഴിക്കാനെത്തുമ്പോൾ സോപ്പോ മറ്റോ ഉപയോഗിക്കാതെ സാധാരണ വെള്ളത്തിൽ കൈ നനച്ച് ഭക്ഷണം കഴിക്കുന്നതാണ് മിക്കവരിലെയും പതിവ്. ഇതെല്ലാമാണ് രോഗം ക്ഷണിച്ചുവരുത്തുന്നത്. സോപ്പിനോ ഐസോപ്രൊപ്പൈൽ ആൽക്കഹോളിനോ വൈറസിനു പുറത്തുള്ള ആവരണത്തെ നശിപ്പിക്കാനും അതുവഴി വൈറസിനെ കൊല്ലാനുമുള്ള കഴിവുണ്ട്.
ശൈത്യകാലത്ത് ഇൻഫ്ളുവൻസ മാത്രമല്ല മറ്റു പകർച്ചവ്യാധികളും പടരുന്നുണ്ട്. ചെങ്കണ്ണ് എന്നറിയപ്പെടുന്ന കൺജക്ടിവിറ്റിസ് എന്നിവയും പടരുന്നുണ്ട്. കൈകളിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുന്നത് രോഗം തടയാൻ സഹായകമാണ്. രോഗം വന്നാൽ ചികിത്സയും പൂർണ വിശ്രമവുമാണ് ആവശ്യം. ആവശ്യമായ പോഷകാഹാരം കഴിക്കുകയും വേണം. രോഗം ഗുരുതരമാകാതിരിക്കാനും പെട്ടെന്ന് സുഖപ്പെടുന്നതിനും വേണ്ടിയാണിത്. പനി കുറഞ്ഞെന്ന് കരുതി വിശ്രമം മതിയാക്കി ദേഹാധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നത് പനി മരണങ്ങൾക്കും മറ്റും കാരണമാകാറുണ്ട്. രോഗാണു ശരീരത്തിൽ നിന്ന് പൂർണമായി ഇല്ലാതാകുന്നതുവരെ കാത്തിരിക്കണമെന്ന് പറയുന്നത് ഇത്തരം കാരണങ്ങളിലാണ്.
കേരളത്തിലെ ജനസാന്ദ്രതയും പകർച്ചവ്യാധികൾ പടരുന്നതിന് മറ്റൊരു കാരണമാണ്. കേരളത്തിൽ കാലാവസ്ഥയിൽ ഇടയ്ക്കിടെ മാറ്റമുണ്ടാകുന്നതിനനുസരിച്ച് വരാൻ സാധ്യതയുള്ള രോഗങ്ങളെക്കുറിച്ചും അവ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്നുമുള്ള അവബോധം ജനങ്ങൾക്ക് നൽകുന്നതിൽ ആരോഗ്യവകുപ്പും പലപ്പോഴും പരാജയമാണ്. ആശുപത്രികൾക്ക് സമീപം പോസ്റ്റർ പതിച്ചതുകൊണ്ട് ജനങ്ങളിലേക്ക് ആരോഗ്യ അവബോധം എത്തില്ല. മാധ്യമങ്ങളിലൂടെയും ജനങ്ങളിൽ പരമാവധി എത്തുന്ന സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയുമെല്ലാം രോഗപ്രതിരോധ സംവിധാനത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ വേണ്ടത്.
രോഗം വ്യക്തിയെ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തുന്നു. പല രോഗങ്ങളുടെയും ശേഷിപ്പുകൾ തുടരുകയും ചെയ്യും. പൊതുജനാരോഗ്യത്തിൽ ചികിത്സയ്ക്ക് മാത്രമല്ല ബോധവൽക്കരണത്തിലും പ്രാധാന്യമുണ്ട്. എങ്ങനെ രോഗം വരുമെന്നോ പ്രതിരോധിക്കാമെന്നോ സാധാരണക്കാരന് അറിയണമെന്നില്ല. രോഗം വന്ന ശേഷം ചികിത്സിക്കാം എന്ന നയം തിരുത്തപ്പെടേണ്ടതാണ്.
നമ്മുടെ ആശുപത്രികൾ ജനസംഖ്യാനുപാതത്തിൽ നിർമിച്ചവയല്ല. സർക്കാരിന് കുറച്ച് രോഗികൾക്ക് മാത്രമേ ചികിത്സ നൽകാനുള്ള സൗകര്യമുള്ളൂ. കൂടുതൽ പേരും സ്വകാര്യമേഖലയെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ രോഗം ഇല്ലാതാക്കാനുള്ള പരമാവധി മുൻകരുതലും പരിശീലനങ്ങളും ശീലങ്ങളുമാണ് വേണ്ടത്. അതിന് ആരോഗ്യവകുപ്പുതന്നെ മുൻകൈയെടുക്കണം. ജനങ്ങൾ ബോധവാന്മാരായാൽ രോഗം പടരുന്നത് വലിയ തോതിൽ കുറയ്ക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."